നരേന്ദ്ര മോഡി സെപ്തംബറിൽ പ്രധാനമന്ത്രി സ്ഥാനമൊഴിയുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

നരേന്ദ്ര മോഡി സെപ്തംബറിൽ പ്രധാനമന്ത്രി  സ്ഥാനമൊഴിയുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്


ന്യൂഡൽഹി: നരേന്ദ്ര മോഡി സെപ്തംബറിൽ പ്രധാനമന്ത്രി സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ഇതിന് അനുമതി വാങ്ങാനാണ് മോഡി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷമായി മോഡി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല. സംഘടനയുടെ അധ്യക്ഷൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി വിടപറയാനാണ് മോഡി പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരമിക്കൽ അപേക്ഷ സമർപ്പിക്കാനാണ് മോഡി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത്. മോഡിയുടെ കാലം അവസാനിച്ചു. ഇനി പുതിയ നേതൃത്വം കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നാണ് ആർ.എസ്.എസിന് ആഗ്രഹമെന്നും റാവത്ത് പറഞ്ഞു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.

അതേസമയം, സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്കെതിരെ മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. മോഡി ഇനിയും വർഷങ്ങളോളം രാജ്യത്തെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2029ലും മോഡി തന്നെ രാജ്യത്തെ പ്രധാനമന്ത്രിയാകും.

നമ്മുടെ നേതാവാണ് അദ്ദേഹം. പ്രധാനമന്ത്രിസ്ഥാനത്ത് മോഡി തന്നെ തുടരും. നമ്മുടെ സംസ്‌കാരമനുസരിച്ച് പിതാവ് ജീവിച്ചിരിക്കുമ്പോൾ ആരും പിന്തുടർച്ചക്കാരനെ കുറിച്ച് സംസാരിക്കാറില്ലെന്നും മോഡി പറഞ്ഞു. അത്തരത്തിൽ സംസാരിക്കുന്നത് മുഗൾ സംസ്‌കാരമാണ്. ഇപ്പോൾ മോഡിയുടെ പിൻഗാമിയാരാണെന്ന് ചർച്ച ചെയ്യേണ്ട സമയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം നരേന്ദ്ര മോഡി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു പ്രധാനമന്ത്രി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിക്കുന്നത്. ഇതിന് മുമ്പ് 2000ത്തിൽ പ്രധാനമന്ത്രി എ.ബി വാജ്‌പേയ് പദവി വഹിക്കുമ്പോൾ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു.