വാഷിംഗ്ടണ്‍: പതിനെട്ടാം നൂറ്റാണ്ടിലെ യുദ്ധകാല നിയമം അനുസരിച്ച് വെനസ്വേലന്‍ കുടിയേറ്റക്കാരെ എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തുന്നത് നിര്‍ത്തിവെയ്ക്കാന്‍ കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവ് ട്രംപ് ഭരണകൂടം ലംഘിച്ചു എന്ന് വ്യാഴാഴ്ച വാഷിംഗ്ടണിലെ ഒരു ഫെഡറല്‍ ജഡ്ജി പറഞ്ഞു.
ഒരു ഹിയറിംഗില്‍ സംസാരിക്കവെ, തന്റെ ഉത്തരവ് അവഗണിച്ചുകൊണ്ട് വൈറ്റ് ഹൗസ് കോടതിയലക്ഷ്യം നടത്തിയതുമായി ബന്ധപ്പെട്ട വിധി അടുത്ത ആഴ്ച പുറപ്പെടുവിച്ചേക്കുമെന്ന് ജഡ്ജി ജെയിംസ് ഇ. ബോസ്ബര്‍ഗ് പറഞ്ഞു. ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒരു അഭിഭാഷകനെ ശ്രദ്ധേയമായി ചോദ്യം ചെയ്യുന്നതില്‍ ഒരു മണിക്കൂറോളം ചെലവഴിച്ചതിന് ശേഷമാണ് അന്തിമ തീരുമാനത്തിന് കുറച്ചുകൂടി കാത്തിരിക്കേണ്ടിവരുമെന്ന് ജഡ്ജി പ്രഖ്യാപിച്ചത്.
വിദേശകാര്യങ്ങള്‍ നടത്താനുള്ള പ്രസിഡന്റിന്റെ പ്രത്യേകാവകാശത്തില്‍ കോടതി കടന്നുകയറിയതായി ആരോപിച്ച് ട്രംപ് ഭരണകൂടവും ജഡ്ജി ബോസ്ബര്‍ഗും തമ്മിലുള്ള തര്‍ക്കത്തിലെ ഏറ്റവും പുതിയ വഴിത്തിരിവായിരുന്നു വാഷിംഗ്ടണിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയില്‍ നടന്ന സംഘര്‍ഷഭരിതമായ വാദം കേള്‍ക്കല്‍. വിദേശകാര്യങ്ങള്‍ നടത്താനുള്ള പ്രസിഡന്റിന്റെ പ്രത്യേകാവകാശത്തില്‍ കടന്നുകയറുന്നതായി ജില്ലാകോടതി ജഡ്ജിക്കെതിരെ ട്രംപ് ഭരണകൂടം ആവര്‍ത്തിച്ച് ആരോപണം ഉന്നയിച്ചിട്ടുണ്ട്.
ജഡ്ജി ബോസ്ബര്‍ഗിനെ ഇംപീച്ച് ചെയ്യണമെന്ന് ട്രംപ് രണ്ടാഴ്ച മുമ്പ്, ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍, അദ്ദേഹത്തിന്റെ ചില ഉന്നത സഹായികകളില്‍ പ്രധാനി, അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി അദ്ദേഹം 'നിയന്ത്രണത്തിലല്ല' എന്ന് ആരോപിച്ച് ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുകയുണ്ടായി.
എന്നാല്‍ വ്യാഴാഴ്ചത്തെ വാദം കേള്‍ക്കുന്നതിനിടയില്‍, മുന്‍ നരഹത്യതകേസുകളുടെ പ്രോസിക്യൂട്ടറായ ജഡ്ജി ബോസ്‌ബെര്‍ഗ് നിയന്ത്രണാതീതനായിരുന്നു. ട്രംപ് ഭരണകൂടം വെനിസ്വേലന്‍ കുടിയേറ്റക്കാരെ വിമാനങ്ങളില്‍ കയറ്റുകയും മാര്‍ച്ച് 15 ന് അവരെ തടയാനുള്ള തന്റെ ഉത്തരവ് ലംഘിച്ചുകൊണ്ട് കുടിയേറ്റക്കാരുമായി വിമാനം പറത്തിയോ എന്നും തെളിയിക്കാന്‍ ഉദ്ദേശിച്ചുള്ള നിരവധി ചോദ്യങ്ങളിലൂടെ അദ്ദേഹം ഡിപ്പാര്‍ട്ട്‌മെന്റ് അഭിഭാഷകനായ ഡ്രൂ എന്‍സൈനോട് അതീവ ജിജ്ഞാസയോടെ ചോദ്യങ്ങള്‍ ചോദിച്ചു.
