ചെലവുചുരുക്കല്‍ ഒരുവശത്ത്; മറുവശത്ത് 400 മില്യന്‍ ഡോളറിന്റെ വാഹന കച്ചവടം ഉറപ്പിച്ച് ഇലോണ്‍ മസ്‌ക്

ചെലവുചുരുക്കല്‍ ഒരുവശത്ത്; മറുവശത്ത് 400 മില്യന്‍ ഡോളറിന്റെ വാഹന കച്ചവടം ഉറപ്പിച്ച് ഇലോണ്‍ മസ്‌ക്


വാഷിംഗ്ടണ്‍: ഡോണള്‍ഡ് ട്രംപിന് കീഴില്‍ ചെലവുകള്‍ വെട്ടിക്കുറക്കാന്‍ ഇലോണ്‍ മസ്‌ക് ഒരു വശത്ത് ശ്രമം നടത്തുമ്പോള്‍ മറുവശത്ത് മസ്‌കിന്റെ തന്നെ കവചിത വാഹനങ്ങള്‍ വാങ്ങാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വന്‍തുക ചെലവഴിക്കാന്‍ തയാറാകുന്നതായി റിപ്പോര്‍ട്ട്. വകുപ്പ് പുറത്തിറക്കിയ പ്രതീക്ഷിത ചെലവുകളുടെ റിപ്പോര്‍ട്ടിലാണ് ആയുധവല്‍ക്കരിച്ച ടെസ്ല വാഹനങ്ങള്‍ വാങ്ങുന്നതിനായി 400 മില്യണ്‍ ഡോളര്‍ വകയിരുത്തുന്നതിനുള്ള തീരുമാനം ഉള്ളത്. ബുള്ളറ്റ് പ്രൂഫെന്ന് മസ്‌ക് അവകാശപ്പെടുന്ന സൈബര്‍ ട്രക്കുകളും ഏറ്റവും പുതിയ മോഡല്‍ ഇലക്ട്രിക് പിക്അപ്പുകളുമാണ് ഡിപ്പാര്‍ട്ട്‌മെന്റ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്.

പുതിയ വെളിപ്പെടുത്തലിലൂടെ യു.എസ് ഗവണ്‍മെന്റ് കരാറുകളെ തന്റെ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുന്ന ഇലോണ്‍ മസ്‌കിന്റെ പ്രവണത കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കും. മസ്‌കിന്റെ 383 ബില്യണ്‍ ഡോളര്‍ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ലയുടെ ഓഹരിയാണ്.
ലോകത്തിലെ ഏറ്റവും ധനികനായ മനുഷ്യന്റെ റോക്കറ്റ് കമ്പനിയായ സ്പേസ് എക്സ് ഇതിനകം തന്നെ യു.എസ് സര്‍ക്കാറിന്റെ ബഹിരാകാശ വിക്ഷേപണ സംവിധാനങ്ങള്‍ ഒരുക്കുന്ന 38.5 മില്യണ്‍ ഡോളറിന്റെ സുപ്രധാന കരാര്‍ നേടിയത് ലിബറലുകളെ പ്രകോപിപ്പിച്ചിട്ടുണ്ട്. സ്വതന്ത്ര ഏജന്‍സിയായ നാസയാണ് കരാര്‍ നല്‍കിയത്.

ട്രംപിന്റെ കാര്യക്ഷമതാ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായി ട്രംപ് മസ്‌കിനെ തന്നെയാണ് നിയമിച്ചിരിക്കുന്നത്. അനാവശ്യ ചെലവ് വരുത്തുന്നുവെന്നാരോപിച്ച് പല വകുപ്പുകളും മസ്‌ക് ഒഴിവാക്കി. ഈ നടപടിക്കെതിരെ ഭരണഘടനാ വിരുദ്ധമെന്ന വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും ഇതിനെതിരെ വിമര്‍ശനങ്ങളാണ് വ്യാപകമായിട്ടുണ്ട്.

സെപ്റ്റംബറോടുകൂടി ടെസ്ലക്ക് കരാര്‍ നല്‍കാനാണ് സ്റ്റേറ്റ് ഫോര്‍കാസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശം. ഡിപ്പാര്‍ട്ട്‌മെന്റ് വെബ്‌സൈറ്റില്‍ കരാറുമായി ബന്ധപ്പെട്ട രണ്ട് രേഖകളാണ് ലഭ്യമാക്കിയിട്ടുള്ളത്. ഒന്ന് 2024 ഡിസംബര്‍ 13ന് അവസാനിച്ച ടെസ്ലയുമായുള്ള കരാറിനെക്കുറിച്ചുള്ളതും മറ്റൊന്ന് കരാറിന്റെ പുതിയ രൂപവുമാണ്. 'ടെസ്ല' എന്ന പേര് നീക്കി, ബ്രാന്‍ഡിന്റെ പേര് പരാമര്‍ശിക്കാതെ കവചിത വാഹനം വാങ്ങുമെന്നാണ് പറഞ്ഞിട്ടുള്ളത്. യു.എസ് ഗവണ്‍മെന്റ് പതിവായി കവചിത വാഹനങ്ങള്‍ വാങ്ങാറുണ്ട്. ഇതേരേഖകളില്‍ തന്നെയാണ് കവചിത സെഡാന്‍, കവചിത ഇ.വി, കവചിത ബി.എം.ഡബ്ല്യു എക്‌സ് 5/ എക്‌സ് 7 എന്നിവ വാങ്ങുന്നതിനുള്ള തീരുമാനവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംഭവത്തില്‍ ടെസ്ലയുടെയും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും മറുപടിയാണ് ഇനി വരേണ്ടത്.