ഹ്യൂസ്റ്റൺ: അനധികൃത ഗെയിം റൂമുകൾ നടത്തി 22 മില്യൺ ഡോളർ കള്ളപ്പണം വെളുപ്പിച്ച സംഘത്തിന്റെ തലവൻ ഒരു പാകിസ്താനിയാണെന്ന് അന്വേഷകസംഘം.
അഞ്ച് വർഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷം ബുധനാഴ്ച 40 സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകൾക്കൊടുവിലാണ് പോലീസ് ഉദ്യോഗസ്ഥർ
റിച്ച്മണ്ടിൽ നിന്നുള്ള 61 വയസ്സുള്ള പാകിസ്താനി പൗരൻ നിസാർ അലിയാണ് ഈ അനധികൃത ഗെയിം റൂം സ്കീമിന്റെ പ്രധാന സംഘാടകൻ എന്ന് തിരിച്ചറിഞ്ഞത്. 22 മില്യൺ ഡോളറിലധികം ഈ സംഘടന നേടിയതായി കണക്കാക്കുന്നു.
അലി തന്റെ കുടുംബാംഗങ്ങളെ ഉപയോഗിച്ച് നഗരത്തിൽ ഡസൻ കണക്കിന് ഗെയിം റൂമുകൾ നടത്തിയതോടൊപ്പം റിയൽ എസ്റ്റേറ്റിലും മറ്റു വിലയേറിയ ആസ്തികളിലും ഈ പണം നിക്ഷിപ്പിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്നും അന്വേഷകർ വിശ്വസിക്കുന്നു.
ഈ ക്രിമിനൽ സംഘടനയുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ പിടിച്ചെടുത്തു. കൂടാതെ, 4.5 മില്യൺ ഡോളർ കറൻസിയും, 2,000 സ്ലോട്ട് മെഷീനുകളും, 100 റോളെക്സ് വാച്ചുകളും, എട്ട് തോക്കുകളും ഇവരിൽ നിന്ന് പിടിച്ചെടുത്തു.
സ്പെഷ്യൽ ഏജന്റ് ചാഡ് പ്ലാന്റ്സ് പറയുന്നതനുസരിച്ച്, അലി രഹസ്യ കുടിയേറ്റക്കാരെ ആയുധധാരികളായ സുരക്ഷാ ഗാർഡുമാരായും സ്കീമിലെ വിവിധ തലങ്ങളിലുള്ള മറ്റ് ജോലികൾക്കും നിയമിച്ചിരുന്നു. ഇതിൽ ഉൾപ്പെട്ട 31 രഹസ്യ കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് ഹ്യൂസ്റ്റൺ പോലീസ് അധികൃതർ യുഎസ് ഇമ്മിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് അധികൃതർക്ക് കൈമാറി.
അലിക്കൊപ്പം പ്രവർത്തിച്ചിരുന്ന നിരവധി പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരിൽപ്പെട്ട 59 വയസ്സുള്ള സയ്യദ് അലി, 35 വയസ്സുള്ള സ്റ്റെഫനി ഹ്യുവെർത്ത എന്നിവർ ഇപ്പോൾ ഒളിവിലാണ്.
അഴിമതിക്കാരനെന്ന ഭാവേന നീങ്ങിയ ഒരു പോലീസ് ഉദ്യോഗസ്ഥനെ അര മില്യൺ ഡോളറിലധികം നൽകി റിക്രൂട്ട് ചെയ്ത് തന്റെ പ്രവർത്തനങ്ങൾ അധികൃതരിൽ നിന്ന് മറച്ചുവയ്ക്കാനുള്ള ശ്രമമാണ് നടത്തിയത്.
എന്നാൽ ഈ ഉദ്യോഗസ്ഥൻ യഥാർത്ഥത്തിൽ പോലീസ് സേനയിലെ ഒരു ഏജന്റായിരുന്നു. അലിയുടെ ചലനങ്ങളും സ്കീമുകളും നിയമപാലകരെ അദ്ദേയം അപ്പപ്പോൾ അറിയിച്ചുകൊണ്ടിരുന്നു. ഇതാണ് അലിയുടെ അനധികൃത ഗെയിം റൂം സംവിധാനം തകർക്കുന്നതിന് സഹായകമായത്.
അറ്റോർണി നിക്കോളാസ് ജെ. ഗഞ്ചി ഈ ഏജന്റിനെ സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു. അത് അദ്ദേഹത്തിന്റെ സുരക്ഷയെ ബാധിക്കുമെന്ന് ഗഞ്ചി ചൂണ്ടിക്കാട്ടി.
ഫെഡറൽ തലത്തിൽ അനധികൃത ഗെയിം റൂമുകളുമായി ബന്ധപ്പെട്ട ഹ്യൂസ്റ്റണിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കള്ളപ്പണക്കേസാണിതെന്ന് അദ്ദേഹം പറഞ്ഞു.