ജറുസലേം: ഓസ്‌കര്‍ പുരസ്‌കാര ജേതാവായ പലസ്തീന്‍ സംവിധായകനെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്തതായി ആരോപണം. 'നോ അദര്‍ ലാന്‍ഡ്' എന്ന ഡോക്യുമെന്ററിയുടെ സംവിധായകന്‍ ഹംദാന്‍ ബല്ലാലിനെയാണ് ഇസ്രയേല്‍ സൈന്യം പിടികൂടിയത്. വെസ്റ്റ് ബാങ്കിലെ ഗ്രാമങ്ങളുടെ മോശം അവസ്ഥയെ പറ്റി വിവരിക്കുന്ന ഡോക്യുമെന്ററിയാണ് 'നോ അദര്‍ ലാന്‍ഡ് '. നാല് സംവിധായകര്‍ ചേര്‍ന്നാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. അതിലൊരാളാണ് ഹംദാന്‍ ബല്ലാല്‍. മറ്റൊരു സംവിധായ യുവാല്‍ എബ്രഹാമാണ് ഇസ്രയേല്‍ സൈന്യം ഹംദാനെ ആക്രമിച്ചെന്നും അറസ്റ്റ് ചെയ്തുവെന്നും ആരോപിച്ച് രംഗത്തെത്തിയത്.
ഹെബ്രോണിന് തെക്ക് മസാഫര്‍ യാട്ട പ്രദേശത്തെ സുസ്യയില്‍ വെച്ച് സായുധ കുടിയേറ്റക്കാരുടെ ഒരു സംഘം ഹംദാനെ പിടികൂടികയായിരുന്നു. ഏകദേശം 15 പേരോളം സംഘത്തിലുണ്ടായിരുന്നതായി ദൃക്‌സാക്ഷികളായ അഞ്ച് ജൂത അമേരിക്കന്‍ ആക്ടിവിസ്റ്റുകള്‍ പൊലീസിനോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. സായുധ കുടിയേറ്റക്കാര്‍ക്ക് പുറമെ ഒരു കൂട്ടം സൈനികരും സംഭവസ്ഥലത്ത് എത്തിയതായും ഹംദാനെ പിടകൂടിയതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഹംദാന്റെ കാര്‍ കല്ലുകൊണ്ട് അടിച്ചു തകര്‍ക്കുകയും ടയറ് കുത്തിപ്പൊട്ടിക്കുകയും ചെയ്തിട്ടുണ്ട്. കാറിന്റെ എല്ലാ ജനാലകളും വിന്‍ഡ്ഷീല്‍ഡുകളും തകര്‍ന്നിട്ടുണ്ടെന്നും വിവരമുണ്ട്.
വീട്ടിലെത്തിയാണ് സൈന്യം ഹംദാനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിന് പിന്നാലെ ഹംദാനെ അവര്‍ മര്‍ദ്ദിച്ചിട്ടുണ്ട്. തലയിലും വയറ്റിലും മുറിവുകളുണ്ട്. ആക്രമണത്തില്‍ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. അത് രക്തസ്രാവത്തിന് കാരണമായിട്ടുണ്ട്. ആക്രമണത്തിന് പിന്നാലെ ആംബുലന്‍സില്‍ കയറ്റി കൊണ്ടു പോയ ഹംദാനെ കുറിച്ച് പിന്നീട് ഒരു സൂചനയും ലഭിച്ചിട്ടില്ലെന്ന് യുവാല്‍ എബ്രഹാമം ഒരു എക്‌സ് പോസ്റ്റില്‍ കുറിച്ചു.
1967 മുതല്‍ ഇസ്രയേല്‍ സൈന്യം വെസ്റ്റ് ബാങ്ക് കൈവശപ്പെടുത്തിയിരിക്കുകയാണ്. മസാഫര്‍ യാട്ടയ്ക്ക് സമീപമുള്ള ഒരു സ്ഥലത്ത് വെച്ചാണ് ഹംദാന്‍ ബല്ലാല്‍ അടക്കമുളള സംവിധായകര്‍ ചേര്‍ന്ന് 'നോ അദര്‍ ലാന്‍ഡ്' എന്ന ഡോക്യുമെന്ററി ചിത്രീകരിച്ചത്. ഈ വര്‍ഷത്തെ അക്കാദമി അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററിക്കുളള അവാര്‍ഡും 'നോ അദര്‍ ലാന്‍ഡ്' നേടി. നിര്‍ബന്ധിത കുടിയിറക്കവുമായി മല്ലിടുന്ന ഒരു പലസ്തീന്‍ യുവാവിന്റെ കഥയാണ് ഡോക്യുമെന്ററിയുടെ ഉളളടക്കം. ഇസ്രയേലി സൈന്യം പലസ്തീനികളുടെ വീടുകള്‍ പൊളിച്ചുമാറ്റി വെടിവയ്പ്പ് മേഖലയ്ക്കായി ആ സ്ഥലം ഉപയോഗിക്കുന്നതും കഥയില്‍ പ്രതിപാദിക്കുന്നുണ്ട്. 1980കളിലാണ് ഇസ്രയേല്‍ സൈന്യം മസാഫര്‍ യാട്ടയെ നിയന്ത്രിത സൈനിക മേഖലയായി പ്രഖ്യാപിക്കുന്നത്.
ഇസ്രയേല്‍ പിടിച്ചടക്കിയ കിഴക്കന്‍ ജറുസലേം ഒഴികെയുള്ള വെസ്റ്റ് ബാങ്കില്‍ ഏകദേശം മൂന്ന് ദശലക്ഷം പലസ്തീനികളും നിയമവിരുദ്ധമായ വാസസ്ഥലങ്ങളിലാണ് താമസിക്കുന്നത്.
ഓസ്‌കർ ജേതാവായ പാലസ്തീൻ സംവിധായകനെ ഇസ്രായേൽ കുടിയേറ്റക്കാർ പിടികൂടി മർദ്ദിച്ച് സൈന്യത്തെ ഏൽപ്പിച്ചു
