ഇത് അമേരിക്കയുടെ അവസരം; ലോകവ്യാപാരം ഉടച്ച് വാർക്കാൻ ട്രംപ്

ഇത്  അമേരിക്കയുടെ അവസരം; ലോകവ്യാപാരം ഉടച്ച് വാർക്കാൻ ട്രംപ്


എഡിറ്റോറിയൽ 

"അമേരിക്കൻ വ്യാപാര നയത്തിന്റെ വിമോചന ദിനം" എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഏപ്രിൽ 2 ലോക വ്യാപാര ക്രമത്തെ ഉടച്ചുവാർക്കുമെന്ന കാര്യത്തിൽ സംശയമില്ല. 10% നിരക്കിൽ എല്ലാ ഇറക്കുമതികൾക്കും നികുതി ചുമത്താനും ചൈന പോലുള്ള രാജ്യങ്ങൾക്ക്  മേൽ കൂടുതൽ ഉയർന്ന നിരക്കുകൾ ചുമത്താനുമാണ് പ്രസിഡന്റ് ട്രംപിന്റെ തീരുമാനം.

ഈ തീരുമാനം രണ്ട് ആശയങ്ങളെ സംയോജിപ്പിക്കുന്നു—സാർവ്വത്രിക നികുതി നിരക്ക്, രാജ്യ-നിർദ്ദിഷ്ട നികുതികൾ എന്നീ ആശയങ്ങളെ. 10% അടിസ്ഥാന നിരക്ക് നികുതി ഏപ്രിൽ 5 മുതൽ പ്രാബല്യത്തിൽ വരുമെന്ന പ്രഖ്യാപനമാണ് പ്രസിഡന്റ് നടത്തിയിട്ടുള്ളത്. അമേരിക്കയുമായുള്ള വ്യാപാരത്തിൽ നിന്ന് വൻ ലാഭം കൊയ്യുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതിയും നൽകേണ്ടി വരും. ഉദാഹരണത്തിന്, ജപ്പാനിൽ നിന്നുള്ള ഇറക്കുമതികൾക്ക് 24% നികുതിയും യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവയ്ക്ക് 20% നികുതിയും വരും. ഏപ്രിൽ 9 മുതലാണ് ഈ ഉയർന്ന നികുതികൾ പ്രാബല്യത്തിൽ വരുക.

ഫെന്റനയിൽ മയക്കുമരുനിന്റെ ഒഴുക്ക് തടയുന്നതിന് നേരത്തെ ഏർപ്പെടുത്തിയ 20& നികുതിക്ക് പുറമെയാവും ചൈനക്ക് മേൽ പുതിയ 34% നികുതി ചുമത്തുക. ബൈഡന്റെ പ്രസിഡൻസി അല്ലെങ്കിൽ ട്രംപിന്റെ ആദ്യ പ്രസിഡൻസി കാലത്ത് ചുമത്തിയ നികുതികൾ കൂടെ ഇതിനൊപ്പം ചേരും. അതില്ലാതെ തന്നെയും ചൈനീസ് ഇറക്കുമതികൾക്ക് മേലുള്ള  അടിസ്ഥാന നിരക്ക് 54% ആണ്.

ഏറെ രൂക്ഷമായ വാദ-പ്രതിവാദങ്ങളൊക്കെ നടന്നെങ്കിലും കാനഡയും മെക്സിക്കോയും 'പരസ്പര തുല്യ നികുതി' സംവിധാനത്തിൽ നിന്ന്  ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഫെന്റനയിൽ പ്രതിസന്ധിയും അനധികൃത കുടിയേറ്റവും തടയുന്നത് പ്രോത്സാഹിപ്പിക്കുന്നതിനുദ്ദേശിച്ചുള്ള 25% നിരക്ക് മാറ്റമില്ലാതെ തുടരും. വാഹനങ്ങൾക്കും മറ്റ് പല ഉൽപ്പന്നങ്ങൾക്കും ഈ നികുതികളിൽ ഒരു ഒഴിവാക്കൽ പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഏപ്രിൽ 2ന് ആ ഒഴിവാക്കൽ കാലഹരണപ്പെട്ടു. ഇതോടെ ഉയർന്ന  25% വാഹന നികുതികൾ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു.

