ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാര കരാർ യാഥാർത്ഥ്യമായതോടെ, ആഗോള വ്യാപാര ക്രമത്തിന്റെ പുതുക്കിയ രൂപരേഖയിൽ ഇന്ത്യയെ അമേരിക്ക പ്രധാന സഖ്യരാജ്യമായും ചൈനയ്‌ക്കെതിരായ തന്ത്രപ്രധാന പ്രതിരോധ ശക്തിയായും കാണുന്നുവെന്ന നിലപാട് വീണ്ടും വ്യക്തമായി. 50 ശതമാനമായിരുന്ന അമേരിക്കൻ തീരുവ 18 ശതമാനമായി കുത്തനെ കുറച്ചത്, അടുത്ത കാലത്ത് മങ്ങിയതുപോലെ തോന്നിയിരുന്ന ഈ കാഴ്ചപ്പാടിനെ വീണ്ടും തെളിമയോടെ ഉറപ്പിക്കുന്നതാണ്.
18 ശതമാനമെന്ന പ്രധാന തീരുവ ഇന്ത്യൻ കയറ്റുമതിക്കാർക്ക് അമേരിക്കൻ വിപണിയിലേക്കുള്ള പ്രവേശനത്തിൽ മത്സരരാജ്യങ്ങളുമായി താരതപ്പെടുത്തുമ്പോൾ അനുകൂലമായ സ്ഥാനം നൽകുന്നു. എന്നാൽ കരാറിലെ വിശദാംശങ്ങളാണ് ഇന്ത്യയ്ക്ക് യഥാർത്ഥത്തിൽ എത്രമാത്രം ഗുണകരമാകുമെന്ന് തീരുമാനിക്കുക. യൂറോപ്യൻ യൂണിയനുമായുള്ള കരാറിൽ ഇരുരാജ്യങ്ങളുടെയും ആശങ്കകൾ തുലനം ചെയ്യാൻ ഇന്ത്യക്ക് കഴിഞ്ഞിരുന്നെങ്കിലും, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ചർച്ചാ ശൈലി കൂടുതൽ 'പിഴിഞ്ഞെടുക്കുന്ന' ശൈലിയിലുള്ളതാണെന്ന വിലയിരുത്തലും നിലനിൽക്കുന്നു.
കഴിഞ്ഞ ഒരു ആഴ്ചക്കിടെ പരസ്പര തീരുവകളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. 'സ്റ്റിക്കി ഇഷ്യൂസ്' എന്നറിയപ്പെട്ടിരുന്ന വിഷയങ്ങളിൽ പലതിലും ഒത്തുതീർപ്പുണ്ടായി. ഇതിൽ പ്രധാനമായും അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വാങ്ങൽ വർധിപ്പിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും, പ്രകൃതിവാതകം, കൽക്കരി, സാങ്കേതിക ഉൽപ്പന്നങ്ങൾ, ആണവ ഉപകരണങ്ങൾ എന്നിവ ഉൾപ്പെടെ 500 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന അമേരിക്കൻ ഊർജ ഉൽപ്പന്നങ്ങൾ വാങ്ങാനുള്ള കരാറുമുണ്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം ചരക്ക് ഇറക്കുമതി 720.24 ബില്യൺ ഡോളറായിരുന്നുവെന്നത് ഈ കരാറിന്റെ വലിപ്പം വ്യക്തമാക്കുന്നു.
മൂലധന പിൻവാങ്ങലുകൾ വർധിക്കുകയും രൂപയ്ക്ക് സമ്മർദ്ദം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ, അമേരിക്കയുമായുള്ള വ്യാപാര കരാർ അനിവാര്യമായിരുന്നുവെന്നാണ് നയരൂപീകരണ വിദഗ്ദ്ധർ കണക്കാക്കിയിരുന്നത്. ഈ കരാർ മൂലം, പ്രത്യേകിച്ച് ഓഹരി വിപണി, ബോണ്ട് മാർക്കറ്റ് തുടങ്ങിയ ധനവിപണികളിൽ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ (FPI/FII) നടത്തിയ നിക്ഷേപങ്ങൾ തിരികെ പിൻവലിച്ച് സ്വന്തം രാജ്യങ്ങളിലേക്കോ മറ്റ് വിപണികളിലേക്കോ മാറ്റുന്ന പ്രവണത കുറയുമെന്നും രൂപ ശക്തിപ്പെടുമെന്നും വിപണിയിൽ ഉണർവുണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.
