എംപുരാന്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

എംപുരാന്‍ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി


കൊച്ചി: എംപുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. തൃശൂര്‍ ബി ജെ പി മുന്‍ ജില്ലാ കമ്മിറ്റി അംഗം വി വി വിജീഷ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. സെന്‍സര്‍ ബോര്‍ഡ് വിലയിരുത്തി റിലീസ് ചെയ്ത സിനിമ എന്തിനാണ് തടയുന്നതെന്നാണ് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ചോദിച്ചു.

സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നുവെന്നും മതവിദ്വേഷത്തിനു വഴിമരുന്നിടുന്നുവെന്നും ആരോപിച്ചായിരുന്നു വി വി വിജീഷ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

പരാതിക്കാരന്റെ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. പരാതിയെ തുടര്‍ന്ന് സര്‍ക്കാരിനും സെന്‍സര്‍ ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ എതിര്‍കക്ഷികളായ മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ സിനിമയുടെ അണിയറ പ്രവര്‍ത്തകരെ നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്.

എംപുരാന്‍ സിനിമയുടെ പേരില്‍ കേരളത്തില്‍ എവിടെയും കേസെടുക്കേണ്ട അവസ്ഥയുണ്ടായിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച വി വി വിജീഷിനെ ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വിജീഷ് സമര്‍പ്പിച്ച ഹര്‍ജിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്നും ഹര്‍ജി നല്‍കാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ബി ജെ പി തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിനെയും സെന്‍സര്‍ ബോര്‍ഡിനെയും എതിര്‍കക്ഷികളാക്കിക്കൊണ്ടായിരുന്നു ഹര്‍ജി. എന്നാല്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിച്ചത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പാര്‍ട്ടിയുടെ തീരുമാനം സ്വീകരിക്കുന്നുവെന്നും വീജിഷ് അറിയിച്ചിരുന്നു.