ദിയാര്‍ബക്കിര്‍ : മുംബൈയിലേക്ക് പോകുന്ന വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് തുര്‍ക്കിയില്‍ കുടുങ്ങിയ ഇന്ത്യക്കാരായ 200 ലധികം യാത്രക്കാരുടെ കാത്തിരിപ്പിന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പരിഹാരമായില്ല.
ലണ്ടനില്‍ നിന്ന് മുംബൈയിലേക്ക് പോകുന്ന വിര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം മെഡിക്കല്‍ എമര്‍ജന്‍സി കാരണം അടിയന്തരമായി തുര്‍ക്കിയില്‍ ലാന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് 200 ലധികം ഇന്ത്യന്‍ യാത്രക്കാര്‍ തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയത്.
വിമാനം കൈകാര്യം ചെയ്യാന്‍ അനുയോജ്യമല്ലാത്ത ഒരു വിമാനത്താവളത്തിലാണ് വിമാനം ലാന്‍ഡ് ചെയ്തത്. ലാന്‍ഡിംഗ് സമയത്ത്, വിമാനത്തിന് ചില സാങ്കേതിക തകരാറുകള്‍ സംഭവിച്ചതായി അധികൃതര്‍ യാത്രക്കാരോട് പറഞ്ഞു.
'ഒരു യാത്രക്കാരന് പരിഭ്രാന്തി ഉണ്ടായതിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയതെന്നും തുര്‍ക്കിയിലെ വിമാനത്താവളം വിമാനം കൈകാര്യം ചെയ്യാന്‍ വേണ്ടത്ര കാര്യക്ഷമമല്ല എന്നും ഒരു യാത്രക്കാരന്‍ പറഞ്ഞതായി സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
ദിയാര്‍ബക്കിര്‍ വിമാനത്താവള അധികൃതരുമായി തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ടെന്നും കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ പരിചരിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ടെന്നും തുര്‍ക്കിയിലെ ഇന്ത്യന്‍ എംബസി മറുപടി നല്‍കി.
തുര്‍ക്കിയില്‍ നിന്നുള്ള യാത്രയെക്കുറിച്ച് വിമാനക്കമ്പനി ബദല്‍ ക്രമീകരണങ്ങളൊന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ എപ്പോള്‍ മടങ്ങാന്‍ കഴിയുമെന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാര്‍ക്ക് വ്യക്തതയില്ല.
ഇത് സംബന്ധിച്ച നിരവധി പരാതികളാണ് യാത്രക്കാര്‍ സാമൂഹിക മാധ്യമമായ എക്‌സിലൂടെ ഉന്നയിച്ചത്.
യാത്രക്കാര്‍ക്ക് ആവശ്യത്തിന് ഭക്ഷണവും താമസ സൗകര്യവും ഇല്ലെന്ന് ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടു. ഇന്റര്‍നെറ്റ് സേവനങ്ങളുടെ പരിമിതി മൂലം കുടുംബങ്ങളുമായി ആശയവിനിമയം നടത്താനും സഹായം തേടാനും കഴിയുന്നില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
എല്ലാ യാത്രക്കാര്‍ക്കും ഉപയോഗിക്കാന്‍ ആകെ ഒരു ടോയ്‌ലറ്റ് മാത്രമുള്ള വിമാനത്താവളത്തിലെ മോശം അവസ്ഥയെക്കുറിച്ച് മറ്റൊരു ഉപയോക്താവ് എടുത്തുപറഞ്ഞു.
പരാതികളോട് പ്രതികരിച്ച വിമാനക്കമ്പനി യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് ക്ഷമാപണം നടത്തുകയും യാത്രക്കാരുടെ മുംബൈയിലേക്കുള്ള വിമാനം എത്രയും വേഗം ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ഓപ്ഷനുകളും പരിശോധിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
തുര്‍ക്കി വിമാനത്താവളത്തില്‍ കുടുങ്ങിയ 200 ല്‍ പരം ഇന്ത്യന്‍ വിമാനയാത്രക്കാരുടെ കാത്തിരിപ്പ് തുടരുന്നു
