ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ എയര്‍ലൈനായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ എയര്‍ലൈനായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്


ന്യൂഡല്‍ഹി : സീറ്റ് കപ്പാസിറ്റിയുടെ കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന രണ്ടാമത്തെ എയര്‍ലൈനായി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. വര്‍ഷം തോറും 10.1 ശതമാനം വര്‍ധിച്ച് 2024ല്‍ ഇന്‍ഡിഗോയുടെ സീറ്റ് കപ്പാസിറ്റി 134.9 ദശലക്ഷത്തിലെത്തി. ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡിന്റെ (ഒഎജി) ഏറ്റവും പുതിയ ഡേറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സീറ്റ് കപ്പാസിറ്റിയില്‍ 10.4 ശതമാനം വളര്‍ച്ച കൈവരിച്ച ഖത്തര്‍ എയര്‍വേയ്‌സിന് തൊട്ടുപിന്നിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ സ്ഥാനം നേടിയത്. 2024ല്‍ 9.7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ, ഫ്‌ലൈറ്റ് ഫ്രീക്വന്‍സി വളര്‍ച്ചയുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍ലൈനായും ഇന്‍ഡിഗോ റാങ്ക് ചെയ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം എയര്‍ലൈന്‍ 749,156 ഫ്‌ലൈറ്റ് ഫ്രീക്വന്‍സി രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിലെ ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയ കമ്പനിയും ഇന്‍ഡിഗോയാണ്. കമ്പനി 900ലധികം വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ടെന്നും 2024ല്‍ 58 പുതിയ എയര്‍ബസ് വിമാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഒഎജി രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, എംആര്‍ഒയുമായി ബന്ധപ്പെട്ട സപ്ലൈ ചെയിന്‍ പ്രശ്‌നങ്ങള്‍ കാരണം എയര്‍ലൈനിന്റെ വലിയൊരു ഭാഗം (ഏകദേശം 80 വിമാനങ്ങള്‍) നിഷ്‌ക്രിയമാണെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്‍ഡിഗോയുടെ ശേഷിയുടെ 88 ശതമാനവും ആഭ്യന്തര വിപണികള്‍ക്കായി നീക്കിവച്ചിട്ടുണ്ടെങ്കിലും, 2024ല്‍ അന്താരാഷ്ട്ര വളര്‍ച്ച എയര്‍ലൈനിന്റെ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു.

ഇതിന്റെ ഭാഗമായി റീജണല്‍ മിഡില്‍ ഈസ്റ്റ് വിപണികളിലും തായ്‌ലന്‍ഡിലുമാണ് കമ്പനി ഏറെ ശ്രദ്ധ കേന്ദ്രീകരിച്ചത്. ദീര്‍ഘകാലത്തേക്ക് കുറഞ്ഞ ചെലവിലുള്ള സേവനം വികസിപ്പിക്കുന്നതും ഇന്‍ഡിഗോയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. അതേസമയം 2025 മാര്‍ച്ച് 31ന് അവസാനിച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്‌ടോബര്‍ഡിസംബര്‍ പാദത്തില്‍ ഇന്‍ഡിഗോ 2,449 കോടി രൂപയുടെ അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു.

മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 18 ശതമാനം ഇടിവാണ് ഇത് കാണിക്കുന്നത്. എന്നിരുന്നാലും, ഓപ്പറേഷനുകളില്‍ നിന്നുള്ള എയര്‍ലൈനിന്റെ വരുമാനം ഈ പാദത്തില്‍ 14 ശതമാനം വര്‍ധിച്ച് 22,111 കോടി രൂപയായി. ഈ പാദത്തിലെ ഇന്‍ഡിഗോയുടെ മൊത്തം വരുമാനം 22,992.8 കോടി രൂപയായിരുന്നു.

മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 14.6 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. എയര്‍ലൈനിന്റെ മൊത്തം ചെലവ് 20,465.7 കോടി രൂപയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19.9 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.