സൂര്യതാപം മൂലം സംസ്ഥാനത്ത് 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തു

സൂര്യതാപം മൂലം സംസ്ഥാനത്ത് 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തു


തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യതാപം മൂലം 106 പശുക്കളും 12 എരുമകളും എട്ട് ആടുകളും ചത്തെന്ന് മൃഗസംരക്ഷണ വകുപ്പ്. കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്. കര്‍ഷകര്‍ തൊഴുത്തില്‍ ചൂട് കുറയ്ക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം, തൊഴുത്തില്‍ വായു സഞ്ചാരം ഉറപ്പാക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

ഫാന്‍ സജ്ജീകരിക്കുന്നത് തൊഴുത്തിലെ ചൂട് കുറയ്ക്കാന്‍ സഹായകരമാകുമെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്നുകാലികളുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സാഹചര്യത്തില്‍ തുടര്‍നടപടികള്‍ വേഗത്തിലാക്കി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ഉടന്‍ തന്നെ വിതരണം ചെയ്യണമെന്ന് മന്ത്രി ജെ ചിഞ്ചുറാണി നിര്‍ദേശിച്ചു.

മൃഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീര കര്‍ഷകര്‍ക്ക് അവരുടെ പ്രദേശങ്ങളിലെ താപനില സംബന്ധിച്ച മുന്നറിയിപ്പുകള്‍ എസ്എംഎസിലൂടെ അറിയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.