ന്യൂഡല്‍ഹി: വഖഫ് ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നതിനിടെ അടുത്ത ലക്ഷ്യം പ്രഖ്യാപിച്ച് ആര്‍ എസ് എസ് മുഖപത്രമായ ഓര്‍ഗനൈസര്‍. രാജ്യത്തെ ഏറ്റവും വലിയ ഭൂവുടമ കത്തോലിക്കാ സഭയാണെന്ന് അവകാശപ്പെടുന്ന ലേഖനമാണ് ഓര്‍ഗനൈസര്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചത്.
ആര്‍ എസ് എസ് മുഖപത്രത്തിലെ ലേഖനത്തിന് മറുപടിയുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. ക്രിസ്ത്യന്‍ സമൂഹമായിരിക്കും ആര്‍ എസ് എസിന്റെ അടുത്ത ലക്ഷ്യം എന്ന് രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയിലെ കത്തോലിക്കാ സ്ഥാപനങ്ങള്‍ ഏഴു കോടി ഹെക്ടര്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്നും അത് അവരെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമകളാക്കി മാറ്റുന്നുവെന്നും അവകാശപ്പെട്ടുകൊണ്ടാണ് ഓര്‍ഗനൈസറിന്റെ വെബ്സൈറ്റില്‍ ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് പിന്നീട് അവര്‍ നീക്കം ചെയ്തു.
വഖഫ് ബില്ലിന്റെ പേരില്‍ ഇപ്പോള്‍ മുസ്‌ലിംകളാണ് ആക്രമിക്കപ്പെടുന്നതെങ്കിലും ഭാവിയില്‍ മറ്റ് സമുദായങ്ങളെ ലക്ഷ്യം വയ്ക്കുന്നതിനുള്ള മാതൃകയാണിതെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും ആര്‍ എസ്എസ് ക്രിസ്ത്യാനികളിലേക്ക് ശ്രദ്ധ തിരിക്കാന്‍ അധികനാളെടുത്തില്ലെന്നും അത്തരം ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഓര്‍ഗനൈസറിന്റെ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വാര്‍ത്താ റിപ്പോര്‍ട്ടിന്റെ ലിങ്ക് പങ്കിട്ടാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്.
ലേഖനത്തെ 'നിര്‍ഭാഗ്യകരം' എന്ന് വിശേഷിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല കത്തോലിക്കാ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ നിയന്ത്രിക്കുക എന്നതാണ് ബി ജെ പിയുടെ അടുത്ത നടപടിയെന്നും പറഞ്ഞു.
'വഖഫ് ബില്‍ പാസാക്കുന്ന സമയത്ത് അടുത്ത നടപടി ക്രിസ്ത്യാനികള്‍ക്കെതിരെയായിരിക്കുമെന്ന് കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും പരാമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ കത്തോലിക്കാ സമൂഹത്തിന്റെ കൈകളില്‍ ഏഴ് കോടി ഏക്കര്‍ ഉണ്ടെന്ന് 'ഓര്‍ഗനൈസര്‍' എഴുതിയ ലേഖനം വ്യക്തമായി പരാമര്‍ശിക്കുന്നു. അടുത്ത ഘട്ടം കത്തോലിക്കാ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ നിയന്ത്രിക്കുക എന്നതായിരിക്കും,' ചെന്നിത്തല പറഞ്ഞതായി എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
'ഇന്ത്യയില്‍ ആര്‍ക്കാണ് കൂടുതല്‍ ഭൂമിയുള്ളത്? കാത്തലിക് ചര്‍ച്ച് വേഴ്‌സസ് വഖഫ് ബോര്‍ഡ് ചര്‍ച്ച' എന്ന തലക്കെട്ടിലുള്ള ലേഖനത്തില്‍ കത്തോലിക്കാ സ്ഥാപനങ്ങളുടെ കീഴിലുള്ള ഭൂമിയുടെ ഭൂരിഭാഗവും ബ്രിട്ടീഷ് ഭരണകാലത്ത് 1927ലെ ഇന്ത്യന്‍ ചര്‍ച്ച് ആക്ട് പ്രകാരം ഏറ്റെടുത്തതാണെന്നും ആരോപിച്ചു.
കൊളോണിയല്‍ കാലഘട്ടത്തില്‍ പാട്ടത്തിനെടുത്ത ഭൂമി ഇനി പള്ളിയുടെ സ്വത്തായി അംഗീകരിക്കപ്പെടില്ലെന്ന് പ്രസ്താവിച്ച 1965ലെ സര്‍ക്കാര്‍ ഉത്തരവും ലേഖനം ഉദ്ധരിക്കുന്നുണ്ട്.
വഖഫ് ബില്‍ അവതരിപ്പിക്കാനും പാസ്സാക്കാനും ബി ജെ പി ക്രിസ്ത്യന്‍ സമൂഹത്തിന്റെയും കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സിലിന്റെയും പിന്തുണ തേടിയിരുന്നു.
പാര്‍ലമെന്റില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ വഖഫ് ഭൂമി 39 ലക്ഷം ഏക്കര്‍ ആണെന്ന് പറഞ്ഞു. മുസ്‌ലിംകളുടെ ഉടമസ്ഥതയിലുള്ള ഭൂമിയും അവരുടെ അവകാശങ്ങളും തട്ടിയെടുക്കുക എന്നതാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന് പ്രതിപക്ഷം അവകാശപ്പെട്ടപ്പോള്‍ വഖഫ് സ്വത്തുക്കളുടെ നടത്തിപ്പില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാന്‍ മാത്രമേ ഇത് സഹായിക്കൂ എന്നായിരുന്നു സര്‍ക്കാറിന്റെ നിലപാട്.