കോഴിക്കോട്: ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ (92) അന്തരിച്ചു. കോഴിക്കോട് മലാപ്പറമ്പിലെ വസതിയില്‍ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നാണ് വിയോഗം. കേരളത്തിലെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ പ്രതിഭയാണ് എംജിഎസ് നാരായണന്‍. ഒന്നരപതിറ്റാണ്ടോളം കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗം മേധാവിയായിരുന്നു. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീ സെന്ററിന്റെ ഡയറകടറായി പ്രവര്‍ത്തിച്ചിരുന്നു.
മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിട്ടായിരുന്നു എംജിഎസിന്റെ തുടക്കം. 1973 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 1970 മുതല്‍ 1992 ല്‍ വിരമിക്കുന്നതു വരെ കാലിക്കറ്റ് സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി,
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറിചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ലണ്ടന്‍ സര്‍വകലാശാല കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫെലോ, ടോക്യോവില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്നു
കേരളത്തിലെ ചേര പെരുമാളുകളെ പരാമര്‍ശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങള്‍ എംജിഎസ് കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ ചരിത്രപരിചയം, സാഹിത്യ അപരാധങ്ങള്‍, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും, പെരുമാള്‍സ് ഓഫ് കേരള എന്നിവയാണ് പ്രമുഖ പുസ്തകങ്ങള്‍. പെരുമാള്‍സ് ഓഫ് കേരള പലപ്പോഴും എംജി എസിന്റെ മാസ്റ്റര്‍പീസ് എന്നാണ് വിളിക്കപ്പെടുന്നത്.
2019 ല്‍ എംജിഎസിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ജാലകങ്ങള്‍ എന്ന് പുസ്തകത്തിനാണ് പുരസ്‌കാരം.
സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ ആധുനികാനന്തര കേരളത്തിന്റെയും ഇന്ത്യയുടെയും സാമൂഹിക ജീവിതം രേഖപ്പെടുത്തിയ പുസ്തകമായിരുന്നു ജാലകങ്ങള്‍.
ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു
