ലാഗോസ്: 1986-ലെ സാഹിത്യ നൊബേല്‍ ജേതാവും പ്രശസ്ത നൈജീരിയന്‍ എഴുത്തുകാരനുമായ വോളെ സോയിങ്കാ തന്റെ വിസ ലാഗോസിലെ യു എസ് കോണ്‍സുലേറ്റ് റദ്ദാക്കിയതായി അറിയിച്ചു. ഡോണാള്‍ഡ് ട്രംപ് 2016-ല്‍ വൈറ്റ് ഹൗസിലെത്തിയതു മുതല്‍ അദ്ദേഹം ട്രംപിനെതിരെ തുറന്ന വിമര്‍ശനങ്ങള്‍ നടത്തിവരികയായിരുന്നു.
ലാഗോസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ തന്റെ വിസ റദ്ദാക്കിയതില്‍ വളരെ തൃപ്തനാണെന്ന് സോയിങ്കാ പറഞ്ഞു.
ട്രംപ് ആദ്യമായി പ്രസിഡന്റായ 2016ല്‍ തന്നെ യു എസില്‍ സ്ഥിരതാമസാവകാശമുള്ള ഗ്രീന്‍ കാര്‍ഡ് അദ്ദേഹം പൊളിച്ചെറിഞ്ഞിരുന്നു.
ഈ വര്‍ഷം ആദ്യം ലാഗോസിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അദ്ദേഹത്തെ അഭിമുഖത്തിനായി വിളിച്ച് വിസ പുനഃപരിശോധന നടത്തിയതായും സോയിങ്കാ പറഞ്ഞിരുന്നു.
നൈജീരിയന്‍ തലസ്ഥാനമായ അബുജയിലെ യു എസ് എംബസി ഇതുവരെ ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.
എ എഫ് പി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് വോളെ സോയിങ്കയ്ക്കു നല്‍കിയ കത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് നിയമങ്ങള്‍ ചൂണ്ടിക്കാട്ടി. കോണ്‍സുലര്‍ ഓഫീസര്‍, സെക്രട്ടറി, അല്ലെങ്കില്‍ സെക്രട്ടറി അധികാരം നല്‍കിയ ഏതെങ്കിലും വകുപ്പുതല ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്ക് തന്റേതായ പരിഗണനയില്‍ ഏത് സമയത്തും നോണ്‍ഇമിഗ്രന്റ് വിസ റദ്ദാക്കാമെന്ന വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് നടപടി.
ലാഗോസില്‍ മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ കത്ത് വായിച്ച സോയിങ്കാ പറഞ്ഞത് ഉദ്യോഗസ്ഥര്‍ തന്റെ പാസ്പോര്‍ട്ട് കോണ്‍സുലേറ്റില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടതായും അതുവഴിയാണ് വിസ നേരിട്ട് റദ്ദാക്കിയതെന്നാണ്.
'ഡെത്ത് ആന്‍ഡ് ദ കിംഗ്സ് ഹോഴ്‌സ്മാന്‍' എന്ന പ്രശസ്ത നാടകത്തിന്റെ രചയിതാവായ സോയിങ്കാ ഹാര്‍വാര്‍ഡ്, കോര്‍ണല്‍ തുടങ്ങിയ പ്രമുഖ അമേരിക്കന്‍ സര്‍വകലാശാലകളില്‍ അധ്യാപകനും നിരവധി ബഹുമതികള്‍ സ്വന്തമാക്കിയിട്ടുമുണ്ട്. 91 വയസ്സുകാരനാണ് അദ്ദേഹം.
ട്രംപ് ഭരണകൂടം ഇമ്മിഗ്രേഷന്‍ നിയന്ത്രണങ്ങളുടെ ഭാഗമായി വിസ റദ്ദാക്കലിനെ പ്രധാന ആയുധമാക്കിയതായും പ്രത്യേകിച്ച് ഗാസ യുദ്ധത്തെയും പാലസ്തീന്‍ രാഷ്ട്രാവകാശത്തെയും വിമര്‍ശിച്ച അമേരിക്കന്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളെ ലക്ഷ്യമാക്കിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളിലെയും വിദ്യാര്‍ഥികളും പണ്ഡിതരും അമേരിക്കന്‍ വിരുദ്ധ നിലപാട് സ്വീകരിച്ചെന്ന പേരില്‍ പോലും നാടുകടത്തപ്പെട്ടതായി വ്യക്തമാക്കുന്നു.
