രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയില്‍ കേരളത്തിന്റെ സ്ഥാനം ഇടിഞ്ഞു

രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയില്‍ കേരളത്തിന്റെ സ്ഥാനം ഇടിഞ്ഞു


കൊച്ചി: രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയില്‍ കേരളം പിന്നാക്കം പോയതായി കണക്കുകള്‍. ഇന്ത്യയുടെ സമുദ്രോല്പന്ന കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കേരളം പുതുക്കിയ കണക്കുകളനുസരിച്ച് മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ സമുദ്രോത്പന്ന കയറ്റുമതി കണക്കുകളനുസരിച്ച് കേരളം ആന്ധ്രപ്രദേശിനും തമിഴ്‌നാടിനും പിന്നിലാണ്. മൂല്യവര്‍ധിത ഉത്പന്നങ്ങളിലുള്‍പ്പെടെ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പദ്ധതികള്‍ തയ്യാറാക്കിയാലേ കേരളത്തിന് ഈ മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനാകൂ.
ഒന്നാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശ് 2024-25 വര്‍ഷത്തില്‍ 2,536.77 മില്യണ്‍ യുഎസ് ഡോളറിന്റെ (21,816 കോടി രൂപ) സമുദ്രോത്പന്ന കയറ്റുമതിയാണ് നടത്തിയത്.

ഈ കാലത്ത് കേരളത്തില്‍നിന്നുള്ള കയറ്റുമതി 829.42 മില്യണ്‍ യുഎസ് ഡോളറിന്റേതാണ് (7133 കോടി). 202324 വര്‍ഷം കേരളത്തില്‍നിന്നുള്ള കയറ്റുമതി 882 മില്യണ്‍ യുഎസ് ഡോളറിന്റേതായിരുന്നു (7585 കോടി).

മത്സ്യബന്ധനത്തിലുണ്ടായ ഇടിവുള്‍പ്പെടെയുള്ള ഘടകങ്ങള്‍ കേരളത്തിന് ദോഷം ചെയ്തു. സമുദ്രോത്പന്ന കയറ്റുമതിയില്‍ പുതുമുഖമായ തെലങ്കാന കഴിഞ്ഞ സാമ്പത്തിക വര്‍ഷം 73.44 മില്യണ്‍ യുഎസ് ഡോളറിന്റെ (631 കോടി) കയറ്റുമതിയാണ് നടത്തിയത്.

രാജ്യത്തെ തുറമുഖങ്ങളില്‍നിന്നുള്ള കയറ്റുമതിയില്‍ കൊച്ചി തുറമുഖം മൂന്നാം സ്ഥാനത്തുണ്ട്. വിശാഖപട്ടണം (31.52%), നവി മുംബൈയിലെ ജെഎന്‍പിടി (10.81%), കൊച്ചി (9.70%), ചെന്നൈ (7.75%), കൊല്‍ക്കത്ത (7.49%) എന്നിങ്ങനെയാണ് തുറമുഖങ്ങളില്‍നിന്നുള്ള കയറ്റുമതിയുടെ കണക്ക്.

130 രാജ്യങ്ങളിലേക്കാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യയില്‍നിന്ന് സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തത്.

ശ്രദ്ധവേണം മൂല്യവര്‍ധിത ഉത്പന്നങ്ങളില്‍

കേരളം മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയര്‍മാന്‍ ഡി.വി. സ്വാമി ചൂണ്ടിക്കാണിക്കുന്നു.

മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതിയുടെ കാര്യത്തില്‍ കേരളത്തിന്റെ വിഹിതം ഇപ്പോള്‍ 10.51 ശതമാനമാണ്.

ആന്ധ്രപ്രദേശിന്റേത് 49.48 ശതമാനവും തമിഴ്‌നാടിന്റേത് 18.37 ശതമാനവും മഹാരാഷ്ട്രയുടേത് 17.18 ശതമാനവുമാണ്. എന്നാല്‍, ഉത്പന്ന വൈവിധ്യം കേരളത്തില്‍ ഏറെയുണ്ട്. ഇതുപയോഗപ്പെടുത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മഴ കനക്കുന്നത് ഉള്‍പ്പെടെയുള്ള പ്രകൃതി പ്രതിഭാസങ്ങള്‍ മൂലവും മറ്റും മത്സ്യബന്ധനത്തിന് വിലക്ക് വരുന്നത് കേരളത്തില്‍ പിടിക്കുന്ന മീനിന്റെ അളവ് കുറയ്ക്കുന്നുണ്ട്. ചെറിയ മത്സ്യങ്ങള്‍ പിടിച്ച് ഫിഷ്മീല്‍ ഫാക്ടറികളിലേക്ക് നല്‍കുന്നതും ലഭ്യതക്കുറവിന് കാരണമാകുന്നു.
സംസ്ഥാനാടിസ്ഥാനത്തിലുള്ള സമുദ്രോത്പന്ന കയറ്റുമതി

    ആന്ധ്രപ്രദേശ് - 2,536.77 മില്യണ്‍ യുഎസ് ഡോളര്‍ (21,816 കോടി)
    തമിഴ്‌നാട് - 840.11 മില്യണ്‍ യുഎസ് ഡോളര്‍ (7225 കോടി)
    കേരളം - 829.42 മില്യണ്‍ യുഎസ് ഡോളര്‍ (7133 കോടി)
    ഗുജറാത്ത് - 702.75 മില്യണ്‍ യുഎസ് ഡോളര്‍ (6043 കോടി)
    ബംഗാള്‍ - 518.71 മില്യണ്‍ യുഎസ് ഡോളര്‍ (4461 കോടി)