യുഎസുമായി ആദ്യം വ്യാപാരക്കരാറുണ്ടാക്കുക ഇന്ത്യയാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി

യുഎസുമായി ആദ്യം വ്യാപാരക്കരാറുണ്ടാക്കുക ഇന്ത്യയാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി


ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരച്ചുങ്കത്തില്‍നിന്ന് ഇളവ് കിട്ടുന്നതിനായി യുഎസുമായി ആദ്യം വ്യാപാരക്കരാറുണ്ടാക്കുക ഇന്ത്യയാകുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്.
ഇന്ത്യയുഎസ് വ്യാപാരക്കരാര്‍ യാഥാര്‍ഥ്യത്തിലേക്കടുത്തെന്ന് ലോകബാങ്ക് അന്താരാഷ്ട്രനാണ്യനിധി വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ബുധനാഴ്ച മാധ്യമങ്ങളോട് സംസാരിക്കവേ ബെസെന്റ് പറഞ്ഞു.
ഇന്ത്യ ഒരുപാടുത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന തീരുവ ചുമത്തുന്നില്ല. തീരുവയിതര വ്യാപാരതടസ്സങ്ങള്‍ ഇന്ത്യയ്ക്ക് കുറവാണ്. കറന്‍സിയില്‍ കൃത്രിമത്വമില്ല. സര്‍ക്കാര്‍ സബ്‌സിഡികള്‍ തീരേ കുറവാണ്. അതുകൊണ്ടുതന്നെ അവരുമായി വ്യാപാരക്കരാറിലെത്തുന്നത് താരതമ്യേന വളരെ എളുപ്പമാണ്.' ബെസെന്റ് പറഞ്ഞു.
ഏപ്രില്‍ രണ്ടിനാണ് ഉയര്‍ന്നതീരുവ ചുമത്തുന്നെന്നാരോപിച്ച് 60 ഓളം രാജ്യങ്ങള്‍ക്ക് യുഎസ് പകരച്ചുങ്കം പ്രഖ്യാപിച്ചത്. എന്നാല്‍, മിക്കരാജ്യങ്ങളും വ്യാപാര ചര്‍ച്ചയ്ക്ക് സന്നദ്ധമായതിനാല്‍ കരാര്‍ 90 ദിവസത്തേക്ക് മരവിപ്പിച്ചു. 26 ശതമാനം പകരച്ചുങ്കമാണ് യുഎസ് ഇന്ത്യയ്ക്ക് പ്രഖ്യാപിച്ചത്. ജൂലായ് എട്ടിന് ഈ പരിധി അവസാനിക്കാനിരിക്കേ യുഎസുമായി രാജ്യങ്ങളെല്ലാം വ്യാപാരചര്‍ച്ചയ്ക്ക് തുടക്കമിട്ടിട്ടുണ്ട്.

മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫുകളും താരിഫ് ഇതര തടസ്സങ്ങളും തകര്‍ക്കണമെന്നും അതുപോലെ തന്നെ യുഎസ് വ്യാപാര കമ്മി ഇല്ലാതാക്കണമെന്നും പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച നേരത്തെ, ജയ്പൂരില്‍ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ഇന്ത്യ താരിഫ് ഇതര തടസ്സങ്ങള്‍ ഒഴിവാക്കാനും, വിപണികളിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കാനും, കൂടുതല്‍ അമേരിക്കന്‍ ഊര്‍ജ്ജ, സൈനിക ഹാര്‍ഡ്‌വെയര്‍ വാങ്ങാനും ആവശ്യപ്പെട്ടു. 'സമൃദ്ധവും സമാധാനപരവുമായ' 21ാം നൂറ്റാണ്ടിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ വിശാലമായ രൂപരേഖ അദ്ദേഹം അവതരിപ്പിച്ചു.

ഫെബ്രുവരിയിലെ കണക്കനുസരിച്ച് യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന വസ്തുക്കളുടെ ഏകദേശം 3 ശതമാനം ഇന്ത്യയുടേതാണ് എന്നാണ് സെന്‍സസ് ബ്യൂറോയില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് പറയുന്നത്. 2024 ല്‍ ഇന്ത്യയുമായി യുഎസിന് 45.7 ബില്യണ്‍ യുഎസ് ഡോളറിന്റെ വ്യാപാര കമ്മി ഉണ്ടായിരുന്നു എന്ന് യുഎസ് വ്യാപാര പ്രതിനിധി ഓഫീസ് പറയുന്നു.