വാഷിംഗ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ വലിയ മാറ്റങ്ങള്‍ നിര്‍ബന്ധമാക്കുന്ന ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചൊവ്വാഴ്ച ഒപ്പുവച്ചു. വോട്ടര്‍ രജിസ്‌ട്രേഷന് പൗരത്വരേഖ തെളിവായി നല്‍കുന്നത് നിര്‍ബന്ധമാക്കുക, എല്ലാ ബാലറ്റുകളും തിരഞ്ഞെടുപ്പ് ദിവസത്തിനകം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവയുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങളാണ് ഉത്തരവിലുള്ളത്. പുതിയ ആവശ്യകതകള്‍ ലക്ഷക്കണക്കിനുപേരുടെ വോട്ടിംഗ് അവകാശങ്ങളംെ ബാധിക്കുമെന്നതിനാല്‍ ഉത്തരവിനെതിരെ നിയമപരമായ വെല്ലുവിളികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
'അടിസ്ഥാനപരവും ആവശ്യമായതുമായ തിരഞ്ഞെടുപ്പ് സംരക്ഷണങ്ങള്‍ നടപ്പിലാക്കുന്നതില്‍' യുഎസ് പരാജയപ്പെട്ടുവെന്നാണ് പുതിയ ഉത്തരവിലൂടെ ട്രംപ് ഭരണകൂടം വാദിക്കുള്ളത്. വോട്ടര്‍ പട്ടിക പങ്കിടുന്നതിനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഫെഡറല്‍ ഏജന്‍സികളുമായി സഹകരിക്കാന്‍ സംസ്ഥാനങ്ങളോട് ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉത്തരവ് പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ ഫണ്ടിംഗില്‍ വെട്ടിക്കുറയ്ക്കല്‍ നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കിയതായി വാര്‍ത്താ ഏജന്‍സി എപി റിപ്പോര്‍ട്ട് ചെയ്തു.
ഫെഡറല്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ യോഗ്യത നേടുന്നതിന് പാസ്‌പോര്‍ട്ട് പോലുള്ള പൗരത്വ തെളിവ് നിര്‍ബന്ധമാണമെന്ന ഉത്തരവ് നിലവിലുള്ള ഫെഡറല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഫോമില്‍ ഭേദഗതി വരുത്തും. കൂടാതെ, പോസ്റ്റ് ചെയ്ത തീയതി പരിഗണിക്കാതെ, തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിക്കുന്ന മെയില്‍ഇന്‍ ബാലറ്റുകള്‍ സ്വീകരിക്കുന്ന നിലവിലെ രീതി സംസ്ഥാനങ്ങള്‍ക്ക് തുടരാനുമാകില്ല.
തിരഞ്ഞെടുപ്പ് ക്രമക്കേടുകളും വഞ്ചനയും സംബന്ധിച്ച ട്രംപിന്റെ നിരന്തരമായ അവകാശവാദങ്ങളുമായി യോജിക്കുന്ന നടപടികളാണ് പുതിയ നീക്കത്തിലുള്ളത്. പ്രത്യേകിച്ച് മെയില്‍ഇന്‍ വോട്ടിംഗുമായി ബന്ധപ്പെട്ട് ട്രംപ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് വേണ്ടത്ര തെളിവുകള്‍ ഇല്ലാതിരുന്നിട്ടും അക്കാര്യത്തില്‍ അദ്ദേഹം ആവര്‍ത്തിച്ച് വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. പൗരത്വ ആവശ്യകത തെളിയിക്കുന്നതിനുള്ള ഉത്തരവ് റിപ്പബ്ലിക്കന്‍ പിന്തുണയുള്ള സേഫ്ഗാര്‍ഡ് അമേരിക്കന്‍ വോട്ടര്‍ എലിജിബിലിറ്റി (സേവ്) ആക്ടിന്റെ ലക്ഷ്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്.
ആരോപിക്കപ്പെട്ട തിരഞ്ഞെടുപ്പ് തട്ടിപ്പിനെക്കുറിച്ച് പരാമര്‍ശിച്ച ട്രംപ് ഇനി 'ഇത് അവസാനിക്കുമെന്ന് പ്രതീക്ഷിക്കാം' എന്ന് പറയുകയും ചെയ്തുകൊണ്ടാണ് ചൊവ്വാഴ്ച ഉത്തരവില്‍ ഒപ്പുവെച്ചത്.
