'ചപ്പുചവറുകള്‍ ശേഖരിക്കാന്‍ ആളുകള്‍ കാറുകള്‍ നിര്‍ത്തുന്ന നഗരം; ശുചിത്വ റാങ്കില്‍ തുടര്‍ച്ചയായി മുന്നിലെത്തിയ ഇന്‍ഡോര്‍ രാജ്യത്തിന് മാതൃക

'ചപ്പുചവറുകള്‍ ശേഖരിക്കാന്‍ ആളുകള്‍ കാറുകള്‍ നിര്‍ത്തുന്ന നഗരം; ശുചിത്വ റാങ്കില്‍ തുടര്‍ച്ചയായി മുന്നിലെത്തിയ ഇന്‍ഡോര്‍ രാജ്യത്തിന് മാതൃക


ഇന്‍ഡോര്‍: വൃത്തിയും വെടിപ്പുമുള്ള ഗ്രാമങ്ങളെക്കുറിച്ചും നഗരങ്ങളെക്കുറിച്ചും വാതോരാതെ പ്രസംഗിക്കാന്‍ നമ്മള്‍ക്ക് ഒരു മടയുമില്ല. പക്ഷെ തൊട്ടടുത്ത നിമിഷം തന്നെ നില്‍ക്കുന്ന ഇടം വൃത്തിഹീനമാക്കുന്ന എന്തെങ്കിലും ചെയ്യുകയും ചെയ്യും. വൃത്തിയെക്കുറിച്ചുള്ള ശരാശരി ഇന്ത്യക്കാരന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വളരെ വലുതാണ്. ശുചിത്വത്തെക്കുറിച്ച് നമ്മള്‍ക്ക് വലിയ സങ്കല്പങ്ങളും പദ്ധതികളുമുണ്ട്. സ്വച്ഛഭാരത്..സഉചിത്വ മിഷന്‍ അങ്ങനെ പലതുമുണ്ട്. എന്നാല്‍ പറയുന്ന സമയത്ത് മാത്രം അതിനെക്കുറിച്ച് ചിന്തിക്കുകയും പിന്നീട് മറന്നുപോവുകയും ചെയ്യും. പ്രത്യേകിച്ച് രാഷ്ട്രീയ നേതാക്കന്മാരോ ഭരണകര്‍ത്താക്കളോ തുടങ്ങുന്ന പദ്ധതികളുടെ അവസ്ഥ നോക്കാം.

ഏതെങ്കിലും ഒരു രാഷ്ട്രീയനേതാവ് കൊട്ടിഘോഷിച്ച് ശുചിത്വ 'ആചരണം' ആരംഭിക്കുന്നു. അവര്‍ ഏതെങ്കിലും ഒരു തെരുവ് തൂത്തുവാരാന്‍ തുടങ്ങുകയും മാധ്യമങ്ങള്‍ ഫോട്ടോയെടുക്കുമ്പോള്‍ പൗരധര്‍മ്മത്തെക്കുറിച്ച് 'ഘോരഘോരം' പ്രസംഗിക്കുകയും ചെയ്യും. അടുത്ത ദിവസം അത് അവസാനിക്കും. കാര്യങ്ങള്‍ പഴയതുപോലെയാകും. ഇന്ത്യയില്‍ സാധാരണയായി സംഭവിക്കുന്നത് ഇതാണ്.

പക്ഷേ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ അങ്ങനെയല്ല കാര്യങ്ങള്‍. 2017 ല്‍, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ മുതല്‍, കഴിഞ്ഞ വര്‍ഷം വരെ തുടര്‍ച്ചയായി എട്ട് വര്‍ഷം അവര്‍ ശുചിത്വത്തിലെ വിജയം ആവര്‍ത്തിക്കുകയാണ്.

'നിങ്ങള്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്തുവരുമ്പോള്‍, നിങ്ങള്‍ എത്തിയത് ഇന്ത്യയില്‍ തന്നെയാണോ എന്ന് അതിശയിക്കുന്ന വിധത്തിലാണ് ഇന്‍ഡോറിലെ മാറ്റം. അത്രയ്ക്ക് വൃത്തിയുള്ളതാണ് അവിടം'- ജോലിക്കായി ഇന്‍ഡോറിലേക്ക് പതിവായി യാത്ര ചെയ്യുന്ന ഒരു കോര്‍പ്പറേറ്റ് എക്‌സിക്യൂട്ടീവ് നിതീഷ അഗര്‍വാള്‍ പറഞ്ഞു.

2017 ന് മുമ്പ്, സര്‍ക്കാരിന്റെ ശുചിത്വ റാങ്കിംഗില്‍ ഇന്‍ഡോര്‍ 471 പട്ടണങ്ങളിലും നഗരങ്ങളിലും 25ാം സ്ഥാനത്തായിരുന്നു.