നാടുകടത്തല്‍ നിര്‍ത്തിവെയ്ക്കണമെന്ന തന്റെ ഉത്തരവ് എപ്പോള്‍ കൈമാറിയെന്ന് ഭരണകൂടത്തില്‍ ആര്‍ക്കാണ് അറിയാമായിരുന്നതെന്നും എല്‍ സാല്‍വഡോറിലേക്ക് കുടിയേറ്റക്കാരെ കൊണ്ടുപോകുന്ന വിമാനങ്ങള്‍ ലക്ഷ്യത്തിലെത്താതെ തിരിച്ചുപോരരുതെന്ന് ആരെങ്കിലും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍, ആരാണ് അത് ചെയ്തത് എന്നും
ജഡ്ജി ബോസ്‌ബെര്‍ഗ് എന്‍സൈനോട് ചോദിച്ചു.
ജഡ്ജി ബോസ്‌ബെര്‍ഗിന്റെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ശ്രമിക്കുമ്പോള്‍ എന്‍സൈന്‍ പലപ്പോഴും ഉത്തരം പറയാന്‍ വിഷമിക്കുകയും നിശബ്ദനാവുകയും ചെയ്യുന്നുണ്ടായിരുന്നു. ഉത്തരങ്ങള്‍ തനിക്കറിയില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. ചില വിവരങ്ങള്‍ അഭിഭാഷക-ക്ലയന്റ് ആനുകൂല്യങ്ങളുടെ സംരക്ഷണ പരിധിയിലുള്ളതാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അതേസമയം കൂടുതല്‍ നടപടികള്‍ ഉണ്ടാകാനോ ഈ വിഷയത്തില്‍ ഉള്‍പ്പെട്ട ചില ഉദ്യോഗസ്ഥരില്‍ നിന്ന് സാക്ഷ്യം ആവശ്യപ്പെടാനോ ഉള്ള സാധ്യത തുറന്നിട്ടുകൊണ്ട് പ്രശ്‌നത്തിന്റെ 'അടിത്തറയിലേക്ക് താന്‍ കൂടുതല്‍ കടക്കുമെന്ന്' വാദം കേള്‍ക്കല്‍ അവസാനിച്ചപ്പോള്‍ ജഡ്ജി ബോസ്ബര്‍ഗ് പറഞ്ഞു.
ട്രെന്‍ ഡി അരാഗ്വ എന്ന അക്രമാസക്തമായ തെരുവ് സംഘത്തിലെ അംഗങ്ങളാണെന്ന് ആരോപിച്ച് ഏകദേശം 100 വെനിസ്വേലക്കാരെ എല്‍ സാല്‍വഡോറിലേക്ക് നാടുകടത്തിയപ്പോള്‍ വൈറ്റ് ഹൗസ് യുദ്ധകാല നിയമം, ഏലിയന്‍ എനിമീസ് ആക്ട് എന്നറിയപ്പെടുന്നത് ശരിയായി ഉപയോഗിച്ചോ എന്നതിനെക്കുറിച്ചുള്ള അടിസ്ഥാന ചര്‍ച്ചയില്‍ നിന്ന് വ്യത്യസ്തമാണ് ഭരണകൂടത്തിലെ ആരെയെങ്കിലും കോടതിയലക്ഷ്യത്തിന് വിധേയമാക്കണമോ എന്ന ചോദ്യം.