തിരഞ്ഞെടുപ്പ് സമഗ്രതയില്‍ പൊതുജനവിശ്വാസം പുനഃസ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയ്ക്ക് ഊന്നല്‍ നല്‍കിയ റിപ്പബ്ലിക്കന്‍ നിയമനിര്‍മ്മാതാക്കള്‍ ഉത്തരവിന് പിന്തുണ പ്രഖ്യാപിച്ചു. 'അമേരിക്കന്‍ പൗരന്മാര്‍ മാത്രമേ അമേരിക്കന്‍ തിരഞ്ഞെടുപ്പുകള്‍ തീരുമാനിക്കുന്നുള്ളൂ എന്ന് ഉത്തരവ് ഉറപ്പാക്കുന്നു' എന്ന് ജോര്‍ജിയ സ്‌റ്റേറ്റ് സെക്രട്ടറി ബ്രാഡ് റാഫെന്‍സ്‌പെര്‍ഗര്‍ അഭിപ്രായപ്പെട്ടു. ഒപ്പംതന്നെ, വോട്ടര്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടാനുള്ള സാധ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ബ്രാഡ് വോട്ടര്‍മാരുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നും ആവശ്യപ്പെട്ടു.
2023 ലെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് യോഗ്യരായ യുഎസ് പൗരന്മാരില്‍ ഏകദേശം 9 ശതമാനം, അല്ലെങ്കില്‍ 21.3 ദശലക്ഷം ആളുകള്‍ക്ക്, പൗരത്വത്തിന് എളുപ്പത്തില്‍ ലഭ്യമായ തെളിവുകള്‍ ഇല്ല എന്നാണ്. കൂടാതെ, നിലവില്‍, 18 സംസ്ഥാനങ്ങളും പ്യൂര്‍ട്ടോ റിക്കോയും തിരഞ്ഞെടുപ്പ് ദിവസത്തിന് ശേഷം ലഭിക്കുന്ന തപാല്‍ ബാലറ്റുകള്‍ ആ തീയതിയിലോ അതിനുമുമ്പോ പോസ്റ്റ്മാര്‍ക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അവ സ്വീകരിക്കുകയും ചെയ്യുന്നു.
ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയതിനുശേഷം പേരുകള്‍ മാറിയ വിവാഹിതരായ സ്ത്രീകള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യുന്നതില്‍ വരാനിടയുള്ള പ്രശ്‌നങ്ങളെക്കുറിച്ചും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
ട്രംപിന്റെ പുതിയ ഉത്തരവ് ഫെഡറല്‍ ഗവണ്‍മെന്റിന്റെ 'നിയമവിരുദ്ധമായ' ആയുധവല്‍ക്കരണമാണെന്ന് കൊളറാഡോയിലെ ഡെമോക്രാറ്റിക് സ്‌റ്റേറ്റ് സെക്രട്ടറി ജെന ഗ്രിസ്‌വോള്‍ഡ് ആരോപിച്ചു. ട്രംപ് വോട്ടര്‍മാരുടെ വോട്ടെടുപ്പ് അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഗ്രിസ്‌വോള്‍ഡ് കുറ്റപ്പെടുത്തി.
ഭരണഘടന തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് മേല്‍ പ്രാഥമിക അധികാരം നല്‍കുകയും തിരഞ്ഞെടുപ്പുകളുടെ 'സമയം, സ്ഥലങ്ങള്‍, രീതി' എന്നിവ നിര്‍ണ്ണയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് വ്യക്തമായി അധികാരം നല്‍കുകയും ചെയ്യുന്നതിനാല്‍, ഉത്തരവിനെതിരെ കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്. അതേസമയം വോട്ടിംഗ് നിയന്ത്രിക്കാന്‍ കോണ്‍ഗ്രസിന് അധികാരമുണ്ട്.
യുഎസ് തിരഞ്ഞെടുപ്പുകളില്‍ വലിയ മാറ്റങ്ങള്‍ വരുത്താന്‍ ഉത്തരവിട്ട് ട്രംപ്; പൗരത്വ തെളിവ് നിര്‍ബന്ധമാക്കി
