' രണ്ടുകൂട്ടരും വേണ്ടപ്പെട്ടവര്‍' - ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് ട്രംപ്

' രണ്ടുകൂട്ടരും വേണ്ടപ്പെട്ടവര്‍' - ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് ട്രംപ്


വാഷിംഗ്ടന്‍: ഖ്‌സമീരിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് കൂടുതല്‍ വഷളായ ഇന്ത്യ-പാക്കിസ്താന്‍ സംഘര്‍ഷത്തില്‍ ഇടപെടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇരു രാജ്യങ്ങളും ചേര്‍ന്നു പ്രശ്‌നം പരിഹരിക്കുമെന്നും ഇന്ത്യയും പാക്കിസ്താനുമായി തനിക്ക് നല്ല ബന്ധമാണെന്നും ട്രംപ് പറഞ്ഞു. ഭീകാരക്രമണം നടന്നയുടെ ഇന്ത്യയ്ക്ക് അമേരിക്കയുടെ മുഴുവന്‍ പിന്തുണയും പ്രഖ്യാപിക്കുകയും ആക്രമണത്തെ അപലപിക്കുകയും ചെയ്ത ട്രംപിന്റെ മുന്‍ നിലപാടില്‍ നിന്നുള്ള പിന്‍വാങ്ങലാണെന്ന് തോന്നിപ്പിക്കുന്ന പ്രതകികരണമാണ് ട്രംപ് നടത്തിയത്.


''ഞാന്‍ ഇന്ത്യയുമായി വളരെ അടുത്തയാളാണ്, പാക്കിസ്താനുമായും വളരെ അടുത്തയാളാണ്. നിങ്ങള്‍ക്കറിയാവുന്നതുപോലെ, അവര്‍ കശ്മീരില്‍ ആയിരം വര്‍ഷമായി പോരാടുന്നു. ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍. ഇന്ത്യയിലുണ്ടായതു ഭീകരാക്രമണമായിരുന്നു. 1,500 വര്‍ഷമായി ആ അതിര്‍ത്തിയില്‍ സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നു. അത് അങ്ങനെ തന്നെയായിരുന്നു. പക്ഷേ അവര്‍ അത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. രണ്ട് നേതാക്കളെയും എനിക്കറിയാം. പാക്കിസ്താനും ഇന്ത്യയും തമ്മില്‍ വലിയ സംഘര്‍ഷമുണ്ട്. എപ്പോഴും അങ്ങനെ ഉണ്ടായിട്ടുണ്ട്''- ട്രംപ് പറഞ്ഞു.


നേരത്തേ, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ ഭീകരാക്രമണത്തെ ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഹീനമായ ആക്രമണത്തിനു പിന്നിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ ഇന്ത്യയ്ക്ക് പൂര്‍ണ പിന്തുണയും അദ്ദേഹം അറിയിച്ചിരുന്നു. ആക്രമണം റിപ്പോര്‍ട്ട് ചെയ്ത ന്യൂയോര്‍ക്ക് ടൈംസിന്റെ മൃദുഭാഷയെ ട്രംപ് ഭരണകൂടം വിമര്‍ശിക്കുകയും ചെയ്തിരുന്നു. കശ്മീരില്‍ ഭീകരാക്രമണം എന്നതിനു പകരം 'പോരാളികളുടെ വെടിവെയ്പ്പ്' എന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. വെറും വെടിവയ്പ് അല്ല ഭീകരാക്രമണം ആണ് എന്ന തിരുത്തലോടെ യുഎസ് ഭരണകൂടം പത്രത്തെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.