ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ലക്ഷ്മിഭായ് കോളേജിലെ പ്രിന്‍സിപ്പല്‍ ക്ലാസ് മുറികളുടെ ചുവരുകളില്‍ ചാണകം തേയ്ക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിന് പിന്നാലെ സംഭവം വിവാദമാകുകയാണ്. ഒരു ഫാക്കല്‍റ്റി അംഗം നയിക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് മുറികളില്‍ ചാണകം പൂശിയത് എന്നാണ് പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല പറഞ്ഞതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
'പരമ്പരാഗതമായ ഇന്ത്യന്‍ അറിവ് ഉപയോഗിച്ച് ചൂട് നിയന്ത്രണത്തെ കുറിച്ചുള്ള പഠനം'എന്ന തലക്കെട്ടിലുള്ള പഠനം പുരോഗമിക്കുകയാണെന്നും അവര്‍ പറഞ്ഞു. 'പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഒരാഴ്ച കൂടി കഴിഞ്ഞാലേ, ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകൂ. പൂര്‍ണ വിവരങ്ങള്‍ അറിയാതെ ചിലര്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണ്,' പ്രത്യുഷ് വത്സല പറഞ്ഞു.
ക്ലാസ് മുറികളുടെ ചുമരുകളില്‍ ചാണകം പുരട്ടുന്നതിന്റെ വീഡിയോ പ്രിന്‍സിപ്പല്‍ തന്നെയാണ് അധ്യാപകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ പങ്കിട്ടതെന്ന് റിപ്പോര്‍ട്ടുണ്ട്. വീഡിയോയില്‍ പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല ജീവനക്കാരുടെ സഹായത്തോടെ ചുവരുകളില്‍ ചാണകം പൂശുന്നതായി കാണാം.
ക്ലാസ് മുറിയില്‍ ചാണകം തേച്ച പ്രിന്‍സിപ്പലിനെ വിമര്‍ശിച്ച് എന്‍എസ്‌യു രംഗത്തെത്തിയിരുന്നു. 'പ്രിന്‍സിപ്പലിന്റെ നടപടി ഗൗരവതരമാണെന്നും,ആര്‍എസ്എസിന്റെയും ബിജെപിയുടേയും മുന്നിലെത്താനുള്ള മാര്‍ഗമാണിത്. ബാപ്പുവും നെഹ്‌റുവും അംബേദ്കറും അടിത്തറയിട്ട ശാസ്ത്രീയ ചിന്തകള്‍ക്ക് മുകളില്‍ ചാണകം തേക്കുകയാണ് ', എന്‍എസ്‌യു വിമര്‍ശനം ഉന്നയിച്ചു.
ചൂടിനെ പ്രതിരോധിക്കാന്‍ ക്ലാസ് മുറികളില്‍ ചാണകം പൂശി; ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള വീഡിയോ വൈറല്‍