1798ല്‍ പാസാക്കിയ ഈ നിയമം, പ്രഖ്യാപിത യുദ്ധസമയത്തോ അല്ലെങ്കില്‍ ഒരു 'ശത്രു രാഷ്ട്രത്തില്‍' നിന്നുള്ള യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ ആളുകള്‍ക്കെതിരായ ആക്രമണത്തിനിടയിലോ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കരുതുന്നത്. ഭരണകൂടം നിയമാനുസൃതമായ രീതിയില്‍ നിയമം ഉപയോഗിക്കുന്നുണ്ടോ എന്ന് മുന്‍ ഹിയറിംഗില്‍ ജഡ്ജി ബോസ്ബര്‍ഗ്, സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നിരുന്നാലും, ജുഡീഷ്യല്‍, എക്‌സിക്യൂട്ടീവ് ബ്രാഞ്ചുകള്‍ തമ്മിലുള്ള ഒരു സംഘര്‍ഷത്തിന് കാരണമായതിനാല്‍ ജഡ്ജിയുടെ ഉത്തരവ് ട്രംപ് ഉദ്യോഗസ്ഥര്‍ പാലിച്ചോ എന്ന തര്‍ക്കം പ്രാധാന്യമര്‍ഹിക്കുന്നതായിരുന്നു. ഭരണകൂടം നടത്തിയത് കോടതിയലക്ഷ്യമാണെന്ന് ജഡ്ജി ബോസ്ബര്‍ഗ് ഒടുവില്‍ തീരുമാനിച്ചാല്‍, ഉള്‍പ്പെട്ട ആരെയെങ്കിലും ശിക്ഷിക്കണോ വേണ്ടയോ എന്നും എങ്ങനെ ശിക്ഷിക്കണമെന്നും അദ്ദേഹം പരിഗണിക്കേണ്ടിവരും.
വ്യാഴാഴ്ചത്തെ വാദം കേള്‍ക്കുന്നതിനിടെ ഇതില്‍ ആരൊക്കെ ഉള്‍പ്പെട്ടിരിക്കാം എന്ന വിഷയം എന്‍സൈനോടുള്ള ചില മൂര്‍ച്ചയുള്ള ചോദ്യങ്ങളിലേക്ക് ജഡ്ജി ബോസ്ബര്‍ഗിനെ നയിച്ചു.
വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കഴിഞ്ഞ മാസം ജഡ്ജി തന്റെ പ്രാരംഭ ഉത്തരവ് പുറപ്പെടുവിച്ച ശേഷം, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെയും ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിലെയും ഉദ്യോഗസ്ഥര്‍ക്ക് ഒരു ഇമെയില്‍ അയച്ചതായി എന്‍സൈന്‍ സമ്മതിച്ചു. വിധിയെക്കുറിച്ച് താഴ്ന്ന നിലയിലുള്ള നിരവധി നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നുവെന്നും, എന്നാല്‍ വകുപ്പിലെ മറ്റാരെങ്കിലുമായി, പ്രത്യേകിച്ച് ഉയര്‍ന്ന ഓഫീസുകളിലുള്ളവരോട് ഇക്കാര്യം താന്‍ പറഞ്ഞിട്ടുണ്ടോ എന്ന് തനിക്ക് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, കുടിയേറ്റക്കാരുടെ വിമാനങ്ങള്‍ എല്‍ സാല്‍വഡോറിലേക്കുള്ള യാത്ര തുടരാന്‍ ആരാണ് അനുവദിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് എന്‍സൈന്‍ പറഞ്ഞത്് ജഡ്ജി ബോസ്ബര്‍ഗില്‍ നിന്ന് അവിശ്വസനീയമായ പ്രതികരണത്തിന് കാരണമായി.
'പൈലറ്റുമാരോട് ഒന്നും പറയരുതെന്നോ അവര്‍ യാത്ര തുടരണമെന്നോ ആരാണ് തീരുമാനിച്ചതെന്ന് ജഡ്ജി ബോസ്ബര്‍ഗ് ചോദിച്ചപ്പോള്‍ തനിക്കറിയില്ല എന്നാണ് എന്‍സൈന്‍ മറുപടി നല്‍കിയത്.
വിമാനങ്ങള്‍ തിരികെ കൊണ്ടുവരേണ്ടതില്ല എന്ന തീരുമാനമെടുത്തത് ആരാണെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന് തന്നെയല്ലേ പറയുന്നതെന്ന് ജഡ്ജി ചോദിച്ചപ്പോള്‍ തനിക്ക് അതിന്റെ വിശദാംശങ്ങള്‍ അറിയില്ല' എന്ന് എന്‍സൈന്‍ വ്യക്തമാക്കി.