അമേരിക്ക, യുകെ, യൂറോപ്യൻ യൂണിയൻ എന്നിവരുമായി വ്യാപാര കരാറുകൾ ഒപ്പുവെച്ചതോടെ ആഗോള വ്യാപാര ഭൂപടം ഇന്ത്യയുടെ പക്ഷത്തേക്ക് ചരിഞ്ഞുവെന്ന വിലയിരുത്തലാണ് ഉയരുന്നത്. ചൈനീസ് നിക്ഷേപങ്ങൾ ശക്തമായിരുന്ന കിഴക്കൻ ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് ഇപ്പോൾ മുൻതൂക്കം ലഭിക്കുന്നു. പശ്ചിമ വിപണികൾ ആന്റിഡംപിംഗ് തീരുവകളും മറ്റ് നിയന്ത്രണങ്ങളും വഴി ചൈനീസ് ഉൽപ്പന്നങ്ങളെ നിയന്ത്രിക്കുന്നതും ഇന്ത്യയ്ക്ക് അവസരങ്ങൾ തുറക്കുന്നു.
ഇതോടെ പശ്ചിമരാജ്യങ്ങളുമായി കൂടുതൽ ആഴത്തിലുള്ള സാമ്പത്തിക ഏകീകരണം ഇന്ത്യക്ക് സാധ്യമാകുമെന്ന പ്രതീക്ഷയാണ്. ലോകത്തിലെ മൂന്നു വലിയ സമ്പദ്‌വ്യവസ്ഥകളിൽ രണ്ടുമായി (അമേരിക്കയും യൂറോപ്യൻ യൂണിയനും) ഇന്ത്യയ്ക്ക് ഇതിനകം കരാറുകളുണ്ട്. ചൈനയുമായുള്ള വ്യാപാര ബന്ധങ്ങളിലും ആർദ്രതയുടെ സൂചനകൾ കാണുന്നുണ്ട്.
എന്നാൽ മുന്നോട്ട് പോകുമ്പോൾ കയറ്റുമതി അവസരങ്ങൾ എത്രമാത്രം ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ് നിർണായകം. കഴിഞ്ഞ സാമ്പത്തിക വർഷം 112 ബില്യൺ ഡോളർ കടന്ന ചൈനീസ് ഇറക്കുമതികളിൽ ഇന്ത്യക്ക് ഇപ്പോഴും വലിയ ആശ്രിതത്വമുണ്ട്. അമേരിക്കയുമായുള്ള വ്യാപാര കരാറുകൾ ചൈനയുടെ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായാൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് ബെയ്ജിംഗ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെയർ എർത്ത് ഘടകങ്ങളിൽ ചൈനയ്ക്കുള്ള നിയന്ത്രണം അമേരിക്കൻ കമ്പനികളെയും ഇന്ത്യൻ വാഹന വ്യവസായത്തെയും ബാധിച്ചതും ഈ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്.
ഇന്ത്യ-അമേരിക്ക കരാർ, അവസരങ്ങളും വെല്ലുവിളികളും ഒരുപോലെ മുന്നിൽ നിർത്തി, ഇന്ത്യയുടെ ആഗോള വ്യാപാര സ്ഥാനത്തെ പുതിയ ഘട്ടത്തിലേക്ക് നയിക്കുന്ന നിർണായക വഴിത്തിരിവായി മാറുകയാണ്.
ഇന്ത്യ-അമേരിക്ക വ്യാപാര കരാർ: സഖ്യരാജ്യമായി ഇന്ത്യ, ചൈനയ്ക്ക് പ്രതിരോധമായി ന്യൂഡൽഹി
