വെടിനിര്‍ത്തലിനുവേണ്ടി അമേരിക്കയുടെ മധ്യസ്ഥതയില്‍ ചര്‍ച്ചകള്‍ തുടരുന്ന റഷ്യയും യുക്രെയ്‌നും 'ഒരു കരാറിന് വളരെ അടുത്തെത്തി എന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും മോസ്‌കോയില്‍ ചര്‍ച്ച നടത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് കരാറിലേയ്ക്കുള്ള അകലം കുറഞ്ഞുവെന്ന് ട്രംപ് പറഞ്ഞത്.
ചര്‍ച്ചകള്‍ക്ക് 'നല്ല ദിവസമായിരുന്നു' എന്ന് ട്രംപ് പറഞ്ഞു, അതേസമയം യുക്രെയ്ന്‍ പങ്കെടുത്തിട്ടില്ലാതിരുന്ന ചര്‍ച്ചകളെ 'സൃഷ്ടിപരം' എന്നാണ് ക്രെംലിന്‍ വിശേഷിപ്പിച്ചത്.
'മിക്ക പ്രധാന കാര്യങ്ങളും അംഗീകരിച്ചിട്ടുണ്ട്' എന്ന് നേരത്തെ, സോഷ്യല്‍ മീഡിയയില്‍ ട്രംപ് പറഞ്ഞു. കൂടാതെ 'വളരെ ഉയര്‍ന്ന തലങ്ങളില്‍' കൂടിക്കാഴ്ച നടത്താനും 'കരാര്‍ അന്തിമമാക്കാനും' റഷ്യയും ഉക്രെയ്‌നും ആവശ്യപ്പെട്ടുവെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, ഉപാധികളില്ലാത്ത വെടിനിര്‍ത്തല്‍ അംഗീകരിക്കാന്‍ 'റഷ്യയുടെ മേല്‍ യഥാര്‍ത്ഥ സമ്മര്‍ദ്ദം ആവശ്യമാണെന്ന്' വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ വീഡിയോ പ്രസംഗത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞു.
'പൂര്‍ണ്ണവും നിരുപാധികവുമായ വെടിനിര്‍ത്തല്‍' അംഗീകരിച്ചാല്‍ കൈവും മോസ്‌കോയും തമ്മിലുള്ള പ്രദേശിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന് സെലെന്‍സ്‌കി ബിബിസിയോട് പറഞ്ഞു.
റഷ്യ പിടിച്ചടക്കിയ ഭൂമിയുടെ വലിയൊരു ഭാഗം യുഎസ് സമാധാന നിര്‍ദ്ദേശപ്രകാരം യുക്രെയ്ന്‍ ഉപേക്ഷിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ശനിയാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനായി റോമിലെത്തിയ ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്, 2014ല്‍ മോസ്‌കോ നിയമവിരുദ്ധമായി പിടിച്ചെടുത്ത ക്രിമിയന്‍ ഉപദ്വീപ് റഷ്യ കൈവശം വയ്ക്കുന്നതിനെ പിന്തുണയ്ക്കുമെന്നാണ്. എന്നാല്‍ ഈ ആശയം സെലെന്‍സ്‌കി അംഗീകരിക്കുന്നില്ല.
2022ല്‍ ആണ് റഷ്യ ഉക്രെയ്‌നിനെതിരെ പൂര്‍ണ്ണ തോതിലുള്ള അധിനിവേശം ആരംഭിച്ചത്. നിലവില്‍ മോസ്‌കോയാണ് യുക്രെയ്‌നിന്റെ ഏകദേശം 20% പ്രദേശവും നിയന്ത്രിക്കുന്നത്.
ഉന്നതതല ചര്‍ച്ചകള്‍ക്ക് മുന്നോടിയായി വിറ്റ്‌കോഫിനെ വഹിച്ചുകൊണ്ടുള്ള കാറുകളുടെ കൂട്ടം എത്തിയതിനാല്‍ വെള്ളിയാഴ്ച മോസ്‌കോയില്‍ ഗതാഗതസ്തംഭനമുണ്ടായി. വര്‍ഷാരംഭത്തിനുശേഷം അദ്ദേഹം റഷ്യയിലേക്ക് നടത്തിയ നാലാമത്തെ സന്ദര്‍ശനമാണിത്.
മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചകളെ 'വളരെ ഉപകാരപ്രദം' എന്ന് പുടിന്റെ സഹായി യൂറി ഉഷാക്കോവ് വിശേഷിപ്പിച്ചു.
'യുക്രെയ്‌നില്‍ മാത്രമല്ല, മറ്റ് നിരവധി അന്താരാഷ്ട്ര വിഷയങ്ങളിലും റഷ്യന്‍, യുഎസ് നിലപാടുകളെ ഇത് കൂടുതല്‍ അടുപ്പിച്ചു' എന്ന് അദ്ദേഹം പറഞ്ഞു.
റഷ്യയും യുക്രെയ്‌നും 'കരാറിന് അടുത്തെത്തി' - ട്രംപ്