മാലിന്യം നീക്കം ചെയ്ത് സംസ്‌കരിക്കുന്ന രീതി മുതല്‍, ഏകദേശം 850 തൂപ്പുകാരുടെ സൈന്യവും, ഏറ്റവും ചെറിയ ഇടവഴിയില്‍ പോലും നിരന്നിരിക്കുന്ന ആയിരക്കണക്കിന് വ്യത്യസ്ത നിറങ്ങളിലുള്ള ബിന്നുകളും വരെ, പൊതുജീവിതത്തിന്റെ പല വശങ്ങളും ഈ മാറ്റത്തിലൂടെ മറ്റുള്ളവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയും.

പല നഗരങ്ങളിലും, കുടുംബങ്ങള്‍ അവരുടെ വീട് വളരെ വൃത്തിയായി സൂക്ഷിക്കും, പക്ഷേ അവരുടെ മുന്‍വാതിലില്‍ നിന്ന് ഏതാനും അടി അകലെ മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നതുകാണാം.

'ആ മറ്റൊരു പ്രദേശം മറ്റൊരാളുടെ ഉത്തരവാദിത്തമായി കാണുന്ന മനോഭാവമാണ് പ്രശ്‌നം. ദുര്‍ഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരം കടന്ന് അവരുടെ വൃത്തിയുള്ള വീട്ടിലേക്ക് നടക്കുന്നതില്‍ ആരും ഒരു വൈരുദ്ധ്യവും കാണുന്നില്ല- പ്രാദേശത്തെ കെമിസ്ട്രി അദ്ധ്യാപകനായ അര്‍ജുന്‍ സെഹ്ഗാള്‍ പറഞ്ഞു.


ഇന്‍ഡോര്‍ ഒരുകാലത്ത് മാലിന്യക്കൂമ്പാരങ്ങളാല്‍ നിറഞ്ഞിരുന്നു, അവിടെ തെരുവ് പശുക്കളും പന്നികളും നായ്ക്കളും ചുറ്റും കൂടുകയും അവയുടെ വിസര്‍ജ്ജനം കൂമ്പാരത്തിലേക്ക് ചേര്‍ക്കുകയും അവിടെ ഈച്ചകള്‍ കൂട്ടത്തോടെ ആര്‍ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇപ്പോള്‍ അതിരാവിലെ, നടപ്പാതകളിലും റോഡ് ഡിവൈഡറുകളിലും പുനരുപയോഗം ചെയ്ത വെള്ളം നിറയ്ക്കുന്നു. 'ഇന്‍ഡോര്‍ ഒന്നാം നമ്പര്‍ ആയി' എന്ന ഗാനം ആലപിച്ചുകൊണ്ട് മാലിന്യ ശേഖരിക്കുന്ന വാനുകള്‍ പുറത്തിറങ്ങുന്നു. ശബ്ദം അടുക്കുമ്പോള്‍, ആളുകള്‍ അവരവരുടെ വീടുകളില്‍ നിന്ന് മാലിന്യവുമായി പുറത്തുവരുന്നു.

ജിപിഎസ് ട്രാക്കിംഗ് ഉപയോഗിച്ച്, ഒരു കൂട്ടം തൊഴിലാളികള്‍ വാനുകളുടെ ചലനങ്ങള്‍ നിരീക്ഷിക്കുകയും അവ അവരുടെ ജോലി ചെയ്യുന്നുണ്ടെന്നും എല്ലായിടത്തും എത്തുന്നുണ്ടെന്ന്  ഉറപ്പാക്കുകയും ചെയ്യുന്നു. ഗാര്‍ഹിക മാലിന്യത്തിന്റെ 100% വും നനഞ്ഞ, ഇലക്ട്രോണിക്‌സ്, പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഇതര, ബയോമെഡിക്കല്‍, അപകടകരമായ വസ്തുക്കള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് ശേഖരണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം പറയുന്നു.

മാലിന്യം ഇന്ധനമായും കമ്പോസ്റ്റായും പരിവര്‍ത്തനം ചെയ്യപ്പെടുന്നു, ഇത് കര്‍ഷകര്‍ക്ക് വളമായി വില്‍ക്കുന്നു. പല റെസ്‌റ്റോറന്റുകളിലും പുറത്ത് മൊബൈല്‍ കമ്പോസ്റ്റിംഗ് വാനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

'എന്റെ വീടിനടുത്തുള്ള പഴം, പച്ചക്കറി മാര്‍ക്കറ്റില്‍ വ്യത്യസ്ത തരം മാലിന്യങ്ങള്‍ക്കായി വ്യത്യസ്ത ബിന്നുകളുണ്ട്. മാലിന്യത്തെ ഇന്ധനമാക്കി മാറ്റുന്ന ഒരു യന്ത്രവും അവിടെയുണ്ട്, അത് സിറ്റി ബസുകളിലും പാചക ഇന്ധനമായും ഉപയോഗിക്കുന്നു,' വീട്ടമ്മയായ നീരു ശര്‍മ്മ പറഞ്ഞു.

