ജെറുസലേം: ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ചൊവ്വാഴ്ച ഗാസയിലെ പല പ്രദേശങ്ങളിലായി കുറഞ്ഞത് മൂന്ന് വ്യോമാക്രമണങ്ങള്‍ നടത്തിയതായി പ്രദേശിക സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.
ഹമാസുമായി ഒപ്പുവെച്ച സമാധാനകരാറിന് ആഴ്ചകള്‍ക്കു ശേഷമാണ് ഗാസയില്‍ വീണ്ടും പൊട്ടിത്തെറികള്‍.
ഹമാസിനെതിരെ 'തീവ്രമായ ആക്രമണം ഉടന്‍ ആരംഭിക്കണം' എന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സൈന്യത്തോട് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണിത്.
'വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടായിട്ടും ഇസ്രയേല്‍ അധിനിവേശ സേന ഗാസയെ ലക്ഷ്യമാക്കി മൂന്നു വ്യോമാക്രമണങ്ങള്‍ നടത്തിയെന്ന് ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്മൂദ് ബസ്സാല്‍ എ.എഫ്.പിയോട് പറഞ്ഞു.
അതേസമയം, 'ഗാസയില്‍ ഹമാസ് ഐ.ഡി.എഫ് സൈനികരെ ആക്രമിച്ചു എന്ന് ഇസ്രയേല്‍ പ്രതിരോധമന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആരോപിച്ചു. തടവുകാരുടെ മൃതദേഹങ്ങള്‍ തിരികെ നല്‍കാനുള്ള കരാര്‍ ലംഘിച്ചതിനും സൈനികരെ ആക്രമിച്ചതിനും ഹമാസ് കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
'ഹമാസ് ഇന്ന് ഐ.ഡി.എഫ് സേനയെ ആക്രമിച്ചതിലൂടെ വ്യക്തമായ ചുവന്ന രേഖ കടന്നിരിക്കുകയാണ്. അതിന് ശക്തമായ മറുപടി നല്‍കും.' കാറ്റ്‌സിന്റെ ഓഫീസ് പുറത്തുവിട്ട പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു:
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മധ്യസ്ഥതയിലായിരുന്നു സമാധാന കരാര്‍ ഒപ്പുവെച്ചത്. എന്നാല്‍, ഹമാസ് അതു ലംഘിച്ചുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന്, തടവുകാരുടെ മൃതദേഹങ്ങള്‍ കൈമാറാനുള്ള നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി അവര്‍ അറിയിച്ചു.
ഇതിനിടെ, ഇസ്രയേല്‍ സൈന്യം ഹമാസിനെതിരെ പുതിയ ആരോപണവും ഉന്നയിച്ചു. മുമ്പ് മറവുചെയ്ത ബന്ദികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനുവേണ്ടി ഹമാസ് നടത്തുന്ന തിരച്ചില്‍ വ്യാജമാണെന്നും ഒരു കെട്ടിടത്തിനുള്ളില്‍ അവര്‍ മറവുചെയ്തിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി മറവുചെയ്തുവെന്നും ഐ.ഡി.എഫ് ആരോപിച്ചു.
ഇതിന് തെളിവായി ഡ്രോണ്‍ ദൃശ്യങ്ങളും പുറത്ത് വിട്ടതായി സൈന്യം അറിയിച്ചു.
വെടിനിര്‍ത്തല്‍ കരാര്‍ ഒക്ടോബര്‍ 10 മുതല്‍ പ്രാബല്യത്തില്‍ വന്നതിനു ശേഷം, ഹമാസ് 28 തടവുകാരുടെ മൃതദേഹങ്ങളില്‍ 16 എണ്ണം കൈമാറിയതായി മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍, ഇസ്രയേല്‍ ഫോറന്‍സിക് വിഭാഗത്തിന്റെ വിദഗ്ധ പരിശോധനയില്‍, ഹമാസ് കൈമാറിയത് രണ്ടുവര്‍ഷം മുമ്പ് തിരികെ നല്‍കിയ മൃതദേഹത്തിന്റെ ഭാഗിക അവശിഷ്ടം മാത്രമാണെന്ന് കണ്ടെത്തി.
ഇതോടെ ഹമാസ് കരാര്‍ ലംഘിച്ചതായി നെതന്യാഹുവിന്റെ ഓഫീസും തടവുകാരുടെ ബന്ധുക്കളുടെ സംഘടനകളും കുറ്റപ്പെടുത്തി.
ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപണം; ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രയേല്‍