ഈ നികുതികൾ വളർച്ചയെ പിന്നോട്ടടിക്കുമെന്നും വില വർദ്ധിപ്പിക്കുമെന്നും ആഗോള വിപണികളെ കൂടുതൽ അസ്വസ്ഥമാക്കുമെന്നുമുള്ള ഭയം വ്യാപകമാണ്. അതിനാൽ തന്നെ, പുതിയ നികുതി വ്യവസ്ഥയോട് ഓഹരി വിപണി ആദ്യം പ്രതികൂലമായാണ് പ്രതികരിച്ചത്. അമേരിക്കൻ ഓഹരി സൂചിക ഫ്യൂച്ചറുകൾ 2% മുതൽ 4.3% വരെ ഇടിഞ്ഞു. ആപ്പിൾ, ആമസോൺ, നൈക് പോലുള്ള ജനപ്രിയ ഓഹരികൾ 4% അല്ലെങ്കിൽ അതിലധികം ഇടിയുന്നതാണ് ആദ്യമണിക്കൂറുകളിൽ കണ്ടത്.

പക്ഷെ, പ്രസിഡന്റ് ട്രംപ് അതിലൊന്നും കുലുങ്ങുമെന്ന് തോന്നുന്നില്ല. ഏറ്റവുമടുത്ത വ്യാപാര പങ്കാളികൾ പോലും കാലങ്ങളായി അമേരിക്കയുടെ ഉദാരമായ നികുതി വ്യവസ്ഥയെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന നിലപാടിലാണ് അദ്ദേഹം. അതിൽ ഏറെ ശരിയുമുണ്ട്. ലോകത്തെ വിവിധ രാജ്യങ്ങളുമായി അമേരിക്കക്കുള്ള വ്യാപാരത്തിൽ നിലവിൽ നഷ്ടം സംഭവിക്കുന്നത് അമേരിക്കക്കാണെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ, കർക്കശമായ നടപടികൾ കൂടിയേ തീരൂ.

അതാണ് വസ്തുതതെങ്കിൽ ഇതുവരെ മറ്റാരും എന്തുകൊണ്ട് അതിന് ശ്രമിച്ചില്ലെന്ന ചോദ്യമുണ്ട്. അവിടെയാണ് ഡോണൾഡ് ട്രംപ് എന്ന വ്യക്തി മുന്നോട്ട് വരുന്നത്. ഒരുപക്ഷെ, 'മാവെറിക്ക്' എന്ന് വിളിക്കാവുന്ന സ്വഭാവ സവിശേഷതകളുള്ള വ്യക്തിയാണ് പ്രസിഡന്റ് ട്രംപ്. എന്നാൽ, അമേരിക്കയുടെ താല്പര്യങ്ങളിലേക്കെത്തുമ്പോൾ അദ്ദേഹം സ്വീകരിച്ചിട്ടുള്ളതും ഇപ്പോൾ സ്വീകരിക്കുന്നതുമായ നിലപാടിൽ അവിശ്വസനീയമായ സ്ഥിരതയാണുള്ളതെന്ന് കാണാം.

തന്റെ ആദ്യ പ്രസിഡൻസിയിൽ ചൈനക്കെതിരെ അദ്ദേഹം ഏർപ്പെടുത്തിയ ഉയർന്ന നികുതികളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള അലൂമിനിയം ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ ഉയർന്ന ഇറക്കുമതി തീരുവയും ഇവിടെ ഓർക്കാവുന്നതാണ്. ഇപ്പോൾ അദ്ദേഹം ചെയ്തിട്ടുള്ളത് കൂടുതൽ വ്യാപകമായ ഒരു 'സർജിക്കൽ ഓപറേഷ'നാണ്. ലോക വ്യാപരക്രമത്തെ പ്രസിഡന്റ് ട്രംപ് ഒന്ന് പിടിച്ചുലച്ചിരിക്കുന്നു. തീർച്ചയായും അത് കുറെയേറെ ആശയക്കുഴപ്പങ്ങളും തിരിച്ചടികളും സൃഷ്ടിക്കും. എന്നാൽ, അതിനുമപ്പുറം അമേരിക്കൻ ഖജനാവിലേക്ക് കൂടുതൽ പണമെത്തുമെന്ന് പ്രസിഡന്റ് ട്രംപ് ഉറച്ച് വിശ്വസിക്കുന്നു. അത് സംഭവിച്ചാൽ, ഒരു പുതിയ ലോക വ്യാപാരക്രമം നിലവിൽ വരും; 1900ത്തിന് ഇപ്പുറം അമേരിക്ക കണ്ട ഏറ്റവും ഉന്നതശീർഷരായ പ്രസിഡന്റുമാരിൽ ഒരാളായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാറും.