പ്രെട്ടി വെടിവയ്പ് കേസ്: തെളിവ് നശിപ്പിക്കുന്നത് വിലക്കിയ കോടതി ഉത്തരവ് റദ്ദാക്കി; മിനിയാപൊളിസിൽ എല്ലാ ഏജന്റുകൾക്കും ബോഡി ക്യാമറ പ്രഖ്യാപനം

പ്രെട്ടി വെടിവയ്പ് കേസ്: തെളിവ് നശിപ്പിക്കുന്നത് വിലക്കിയ കോടതി ഉത്തരവ് റദ്ദാക്കി; മിനിയാപൊളിസിൽ എല്ലാ ഏജന്റുകൾക്കും ബോഡി ക്യാമറ പ്രഖ്യാപനം


വാഷിംഗ്ടൺ/മിനിയാപൊളിസ്: അലക്‌സ് പ്രെട്ടിയുടെ മരണത്തിൽ കലാശിച്ച വെടിവയ്പ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ തെളിവുകൾ നശിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള താൽക്കാലിക കോടതി ഉത്തരവ് ഫെഡറൽ ജഡ്ജി റദ്ദാക്കി.  ഭരണകൂടം തെളിവുകൾ നശിപ്പിക്കുമെന്ന നിഗമനത്തിലേക്ക് നയിക്കാൻ മിനസോട്ട ബ്യൂറോ ഓഫ് ക്രിമിനൽ അപ്രെഹൻഷൻ (BCA) ഉന്നയിച്ച ആരോപണങ്ങൾ മതിയായതല്ലെന്ന് ജഡ്ജി എറിക് സി. ടോസ്റ്റ്രുഡ് വ്യക്തമാക്കി.

പ്രെട്ടിയുടെ വെടിവയ്പ്പുമായി ബന്ധപ്പെട്ട തെളിവുകൾ പ്രതികൾ കേസിന്റെ കാലയളവിൽ നശിപ്പിക്കുകയോ അന്യായമായി മാറ്റം വരുത്തുകയോ ചെയ്യാൻ സാധ്യതയില്ലെന്നതാണ് രേഖകൾ സൂചിപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. സംഭവസ്ഥലത്തെ അന്വേഷണ നടപടികളിൽ ചില ഗുരുതര ആശങ്കകൾ ബിസിഎ ഉന്നയിച്ചിട്ടുണ്ടെങ്കിലും, അത് ആഭ്യന്തര സുരക്ഷാ വകുപ്പ് (DHS) ഭാവിയിൽ അന്വേഷണം തെറ്റായി കൈകാര്യം ചെയ്യുമെന്നതിന് ശക്തമായ സൂചനയാകില്ലെന്നും കോടതി പറഞ്ഞു.

വെടിവയ്പ്പിന് പിന്നാലെ  ആഭ്യന്തര സുരക്ഷാ വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോം അടക്കമുള്ള ഭരണകൂട ഉദ്യോഗസ്ഥർ നടത്തിയ വേഗത്തിലുള്ള പ്രതികരണങ്ങൾ 'ആശങ്കാജനകവും സത്യം കണ്ടെത്താനുള്ള താൽപ്പര്യത്തെക്കുറിച്ച് സംശയം ഉയർത്തുന്നതുമാണെന്ന്' കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ആ പ്രസ്താവനകൾ തെളിവ് നശിപ്പിക്കുമെന്നതിന് വ്യക്തമായ തെളിവായി കണക്കാക്കാനാകില്ലെന്നും ജഡ്ജി വ്യക്തമാക്കി.

ഫെഡറൽ സർക്കാർ നൽകിയ വാഗ്ദാനപ്രകാരം ഈ മരണവെടിവയ്പ്പുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കോടതി വിധിക്കുശേഷം പ്രതികരിച്ച ഹെനിപിൻ കൗണ്ടി അറ്റോർണി മേരി മോറിയാർട്ടി പറഞ്ഞു. 'തെളിവ് സംരക്ഷണം ഒന്നാം ഘട്ടമാണ്. രണ്ടാം ഘട്ടം അവ കണ്ടെത്തുന്നതാണ്. അതിനുള്ള ശ്രമങ്ങൾ ഇതിനകം പുരോഗമിക്കുകയാണ്,' അവർ വ്യക്തമാക്കി.

മിനിയാപൊളിസിൽ എല്ലാ ഏജന്റുകൾക്കും ബോഡി ക്യാമറ

ഇതിനിടെ, മിനിയാപൊളിസിൽ ഫീൽഡിൽ പ്രവർത്തിക്കുന്ന എല്ലാ ആഭ്യന്തര സുരക്ഷ ഉദ്യോഗസ്ഥർക്കും 'അടിയന്തരമായി' ബോഡി ക്യാമറകൾ നൽകുമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പ്രഖ്യാപിച്ചു. ഫണ്ടിംഗ് ലഭ്യമാകുന്ന സാഹചര്യത്തിൽ രാജ്യവ്യാപകമായി ഈ പദ്ധതി വിപുലീകരിക്കുമെന്നും അവർ അറിയിച്ചു.

ഒരു മാസത്തിനിടെ ഫെഡറൽ ഏജന്റുമാർ ഉൾപ്പെട്ട രണ്ട് വെടിവയ്പ്പുകളിൽ രണ്ട് അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതിനെ തുടർന്ന് ഡിഎച്ച് എസ്‌ന്റെ കുടിയേറ്റ പ്രവർത്തനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പ്രഖ്യാപനം.

 ബോഡി ക്യാമറകൾ നിയമസംരക്ഷണത്തിന് ഗുണകരമാണെന്ന് വൈറ്റ് ഹൗസിൽ പ്രതികരിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ്,അഭിപ്രായപ്പെട്ടു. 'ഇത് എന്റെ തീരുമാനം അല്ല. അഭ്യന്തര സുരക്ഷാ വകുപ്പിന് തീരുമാനിക്കാം. സാധാരണയായി ഇത്തരം ക്യാമറകൾ നിയമസംരക്ഷണത്തിന് ഗുണം ചെയ്യുന്നതാണ്. സംഭവിക്കുന്നത് എന്താണെന്ന് കള്ളം പറയാൻ കഴിയില്ല,' ട്രംപ് പറഞ്ഞു. 'അവൾ(ക്രിസ്റ്റി നോയം) ക്യാമറ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, എനിക്ക് അതിൽ എതിരില്ല,' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രെട്ടി കേസിലെ കോടതി തീരുമാനവും ബോഡി ക്യാമറ പ്രഖ്യാപനവും ഫെഡറൽ നിയമസംരക്ഷണ നടപടികളിൽ സുതാര്യത ഉറപ്പാക്കുമോ എന്നതാണ് ഇനി രാജ്യം ഉറ്റുനോക്കുന്നത്.