ന്യൂഡൽഹി: ഇന്ത്യക്കുമേൽ 26 ശതമാനം തീരുവ ചുമത്തിയ യു.എസ് നടപടി തിരിച്ചടിയുണ്ടാക്കില്ലെന്ന് പ്രതികരിച്ച് ഇന്ത്യ. അതേസമയം അധികതീരുവ സമ്മിശ്രഫലമാണ് ഉണ്ടാക്കുകയെന്നും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ പി.ടി.ഐയോട് പ്രതികരിച്ചു. വാണിജ്യമന്ത്രാലയം സൂക്ഷ്മമായി സ്ഥിതി വിലയിരുത്തുകയാണ്. ഇതിന് ശേഷം തുടർ നടപടികൾ ഉണ്ടാവും. യു.എസുമായി വ്യാപാരകരാർ ഉണ്ടാക്കാനുള്ള ചർച്ചകളും നടക്കുന്നുണ്ട്. സെപ്തംബർ മാസത്തോടെ ഇതിന്റെ ആദ്യഘട്ടം നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഇന്ത്യക്കുമേൽ 26 ശതമാനം തീരുവയാണ് യു.എസ് ചുമത്തിയിരിക്കുന്നത്. വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പകരം തീരുവ ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചത്.
വിവിധ രാജ്യങ്ങൾക്കുമേൽ ചുമത്തുന്ന തീരുവയുടെ ലിസ്റ്റുമായാണ് ഡോണൾഡ് ട്രംപ് വാർത്താസമ്മേളത്തിന് എത്തിയത്. വിവിധ രാജ്യങ്ങൾ യു.എസിന് ചുമത്തുന്ന തീരുവക്ക് അതേ രീതിയിൽ മറുപടി നൽകിയിട്ടില്ലെന്ന് ട്രംപ് അവകാശപ്പെട്ടു. ഇന്ത്യ 52 ശതമാനം തീരുവയാണ് യു.എസിന് ചുമത്തുന്നത്. എന്നാൽ, അതിന്റെ പകുതി മാത്രമേ യു.എസ് ചുമത്തുന്നുള്ളുവെന്നാണ് ട്രംപിന്റെ അവകാശവാദം.
നരേന്ദ്ര മോഡി നല്ല സുഹൃത്താണെങ്കിലും കഠിനമായ തീരുവ മൂലം ഇന്ത്യ യു.എസിന്റെ അവകാശങ്ങൾ സംരക്ഷിച്ചില്ലെന്ന് ട്രംപ് പറഞ്ഞു. 52 ശതമാനം തീരുവയാണ് യു.എസിനുമേൽ ഇന്ത്യ ചുമത്തുന്നത്. എന്നാൽ, പകുതി മാത്രമാണ് പകരം തീരുവയായി ചുമത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് ചുമത്തിയ 26% തീരുവ തിരിച്ചടിയല്ല; സമ്മിശ്ര ഫലമുണ്ടാക്കുമെന്ന് ഇന്ത്യ