ഗവണ്‍മെന്റിന്റെ ഈ നീക്കം നഗരത്തില്‍ പൗര അഭിമാനബോധം സൃഷ്ടിച്ചതിനാല്‍ അത് വിജയകരമായിരുന്നുവെന്നാണ് അഞ്ച് വര്‍ഷമായി ഇന്‍ഡോറില്‍ താമസിക്കുന്ന റിയ രഘുവംശി പറഞ്ഞത്. 'ഈ അവാര്‍ഡില്‍ വളരെയധികം അഭിമാനമുള്ളതുകൊണ്ടാണ് ഇത് വിജയിച്ചത്. അഭിമാനത്തോടൊപ്പം നഗരത്തിന്റെ പ്രശസ്തി നിലനിര്‍ത്താനുള്ള ദൃഢനിശ്ചയവും ഉണ്ട്. ഇത് ഒരു വലിയ പ്രചോദനമായി മാറിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

പെട്രോള്‍ പമ്പ് ഉടമയായ പ്രഭ്‌നിത് സാവ്‌നിയുടെ അഭിപ്രായത്തില്‍, താമസക്കാര്‍ ശുചിത്വം സ്വന്തം വ്യക്തിപരമായ ഉത്തരവാദിത്തമായി ഏറ്റെടുത്തിട്ടുണ്ട്. 'ആളുകള്‍ മാലിന്യം വലിച്ചെറിയുന്ന ഒരാളെ തടയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തെരുവില്‍ മാലിന്യം കാണുമ്പോള്‍ ഡ്രൈവര്‍മാര്‍ അവരുടെ കാര്‍ നിര്‍ത്തി അത് നീക്കം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. എല്ലാവരെയും പ്രചോദിപ്പിക്കുന്ന ഒരു ദൗത്യമായി ഇത് മാറിയിരിക്കുന്നു,- അദ്ദേഹം പറഞ്ഞു.

പുതിയ പെരുമാറ്റം കൊണ്ടുവരാന്‍ തീവ്രമായ പൊതുജന അവബോധ കാമ്പെയ്‌നുകള്‍ ആവശ്യമായി വന്നു. നഗരം വൃത്തിയായി സൂക്ഷിക്കാന്‍ സ്‌കൂള്‍ കുട്ടികളോട് പ്രതിജ്ഞയെടുക്കാന്‍ ആവശ്യപ്പെട്ടു. സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയും മാലിന്യം വലിച്ചെറിഞ്ഞതായി തിരിച്ചറിഞ്ഞവര്‍ ആരായാലും അവര്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

ശുചിത്വ മത്സരങ്ങള്‍ ആരംഭിച്ചു. ശുചിത്വത്തിന്റെ ആവശ്യകതയെ പിന്തുണയ്ക്കുന്നതിനായി മതഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നതിനായി മതനേതാക്കളെ ഉള്‍പ്പെടുത്തി. ഹിന്ദു ഉത്സവമായ ഹോളിയില്‍, തെരുവുകളും കെട്ടിടങ്ങളും തിളക്കമുള്ള നിറങ്ങള്‍ കൊണ്ട് മലിനമാകുമ്പോള്‍, അധിക വാഹനങ്ങളും വാട്ടര്‍ ടാങ്കറുകളും കൊണ്ടുവന്ന് നഗരം കഴുകി വെടിപ്പാക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സ്വയം സമര്‍പ്പിച്ചാല്‍ ഇന്‍ഡോറിന്റെ വിജയം ഇന്ത്യയിലെ മറ്റിടങ്ങളിലും ആവര്‍ത്തിക്കപ്പെടുമെന്ന് സാവ്‌നി വിശ്വസിക്കുന്നു. 'നിങ്ങള്‍ക്ക് മനസ്സോടെ പ്രവര്‍ത്തിക്കുന്ന ഒരു പൊതുജനവും ദൃഢനിശ്ചയമുള്ള ഒരു സര്‍ക്കാരും ആവശ്യമാണ്, കൂടാതെ ഇവിടെയും അവിടെയും ഈ വേഗത നിലനിര്‍ത്താന്‍ വളരെ ഊര്‍ജ്ജസ്വലരും മുന്‍കൈയെടുക്കുന്നവരുമായ വ്യക്തികള്‍ ആവശ്യമാണ്,' അദ്ദേഹം പറഞ്ഞു. 'അപ്പോള്‍ മാത്രമേ തലമുറകളായി തുടരുന്ന ശീലങ്ങള്‍ മാറുകയുള്ളൂ.'