ജൂത പുരോഹിതനെ കൊലപ്പെടുത്തിയ മൂന്നുപേരെ അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചു

ജൂത പുരോഹിതനെ കൊലപ്പെടുത്തിയ മൂന്നുപേരെ അബുദാബി കോടതി വധശിക്ഷയ്ക്ക് വിധിച്ചു


അബുദാബി: ജൂത പുരോഹിതനെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ക്ക് അബുദാബി ഫെഡറല്‍ കോടതി വധശിക്ഷ വിധിച്ചു. നാലാം പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്.

നവംബറില്‍ മാള്‍ദോവന്‍- ഇസ്രായേല്‍ പൗരത്വമുള്ള ജൂത റബ്ബി സാവി കോഗന്‍ കൊല്ലപ്പെട്ട കേസിലാണ് അബുദാബി ഫെഡറല്‍ കോടതിയുടെ രാജ്യസുരക്ഷാ വിഭാഗം ശിക്ഷ വിധിച്ചത്. പ്രധാനപ്രതികളില്‍ മൂന്ന് പേരും ഉസ്‌ബെക് പൗരന്‍മാരാണ്. കൊലപാതകത്തിന് ശേഷം രാജ്യംവിട്ട ഇവരെ തുര്‍ക്കിയില്‍ നിന്നാണ് പിടികൂടി യു എ ഇയിലെത്തിച്ചത്.

കൊലപാതകത്തിന് സഹായം ചെയ്തു എന്ന കുറ്റത്തിനാണ് നാലാം പ്രതിക്ക് കോടതി ജീവപര്യന്തം തടവ് വിധിച്ചത്. കൊലപാതകം ഭീകരവാദ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്ന് വിലയിരുത്തിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. വിധിക്കെതിരെ പ്രതികള്‍ക്ക് ഫെഡറല്‍ സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ അവസരം നല്‍കിയിട്ടുണ്ട്.