ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിലക്കയറ്റം ഉയര്‍ന്നു നില്‍ക്കുന്നതിന് കാരണം താഴ്ന്ന വരുമാനമുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റമാണെന്ന് കണ്ടെത്തല്‍.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠന റിപ്പോര്‍ട്ടിലാണ് ഈ വിവരം. താഴ്ന്ന വരുമാനമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി പേരാണ് കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലേക്ക് തൊഴില്‍ തേടി എത്തുന്നത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ വരവ് വിലക്കയറ്റം ഉയര്‍ന്ന തലത്തില്‍ നില്‍ക്കാന്‍ കാരണമാകുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്താണ് ഇതിനു കാരണമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടില്ല.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളെ അപേക്ഷിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയ്ക്ക് ഉയര്‍ന്ന വിലയാണ്. 2021-25 കാലഘട്ടത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിലക്കയറ്റം 3.4 ശതമാനം കുറഞ്ഞു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 2.6 ശതമാനം മാത്രമാണ് കുറവ്.
വിലക്കയറ്റത്തിന് ഇതരസംസ്ഥാന തൊഴിലാളികളുടെ വരവ് മാത്രമല്ല കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ ഉയര്‍ന്ന ഇന്ധന, മദ്യവില, രജിസ്‌ട്രേഷന്‍ ചാര്‍ജുകള്‍ എന്നിവയെല്ലാം വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്. രാജ്യത്ത് ഉപഭോക്തൃ വില സൂചിക ഏഴുമാസത്തെ താഴ്ന്ന നിലയിലാണ്. ഭക്ഷ്യവസ്തുക്കളുടെ വില കുറഞ്ഞതാണ് ഇതിന് സഹായിച്ചത്. സംസ്ഥാനങ്ങളില്‍ കേരളത്തിലാണ് വിലക്കയറ്റം ഉയര്‍ന്ന തോതില്‍ നില്‍ക്കുന്നത്, 7.3 ശതമാനം.
സംസ്ഥാനങ്ങളുടെ വില്‍പ്പന നികുതി പിരിവിന്റെ വിഹിതം കണക്കിലെടുക്കുമ്പോള്‍, തെക്കന്‍ സംസ്ഥാനങ്ങളാണ് ഏറ്റവും കൂടുതല്‍ നികുതി വിഹിതം വഹിക്കുന്നത് ( 30%). വടക്കന്‍ മേഖലയുടെ നികുതി വിഹിതം ഇതിനു പിന്നിലാണെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.
കേരളത്തിലും തമിഴ്‌നാട്ടിലും വിലക്കയറ്റത്തിനു കാരണം വരുമാനം കുറഞ്ഞ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളി കുടിയേറ്റം-എസ്ബിഐ റിപ്പോര്‍ട്ട്
