ട്രംപിന്റെ പകരച്ചുങ്കത്തിനുപിന്നാലെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്

ട്രംപിന്റെ പകരച്ചുങ്കത്തിനുപിന്നാലെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്


മുംബൈ: ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 26 ശതമാനം പകരച്ചുങ്കം പ്രഖ്യാപിച്ചതിന് പിന്നാലെ ഓഹരി വിപണിയില്‍ കനത്ത ഇടിവ്. ബിഎസ്ഇ സെന്‍സെക്‌സ് 500 പോയിന്റ് ആണ് താഴ്ന്നത്. പ്രധാനമായി ഐടി ഓഹരികളെയാണ് അമേരിക്കയുടെ താരിഫ് നയം ബാധിച്ചത്. ഐടി ഓഹരികള്‍ രണ്ടു ശതമാനമാണ് ഇടിഞ്ഞത്.

അതേസമയം പകരച്ചുങ്കത്തില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള മരുന്ന് ഉല്‍പ്പന്നങ്ങളെ ഒഴിവാക്കിയത് ഫാര്‍മ കമ്പനികള്‍ക്ക് നേട്ടമായി. ഫാര്‍മ കമ്പനികള്‍ ശരാശരി നാലുശതമാനം വരെയാണ് മുന്നേറിയത്. ഗ്ലാന്‍ഡ് ഫാര്‍മ, ഡോ റെഡ്ഡീസ് എന്നിവയാണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. ഇരു കമ്പനികളും പത്തുശതമാനം നേട്ടമാണ് കൈവരിച്ചത്. സൊമാറ്റോ, ടിസിഎസ്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
അതേസമയം രൂപയുടെ മൂല്യവും ഇടിഞ്ഞു. 22 പൈസയുടെ ഇടിവോടെ 85.73ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. അമേരിക്കന്‍ വ്യാപാര നയമാണ് രൂപ ഇടിയാന്‍ കാരണം.