ബെര്‍ലിന്‍: ബെര്‍ലിനില്‍ ആള്‍ക്കൂട്ടത്തിലേക്ക് ബി എം ഡബ്ല്യു കാര്‍ ഇടിച്ചു കയറി കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടമാണോ ആക്രമണമാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
വെഡ്ഡിങ് ജില്ലയിലെ സീസ്‌ട്രേയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ക്ക് പരിക്കേറ്റത്. ഒരാളുടെ പരിക്ക് ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഏഴും എട്ടും വയസ്സ് പ്രായമുള്ള കുട്ടികളെ കാര്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അധ്യാപകര്‍ക്കൊപ്പം നടക്കുകയായിരുന്ന കുട്ടികളിലേകക്കാണ് കാര്‍ ഇടിച്ചുകയറിയതെന്നാണ് ബെര്‍ലിന്‍ അഗ്നിശമന സേനയുടെ വക്താവ് സ്ഥിരീകരിച്ചത്. കുട്ടികളോടൊപ്പമുണ്ടായിരുന്ന അധ്യാപകനാണ് ഗുരുതരമായി പരിക്കേറ്റത്.
ഡ്രൈവര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
മാര്‍ച്ച് ആദ്യം പശ്ചിമ ജര്‍മന്‍ നഗരമായ മാന്‍ഹൈമില്‍ ഒരു കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി രണ്ട് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നഗരത്തില്‍ കാര്‍ണിവല്‍ പരേഡുകള്‍ക്കായി ജനക്കൂട്ടം ഒത്തുകൂടിയപ്പോഴാണ് സംഭവം. പാരഡെപ്ലാറ്റ്‌സ് സ്‌ക്വയറില്‍ നിന്ന് നഗരത്തിലെ പ്രശസ്തമായ വാട്ടര്‍ ടവറിലേക്ക് കറുത്ത എസ് യു വി ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ഫെബ്രുവരിയില്‍ ഡൗണ്‍ടൗണിന് സമീപം ഒരാള്‍ വാഹനം ആളുകളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ പലരും ഗുരുതരാവസ്ഥയിലാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. ഡിസംബറില്‍ ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗില്‍ ക്രിസ്മസ് മാര്‍ക്കറ്റിലെ ജനക്കൂട്ടത്തിലേക്ക് കാര്‍ ഇടിച്ചുകയറി ഒരു കുട്ടി ഉള്‍പ്പെടെ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.