താരിഫ് ബാധിക്കുന്നതെങ്ങനെയെന്ന അനിശ്ചിതത്വത്തില്‍ ഇന്ത്യന്‍ ഉത്പന്ന വിപണി

താരിഫ് ബാധിക്കുന്നതെങ്ങനെയെന്ന അനിശ്ചിതത്വത്തില്‍ ഇന്ത്യന്‍ ഉത്പന്ന വിപണി


ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പരസ്പര താരിഫ് ഏര്‍പ്പെടുത്താനുള്ള തിയ്യതിയായി ഏപ്രില്‍ 2 പ്രഖ്യാപിച്ചതോടെ അതെങ്ങനെ ബാധിക്കുമെന്ന അനിശ്ചിതത്വത്തിലാണ് ബിസിനസുകാരും നയരൂപീകരണ രംഗത്തുള്ളവരും. അമേരിക്കയുടെ വ്യാപാര കമ്മി പരിഹരിക്കാന്‍ ലക്ഷ്യമിടുന്നതാണ് താരിഫുകളെങ്കിലും ഈ പ്രഖ്യാപനത്തോടൊപ്പം തന്നെയാണ് ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറുകളും ചര്‍ച്ച നടത്തുന്നത്. ഇത്തരം കാര്യങ്ങള്‍ ചേരുമ്പോള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുന്നുണ്ട്. 

ഉത്പന്നങ്ങള്‍ക്ക് രാജ്യതലത്തില്‍ താരിഫ് ചുമത്തുന്നുണ്ടോ എന്നതിനെ ആശ്രയിച്ചായിരിക്കും ഇന്ത്യന്‍ ബിസിനസുകളെ ആഘാതം ബാധിക്കുക. 2021-22 മുതല്‍ 2023-24 വരെ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യു എസ്. ഇന്ത്യയുടെ മൊത്തം കയറ്റുമതിയുടെ 18 ശതമാനവും ഇറക്കുമതിയുടെ 6.22 ശതമാനവും ഉഭയകക്ഷി വ്യാപാരത്തിന്റെ 10.73 ശതമാനവും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

കാര്‍ഷിക മേഖലയിലെ ആറ്, വ്യവസായ മേഖലയിലെ 24 ഉള്‍പ്പെടെ 30 വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ ഇന്ത്യ യു എസിലേക്ക് കയറ്റുമതി ചെയ്യുന്നു. മേഖലാതല താരിഫ് ഏര്‍പ്പെടുത്തിയാല്‍ ബാധിക്കുന്ന ഉത്പന്നങ്ങള്‍ ഇവയാണ്:

മദ്യം, വൈന്‍, സ്പിരിറ്റ്‌സ്- ഏറ്റവും ഉയര്‍ന്ന താരിഫ് വര്‍ധനവ് 122.10 ശതമാനമായിരിക്കും. ഈ വിഭാഗത്തിലെ കയറ്റുമതി ആകെ 19.2 മില്യണ്‍ ഡോളറാണ്. 

പാലുല്‍പ്പന്നങ്ങള്‍- 181.49 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിയെ 38.23 ശതമാനം താരിഫ് ബാധിക്കും. ഇത് ഇന്ത്യന്‍ നെയ്യ്, വെണ്ണ, പാല്‍പ്പൊടി എന്നിവയെ കൂടുതല്‍ ചെലവേറിയതാക്കുകയും വിപണി വിഹിതം കുറയ്ക്കുകയും ചെയ്യും.

മത്സ്യം, മാംസം, സംസ്‌കരിച്ച സമുദ്രവിഭവങ്ങള്‍- 27.83 ശതമാനം ാരിഫ് വര്‍ധനവ് കയറ്റുമതിയില്‍ 2.58 ബില്യണ്‍ ഡോളറിനെ ബാധിക്കും. ചെമ്മീന്‍ കയറ്റുമതിയാണ് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്നത്.

മൃഗങ്ങളുമായി ബന്ധപ്പെട്ട ഉത്പന്നങ്ങള്‍- 27.75 ശതമാനം താരിഫ് 10.31 മില്യണ്‍ ഡോളറിന്റെ കയറ്റുമതിയെ ബാധിക്കും.

സംസ്‌കരിച്ച ഭക്ഷണം, പഞ്ചസാര, കൊക്കോ- 1.03 ബില്യണ്‍ ഡോളര്‍ കയറ്റുമതിയുള്ള ഈ ഉത്പന്നങ്ങള്‍ക്ക് 24.99 ശതമാനം താരിഫാണ് നേരിടേണ്ടിവരിക. ഇത് യു എസില്‍ ഇന്ത്യന്‍ ലഘുഭക്ഷണങ്ങളും മിഠായികളും കൂടുതല്‍ ചെലവേറിയതാക്കും.

പാദരക്ഷകള്‍- ഈ മേഖലയില്‍ 15.56 ശതമാനം താരിഫ് വര്‍ധനവ് ഉണ്ടാകും.

വജ്രങ്ങള്‍, സ്വര്‍ണ്ണം, വെള്ളി- 11.88 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള കയറ്റുമതിക്ക് 13.32 ശതമാനം താരിഫ് വര്‍ധനവ് നേരിടേണ്ടിവരും. ഇത് ഇന്ത്യന്‍ ആഭരണങ്ങളുടെ മത്സരക്ഷമത കുറയ്ക്കും.

ഫാര്‍മസ്യൂട്ടിക്കല്‍സ്- 10.90 ശതമാനം താരിഫ് വ്യത്യാസം ജനറിക് മരുന്നുകളുടെയും സ്‌പെഷ്യാലിറ്റി മരുന്നുകളുടെയും വില വര്‍ധിപ്പിക്കും.

ഭക്ഷ്യ എണ്ണകള്‍- വെളിച്ചെണ്ണ, കടുകെണ്ണ എന്നിവയ്ക്ക് 10.67 ശതമാനം താരിഫ് കൂടുതല്‍ ചെലവേറിയതാക്കും.

അയിരുകള്‍, ധാതുക്കള്‍, പെട്രോളിയം, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ചില വ്യവസായങ്ങള്‍ക്ക് നിര്‍ദ്ദിഷ്ട പദ്ധതി പ്രകാരം പുതിയ താരിഫുകളൊന്നും ഉണ്ടാകില്ല.