ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഓഗസ്റ്റ് 27 മുതല്‍ 50% താരിഫ് ഏര്‍പ്പെടുത്തുന്നതിന് മുമ്പുതന്നെ, അരി, ട്രാക്ടറുകള്‍, ചില രത്‌നങ്ങള്‍, ആഭരണങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്ന ഇന്ത്യന്‍ വ്യവസായികള്‍ യുഎസിന് പുറത്ത് മറ്റ് വിപണികളിലേക്ക് തങ്ങളുടെ വ്യാപാരം വിപുലീകരിച്ചു തുടങ്ങിയതായി റിപ്പോര്‍ട്ട്.
ജൂണ്‍ പാദത്തില്‍ യുഎസിലേക്കുള്ള രത്‌നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 20% കുറഞ്ഞ് 642.9 മില്യണ്‍ ഡോളറിലെത്തി, അതേസമയം യുഎഇയിലേക്കുള്ള 76% വര്‍ദ്ധിച്ച് 1.6 ബില്യണ്‍ ഡോളറിലെത്തി. ഇതേ കാലയളവില്‍ യുഎസിലേക്കുള്ള അരി കയറ്റുമതി 4.8% കുറഞ്ഞപ്പോള്‍ ബംഗ്ലാദേശ്, യുഎഇ, ടോഗോ, കെനിയ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി ഉയര്‍ന്നു.
അതുപോലെ, 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ യുഎസിലേക്കുള്ള ചിലതരം ട്രാക്ടറുകളുടെ ഇന്ത്യയുടെ കയറ്റുമതി 22% കുറഞ്ഞപ്പോള്‍ ഇറ്റലി, ബംഗ്ലാദേശ്, ബെല്‍ജിയം എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി വര്‍ദ്ധിച്ചു.
'ഇതിനകം പത്തോളം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ യുഎസില്‍ നിന്ന് മറ്റു രാജ്യങ്ങളിലേക്ക് മാറ്റി കയറ്റുമതി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഓഗസ്റ്റ് 1 മുതല്‍ യുഎസ് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25% തീരുവ ചുമത്തി, ഇന്ത്യ റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങിയതിനെത്തുടര്‍ന്ന് ഓഗസ്റ്റ് 27 മുതല്‍ ഇത് 50% ആയി ഇരട്ടിയാക്കി.
ഉയര്‍ന്ന യുഎസ് താരിഫുകള്‍ക്ക് മറുപടിയായി വാണിജ്യ വ്യവസായ മന്ത്രാലയം ഘട്ടം ഘട്ടമായുള്ള കയറ്റുമതി വൈവിധ്യവല്‍ക്കരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. നിര്‍ണായകമായ എച്ച്എസ് കോഡുകള്‍, ക്ലസ്റ്ററുകള്‍, ഇതര വിപണികള്‍ എന്നിവ മാപ്പ് ചെയ്തുകൊണ്ടുള്ള ബഹുമുഖ തന്ത്രങ്ങളാണുള്ളതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'യൂറോപ്യന്‍ യൂണിയന്‍. യുകെ, യുഎഇ, ജപ്പാന്‍, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ നിലവിലുള്ള വിപണികളിലേക്കുള്ള കയറ്റുമതി ഹ്രസ്വകാലത്തേക്ക് വര്‍ദ്ധിപ്പിക്കാന്‍ പദ്ധതിയിടുന്നതായി രണ്ടാമത്തെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, കിഴക്കന്‍ യൂറോപ്പ്, കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ പുതിയതും ഉപയോഗിക്കാത്തതുമായ വിപണികളില്‍ പ്രവേശിക്കുക എന്നതാണ് ദീര്‍ഘകാല തന്ത്രം.'
രത്‌നങ്ങള്‍, ആഭരണങ്ങള്‍, ജൈവ രാസവസ്തുക്കള്‍ തുടങ്ങിയ ചില ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസിനും അടുത്ത ഏറ്റവും വലിയ കയറ്റുമതി ലക്ഷ്യസ്ഥാനത്തിനും ഇടയില്‍ 10% ല്‍ താഴെ താരിഫ് വിടവ് ഉണ്ടെന്നും മറ്റു ചിലതിന് 15% ആണെന്നും ഒരു വിശകലനം ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വൈവിധ്യവല്‍ക്കരണത്തിന് സാധ്യത നല്‍കുന്ന ഉല്‍പ്പന്നങ്ങള്‍ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ മൂന്നിലൊന്ന് വരും.
യുഎസിലേക്കുള്ള ഒരു പ്രധാന കയറ്റുമതി ധാതു ഇന്ധനങ്ങളാണ്. യുഎസിലേക്കുള്ള ഇന്ത്യയുടെ മൊത്തം കയറ്റുമതിയില്‍ 6.3 ശതമാനം ധാതു ഇന്ധനങ്ങളാണ്. എന്നാല്‍ മുന്‍നിര വിപണിയായ നെതര്‍ലന്‍ഡ്‌സിലേക്ക് 19.7% ആണ് കയറ്റുമതി.
ഇന്ത്യന്‍ പ്ലാസ്റ്റിക്കുകള്‍, ഇരുമ്പ്, സ്റ്റീല്‍ വസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്ക് യുഎഇ രണ്ടാമത്തെ വലിയ വിപണിയാണ്, അതേസമയം ഫാര്‍മസ്യൂട്ടിക്കല്‍, വസ്ത്രങ്ങള്‍ എന്നിവയുടെ കയറ്റുമതി യുകെയിലേക്ക് വിപുലീകരിക്കാന്‍ കഴിയും. അതുപോലെ, ഇന്ത്യന്‍ സ്റ്റീല്‍ ബോയിലറുകള്‍ക്കും യന്ത്രസാമഗ്രികള്‍ക്കും യുഎസ് കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ വിപണി സിംഗപ്പൂര്‍ ആണ്.
'മെഷിനറികള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍, ജൈവ രാസവസ്തുക്കള്‍, ധാതുക്കള്‍ എന്നിവയ്ക്കായി, ഈ മേഖലകളിലെ ഞങ്ങളുടെ മൊത്തം കയറ്റുമതിയില്‍ ഇതിനകം തന്നെ ഗണ്യമായ പങ്ക് വഹിക്കുന്ന മറ്റ് വിപണികളിലേക്ക് കയറ്റുമതി തിരിച്ചുവിടുന്നത് ഇന്ത്യയ്ക്ക് എളുപ്പമായിരിക്കുമെന്ന് എച്ച്ഡിഎഫ്‌സി ബാങ്കിലെ പ്രധാന സാമ്പത്തിക വിദഗ്ദ്ധ സാക്ഷി ഗുപ്ത പറഞ്ഞു.
യുഎസ് താരിഫ് വര്‍ദ്ധന: ഇന്ത്യന്‍ കയറ്റുമതിക്കാര്‍ പുതിയ വിപണികളിലേക്ക് തിരിയുന്നു