വിമാനങ്ങള്‍ നിര്‍ത്തിവച്ച ഉത്തരവിനെക്കുറിച്ച് അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് എന്ത് അറിയാമെന്നും എപ്പോള്‍ അത് അറിയാമെന്നും ചോദിക്കാനുള്ള ജഡ്ജി ബോസ്ബര്‍ഗിന്റെ ശ്രമങ്ങളെ നീതിന്യായ വകുപ്പിലെ അഭിഭാഷകര്‍ പലതവണ തടസ്സപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ മാസം, ആ വിഷയങ്ങളെക്കുറിച്ച് അവരോട് ചോദിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു വാദം കേള്‍ക്കല്‍ റദ്ദാക്കാന്‍ അവര്‍ അവസാന നിമിഷം ശ്രമിക്കുകയും പിന്നീട് അദ്ദേഹത്തെ കേസില്‍ നിന്ന് പുറത്താക്കാന്‍ അസാധാരണമായ ഒരു ശ്രമം നടത്തുകയും ചെയ്തു.
നാടുകടത്തല്‍ വിമാനങ്ങളുടെ സമയത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ നല്‍കാനുള്ള, ജഡ്ജി ബോസ്‌ബെര്‍ഗിന്റെ നിര്‍ദ്ദേശം ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ആഴ്ച വീണ്ടും നിരസിച്ചു. സ്‌റ്റേറ്റ് സീക്രട്ട്‌സ് പ്രിവിലേജ് എന്ന അപൂര്‍വ നിയമ സിദ്ധാന്തം ചൂണ്ടിക്കാട്ടിയാണ് വിശദാംശങ്ങള്‍ നല്‍കാനാവില്ലെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് വാദിച്ചത്. തുറന്ന കോടതിയില്‍ കേസുകള്‍ വിചാരണചെയ്യുന്നത് ദേശീയ സുരക്ഷയെ തകര്‍ക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് പറയുമ്പോള്‍, കോടതിയില്‍ തെളിവുകളുടെ ഉപയോഗം തടയാന്‍ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിനെ ഈ സിദ്ധാന്തം അനുവദിക്കും. ഇക്കാരണംകൊണ്ട് ചിലപ്പോള്‍ മുഴുവന്‍ കേസുകളും അവസാനിപ്പിക്കാനും കഴിയും.
എന്നാല്‍ നാടുകടത്തല്‍ വിമാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒരു സംസ്ഥാന രഹസ്യമായി കണക്കാക്കണമെന്ന ആശയത്തെ ജഡ്ജി ബോസ്‌ബെര്‍ഗ് പരിഹസിച്ചതായി തോന്നി. തനിക്ക് ആവശ്യമുള്ള വിമാന ഡേറ്റ രഹസ്യവിവരമായി ക്ലാസിഫൈ ചെയ്തിട്ടില്ലെന്ന് എന്‍സൈനെ ബോധ്യപ്പെടുത്തിയ ജഡ്ജി ദേശീയ സുരക്ഷയുടെ പരിധിയില്‍ ക്ലാസിഫൈ ചെയ്യാത്ത രേഖകള്‍ സംരക്ഷിക്കുന്നതിന് സര്‍ക്കാരിന് എന്തെങ്കിലും മാതൃകയുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു.
ചോദ്യത്തിന് കൃത്യമായ. മറുപടി പറയാന്‍ ബുദ്ധിമുട്ടിയ എന്‍സൈന്‍, തന്റെ വാദത്തെ പിന്തുണയ്ക്കുന്നതായി തോന്നിയ ഒരു ഒരു കേസ് ഉദ്ധരിച്ചു. എന്നാല്‍ അതില്‍ ഉറപ്പുണ്ടോ എന്ന് ജഡ്ജി ബോസ്‌ബെര്‍ഗ് ചോദിച്ചപ്പോള്‍, താന്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു.
ട്രംപ് ഭരണകൂടം നാടുകടത്തല്‍ സംബന്ധിച്ച കോടതി ഉത്തരവ് ലംഘിച്ചെന്ന് ജഡ്ജി; വിധി അടുത്തയാഴ്ച
