പി.എം ശ്രീയിൽ സി.പി.ഐ-സിപിഎം സമവായം; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും

പി.എം ശ്രീയിൽ സി.പി.ഐ-സിപിഎം സമവായം; മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കും


തിരുവനന്തപുരം: സിപിഎമ്മും സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറായതോടെ, പിഎം ശ്രീ പദ്ധതിയില്‍ സമവായ സാധ്യത തെളിഞ്ഞു.  സിപിഐയുടെ എതിര്‍പ്പ് കണക്കിലെടുത്ത് പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന് സിപിഎം നേതൃത്വം തീരുമാനിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയക്കും. പിഎം ശ്രീ പദ്ധതിയുടെ പല മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും കേരളത്തിന് അംഗീകരിക്കാനാകില്ല. അതില്‍ ഇളവു വേണം. എങ്കില്‍ മാത്രമേ പദ്ധതിയുമായി മുന്നോട്ടു പോകൂ എന്നു ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കത്തയക്കാനാണ് തീരുമാനമായിട്ടുള്ളത്. പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ഉപസമിതി രൂപീകരിക്കും.

നവംബര്‍ രണ്ടാം തീയതി ( ഞായറാഴ്ച ) ഇടതുമുന്നണി യോഗം ചേരാനും ധാരണയായിട്ടുണ്ട്. ഈ യോഗത്തില്‍ പദ്ധതിയില്‍ എന്തെല്ലാം മാനദണ്ഡങ്ങളിലാണ് മാറ്റം വേണ്ടത്, എന്തെല്ലാം കാര്യങ്ങളിലാണ് ഇളവ് വേണ്ടത് തുടങ്ങിയ വിഷയങ്ങള്‍ എല്‍ഡിഎഫില്‍ വിശദമായി ചര്‍ച്ച ചെയ്യും. ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയുടെ തുടർനടപടികളിൽ തീരുമാനമെടുക്കുക. ഇക്കാര്യം എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ അറിയിച്ചു.

സിപിഎമ്മിന്റെ സമവായ നിര്‍ദേശങ്ങള്‍ സിപിഐ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ വൈകീട്ട് 3.30 ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ പങ്കെടുക്കും. പിഎം ശ്രീ പദ്ധതിയില്‍ സിപിഎം മുന്‍നിലപാടില്‍ നിന്നും പിന്നോട്ടു പോയതും, മന്ത്രിസഭായോഗത്തില്‍ നിന്നും മന്ത്രിമാര്‍ വിട്ടു നില്‍ക്കുന്നത് ഭരണപരമായ പ്രതിസന്ധി ഉണ്ടാക്കുമെന്നതും കണക്കിലെടുത്താണ്, കാബിനറ്റില്‍ പങ്കെടുക്കാന്‍ സിപിഐ സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതിന് വിട്ടുനില്‍ക്കല്‍ പ്രതിബന്ധമാകും. കൂടാതെ പ്രതിപക്ഷത്തിന് രാഷ്ട്രീയമായി ഒരായുധം നല്‍കുന്ന നടപടിയാകുമെന്നും സിപിഐ നേതൃയോഗം വിലയിരുത്തി.