വാഷിംഗ്ടണ്‍: യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിമോചന ദിന താരിഫുകളുടെ പുതിയ തരംഗം അവതരിപ്പിക്കാന്‍ പോകുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് സ്ഥിരീകരിച്ചു. പുതിയ താരിഫുകള്‍ അമേരിക്കയുടെ സഖ്യകക്ഷികളുമായുള്ള പിരിമുറുക്കം വര്‍ധിപ്പിക്കും.
ഈ നീക്കം ആഗോള വ്യാപാര യുദ്ധത്തിന് കാരണമാവുകയും സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് സര്‍ക്കാര്‍ ചുമത്തുന്ന നികുതിയാണ് താരിഫ്. വിദേശ ഉത്പന്നങ്ങളെ മത്സരക്ഷമത കുറയ്ക്കുന്നതിനാണ് ഈ ലെവികള്‍ ഉദ്ദേശിച്ചിട്ടുള്ളതെങ്കിലും ചെലവുകള്‍ പലപ്പോഴും വിതരണ ശൃംഖലയെ ബാധിക്കും.
1950കളിലെ ക്യൂബന്‍ ഉപരോധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഏകപക്ഷീയമായ വര്‍ദ്ധനവായിരിക്കും താരിഫ് വര്‍ധനവ്.
യു എസ് പ്രസിഡന്റ് ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 4 മണിക്ക് പുതിയ താരിഫ് പ്രഖ്യാപിക്കും. ഇത് ഇന്ത്യന്‍ സമയം അനുസരിച്ച് വ്യാഴാഴ്ച പുലര്‍ച്ചെ 1.30നായിരിക്കും. 'മേക്ക് അമേരിക്ക വെല്‍ത്തി എഗെയ്ന്‍' എന്ന് പേരിട്ടിരിക്കുന്ന പരിപാടി വൈറ്റ് ഹൗസ് റോസ് ഗാര്‍ഡനിലാണ് നടക്കുക. ട്രംപിന്റെ പ്രഖ്യാപനം വന്നയുടനെ പരസ്പര താരിഫുകള്‍ പ്രാബല്യത്തില്‍ വരും.
ഫോക്‌സ് ന്യൂസ്, സി എന്‍ എന്‍, സി എന്‍ ബി സി തുടങ്ങിയ എല്ലാ പ്രധാന ചാനലുകളും സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകള്‍ക്കൊപ്പം പരിപാടിയുടെ തത്സമയ കവറേജ് നല്‍കും. വൈറ്റ് ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഇത് തത്സമയം സംപ്രേഷണം ചെയ്യും.