''മോഡി മിടുക്കനായ നേതാവ് '': ഇന്ത്യ-യുഎസ് താരിഫ് ചര്‍ച്ചകള്‍ ഫലം കാണുമെന്ന് ഡോണള്‍ഡ് ട്രംപ്

''മോഡി മിടുക്കനായ നേതാവ് '': ഇന്ത്യ-യുഎസ് താരിഫ് ചര്‍ച്ചകള്‍ ഫലം കാണുമെന്ന് ഡോണള്‍ഡ് ട്രംപ്


ന്യൂജേഴ്‌സി: ഇന്ത്യ-യുഎസ് താരിഫ് ചര്‍ച്ചകളില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രശംസിച്ച ട്രംപ് അദ്ദേഹത്തെ 'വളരെ മിടുക്കനായ മനുഷ്യന്‍' എന്നും 'മികച്ച സുഹൃത്ത്' എന്നും വിശേഷിപ്പിക്കുകയും ചെയ്തു. ന്യൂജേഴ്‌സിയിലെ യുഎസ് അറ്റോര്‍ണി അലീന ഹബ്ബയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ്, പ്രധാനമന്ത്രി മോഡിയുടെ നേതൃത്വത്തെ പ്രശംസിക്കുകയും, അദ്ദേഹത്തെ 'മഹത്തായ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിക്കുകയും ചെയ്തത്.

'പ്രധാനമന്ത്രി മോഡി അടുത്തിടെയാണ് ഇവിടെ(യുഎസില്‍) വന്നത്, ഞങ്ങള്‍ എല്ലായ്‌പ്പോഴും വളരെ നല്ല സുഹൃത്തുക്കളായിരുന്നു,' ട്രംപ് പറഞ്ഞു. 'ലോകത്തിലെ ഏറ്റവും ഉയര്‍ന്ന താരിഫ് ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അവര്‍ വളരെ മിടുക്കരാണ്. അദ്ദേഹം (പ്രധാനമന്ത്രി മോഡി) വളരെ മിടുക്കനായ മനുഷ്യനും എന്റെ ഒരു നല്ല സുഹൃത്തുമാണ്. ഞങ്ങള്‍ വളരെ നല്ല ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയ്ക്കും നമ്മുടെ രാജ്യത്തിനും ഇടയില്‍ ഇത് വളരെ നന്നായി നടക്കുമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ക്ക് ഒരു മികച്ച പ്രധാനമന്ത്രിയുണ്ടെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയിലെ മോഡിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവനകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2025 അവസാനത്തോടെ ഒരു ബഹുമേഖലാ ഉഭയകക്ഷി വ്യാപാര കരാറിന്റെ (ബിടിഎ) ആദ്യ ഘട്ടം ചര്‍ച്ച ചെയ്യാനുള്ള പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും പ്രഖ്യാപിച്ചിരുന്നു.

വ്യാഴാഴ്ച, ഓവല്‍ ഓഫീസില്‍ നിന്നുള്ള ഒരു പ്രധാന നയപരമായ നീക്കത്തില്‍, ആഭ്യന്തര ഉല്‍പ്പാദനത്തിന് 'വളരെ ആവേശകരമാണ്' എന്ന് വിശേഷിപ്പിച്ചുകൊണ്ട് അമേരിക്കയിലേക്ക് പ്രവേശിക്കുന്ന എല്ലാ ഇറക്കുമതി വാഹനങ്ങള്‍ക്കും 25 ശതമാനം തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന താരിഫ്, വിദേശത്ത് നിര്‍മ്മിക്കുന്ന അമേരിക്കന്‍ ബ്രാന്‍ഡുകള്‍ ഉള്‍പ്പെടെ യുഎസില്‍ വില്‍ക്കുന്ന എല്ലാ വാഹനങ്ങളുടെയും പകുതിയോളം ബാധിക്കും. ഈ നടപടി കാര്‍ നിര്‍മ്മാതാക്കള്‍ അമേരിക്കയ്ക്കുള്ളില്‍ ഉത്പാദനം നടത്താന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ്.

മുമ്പ്, ഉയര്‍ന്ന താരിഫുകള്‍ക്ക് ഇന്ത്യയെ വിമര്‍ശിച്ച ട്രംപ്, 'അവര്‍ക്ക് ഏറ്റവും ഉയര്‍ന്ന താരിഫുകളുണ്ട്' എന്നും ഇന്ത്യ 'ബിസിനസ്സ് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സ്ഥലമാണ്' എന്നും പറഞ്ഞിരുന്നു.

ഫെബ്രുവരിയില്‍, ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ പരസ്പര താരിഫ് ചുമത്താനുള്ള പദ്ധതികള്‍ ട്രംപ് പ്രഖ്യാപിച്ചു, ആ രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന അതേ താരിഫുകള്‍ യുഎസും ഈടാക്കണമെന്ന് വാദിച്ചു. 'ഞങ്ങള്‍ ഉടന്‍ തന്നെ പരസ്പര താരിഫുകള്‍ ചുമത്തും.  അവര്‍ ഞങ്ങളില്‍ നിന്ന് ഈടാക്കുന്നതുപോലെ, ഞങ്ങള്‍ അവരില്‍ നിന്ന് ഈടാക്കും. ഇന്ത്യയോ ചൈനയോ പോലുള്ള ഒരു കമ്പനിയോ രാജ്യമോ എന്ത് ഈടാക്കിയാലും, ഞങ്ങള്‍ അതേ നീതി അവരോടും പുലര്‍ത്താന്‍ ആഗ്രഹിക്കുന്നു; അതിനാണ് പരസ്പര താരിഫ്,' എന്ന് അദ്ദേഹം പറഞ്ഞു. 'തങ്ങള്‍ മുമ്പ് അങ്ങനെ ചെയ്തിട്ടില്ലെന്നും കോവിഡ് ബാധിക്കുന്നതിനുമുമ്പ് അത് ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്നും ട്രംപ് പറഞ്ഞു.

ഓട്ടോമൊബൈല്‍ ഇറക്കുമതിക്ക് ഇന്ത്യയുടെ ഉയര്‍ന്ന താരിഫുകളെ ട്രംപ് പ്രത്യേകം പരാമര്‍ശിച്ചു, 'ഇന്ത്യ നമ്മില്‍ നിന്ന് 100 ശതമാനത്തില്‍ കൂടുതല്‍ ഓട്ടോ താരിഫ് ഈടാക്കുന്നു' എന്ന് പറഞ്ഞ ട്രംപ് യുഎസ് കോണ്‍ഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പരസ്പര നികുതി ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് സ്ഥിരീകരിച്ചു.
 'ഭൂമിയിലെ മിക്കവാറും എല്ലാ രാജ്യങ്ങളും പതിറ്റാണ്ടുകളായി യുഎസിനെ കൊള്ളയടിച്ചിരിക്കുകയാണെന്ന്' അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു, ഇനി അത് സംഭവിക്കുന്നത് തടയുമെന്ന് ട്രംപ് പ്രതിജ്ഞയെടുക്കുകയുംചെയ്തു. യൂറോപ്യന്‍ യൂണിയന്‍, ചൈന, ബ്രസീല്‍, മെക്‌സിക്കോ എന്നിവ ചുമത്തിയ താരിഫുകളും അദ്ദേഹം ഉയര്‍ത്തിക്കാട്ടി, യുഎസിനെതിരായ അവരുടെ വ്യാപാര രീതികളെ അടിസ്ഥാനമാക്കി മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് തീരുവ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു.