നാല് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഭരണ സാരഥ്യത്തിലേക്ക് മടങ്ങിയെത്തിയ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, അമേരിക്കയുടെ ഏറ്റവും വലിയ മൂന്ന് വ്യാപാര പങ്കാളികളായ രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ക്കുമേല്‍ അധിക ഇറക്കുമതി തീരുവ ചുമത്താന്‍ തീരുമാനിച്ചതോടെ ആഗോള വ്യാപാര യുദ്ധം സംബന്ധിച്ച കനത്ത ആശങ്ക ഓഹരി വിപണികളിലേക്കും നിഴലിച്ചു. ആദ്യഘട്ടത്തില്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാനുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ട്രംപ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ആശ്വാസകരമായ നീക്കമായി ആഭ്യന്തര വിപണിയും കണക്കിലെടുത്തു. ഈയൊരു പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യുഎസ് സന്ദര്‍ശനവും പ്രസിഡന്റ് ട്രംപുമായുള്ള കൂടിക്കാഴ്ചയിലേക്കും ആഭ്യന്തര ഓഹരി വിപണി ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
ഫെബ്രുവരി 12നും 13നുമായാണ് പ്രധാനമന്ത്രി മോഡിയുടെ യുഎസ് സന്ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. 2019ല്‍ ചില ഉത്പന്നങ്ങളില്‍ ചുമത്തിയ ഇറക്കുമതി തീരുവ കുറയ്ക്കുന്നതിനും അമേരിക്കയില്‍ നിന്നും കൂടുതല്‍ അസംസ്‌കൃത എണ്ണയും പ്രതിരോധ സാമഗ്രികളും വാങ്ങുന്നതിനുമുള്ള നിര്‍ണായക ചര്‍ച്ചകള്‍ മോഡിയും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച്ചയില്‍ ഉണ്ടാകുമെന്ന് തന്നെയാണ് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫെബ്രുവരി 13ന് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക്കുമായും മോഡി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. അതിനാല്‍ പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ വരുന്ന ഏത് പ്രഖ്യാപനങ്ങള്‍ക്കും ആഭ്യന്തര ഓഹരി വിപണിയില്‍ ചലനം സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
ഏകദേശം 600 പോയിന്റിന്റെ പരിധിക്കുള്ളിലാണ് കഴിഞ്ഞ ആഴ്ചയില്‍ നിഫ്റ്റി സൂചിക വ്യാപാരം ചെയ്യപ്പെട്ടിട്ടുള്ളത്. വെള്ളിയാഴ്ചയും നഷ്ടം നേരിട്ടെങ്കിലും നിഫ്റ്റി സൂചികയുടെ പ്രധാനപ്പെട്ട 20 ഇഎംഎ നിലവാരം തകര്‍ക്കപ്പെടാതെ നോക്കാന്‍ സാധിച്ചിട്ടുണ്ട്. അതുകൊണ്ട് സമീപഭാവിയിലേക്ക് നിഫ്റ്റിയുടെ ഏറ്റവും നിര്‍ണായകമായ സപ്പോര്‍ട്ട് നിലവാരം 23,450 - 23,430 മേഖലയിലാണുള്ളത്. ഇതിന് താഴെ 23,350 നിലവാരത്തില്‍ നിന്നും നിഫ്റ്റി സൂചിക പിന്തുണ പ്രതീക്ഷിക്കുന്നു എന്ന് പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ അസിറ്റ് സി മേത്ത ഇന്‍വെസ്റ്റ്‌മെന്റ് ഇന്റര്‍മീഡിയറ്റ്‌സിലെ ഋഷികേഷ് യെദ്‌വെ സൂചിപ്പിച്ചു.
അതേസമയം 50-ദിവസ, 50-ആഴ്ച്ച മൂവിങ് ആവറേജ് നിലവാരങ്ങള്‍ രേഖപ്പെടുത്തുന്ന 23,750 - 23,770 മേഖലയില്‍ നിന്നും നിഫ്റ്റിയുടെ മുന്നോട്ടുള്ള കുതിപ്പിന് ആദ്യ പ്രതിരോധം നേരിടാം. ഇത് മറികടക്കാനായില്ലെങ്കില്‍ എന്‍എസ്ഇയുടെ അടിസ്ഥാന ഓഹരി സൂചികയില്‍ രണ്ടാംഘട്ട തിരുത്തല്‍ സമ്മര്‍ദം നേരിടാനുള്ള വഴിയൊരുങ്ങാം. എന്നാല്‍ 23,800 നിലവാരം മറികടന്ന് ക്ലോസ് ചെയ്യാനായാല്‍ വരും ആഴ്ച്ചകളില്‍ നിഫ്റ്റി സൂചികയില്‍ തുടര്‍ കുതിപ്പ് പ്രതീക്ഷിക്കാമെന്നും ടെക്‌നിക്കല്‍ അനലിസ്റ്റ് കൂടിയായ ഋഷികേഷ് യെദ്‌വെ വ്യക്തമാക്കി.
മോഡി-ട്രംപ് കൂടിക്കാഴ്ച്ച; പ്രതീക്ഷയോടെ ഇന്ത്യന്‍ ഓഹരി വിപണി
