വഷളായ ഇന്ത്യ-പാക് ബന്ധം പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കാമെന്ന് ഇറാൻ

വഷളായ ഇന്ത്യ-പാക് ബന്ധം പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കാമെന്ന് ഇറാൻ


തെഹ്രാൻ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ വഷളായ ഇന്ത്യ പാക് ബന്ധം പഴയ നിലയിലേക്ക് തിരിച്ചെത്തിക്കാൻ സഹായിക്കാൻ തയാറാണെന്ന് ഇറാൻ. ഇസ്‌ലാമാബാദിലെയും ന്യൂഡൽഹിയിലെയും തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താൻ ഒരുക്കമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അറഘ്ച്ചി പറഞ്ഞു.

മേഖലയിലെ സമാധാനത്തിന്റെയും സ്ഥിരതയുടെയും പ്രാധാന്യം ഇറാൻ വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയെയും പാകിസ്താനെയും 'സഹോദര അയൽക്കാർ' എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.

'ഇന്ത്യയും പാകിസ്താനും ഇറാന്റെ സഹോദര അയൽക്കാരാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള സാംസ്‌കാരിക, നാഗരിക ബന്ധങ്ങളിൽ വേരൂന്നിയ ബന്ധം. മറ്റ് അയൽക്കാരെപ്പോലെ, അവരെ ഞങ്ങൾ ഞങ്ങളുടെ മുൻഗണനയായി കണക്കാക്കുന്നു. ഈ ദുഷ്‌കരമായ സമയത്ത് കൂടുതൽ പരസ്പര ധാരണ സ്ഥാപിക്കുന്നതിന് ഇസ്‌ലാമാബാദിലെയും ന്യൂഡൽഹിയിലെയും ഓഫീസുകൾ ഉപയോഗിക്കാൻ ഇറാൻ തയാറാണ് അദ്ദേഹം എക്‌സിൽ കുറിച്ചു.