ഇന്ത്യാ ഗേറ്റു പോലൊന്ന് വാഷിംഗ്ടണ്‍ ഡി സിയില്‍ പണിതുയര്‍ത്താന്‍ ട്രംപിന്റെ നിര്‍ദ്ദേശം

ഇന്ത്യാ ഗേറ്റു പോലൊന്ന് വാഷിംഗ്ടണ്‍ ഡി സിയില്‍ പണിതുയര്‍ത്താന്‍ ട്രംപിന്റെ നിര്‍ദ്ദേശം


വാഷിങ്ടണ്‍: ഇന്ത്യയുടെ മനോഹരമായ ജയാഘോഷ ആര്‍ച്ചെന്ന് ഇന്ത്യാ ഗേറ്റിനെ വിശേഷിപ്പിച്ച യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സമാന മാതൃകയില്‍ അമേരിക്കയിലും സ്മാര്‍ക ആര്‍ച്ച് നിര്‍മിക്കാന്‍ പദ്ധതിയിടുന്നു. ലോകത്തിലെ ലോകത്തിലെ എല്ലാത്തിനെയും മറികടക്കുന്നതായിരിക്കും യു എസിന്റെ ആര്‍ച്ചെന്ന് വ്യക്തമാക്കാനും അദ്ദേഹം മറന്നില്ല. 

42 മീറ്റര്‍ ഉയരമുള്ള ഇന്ത്യാ ഗേറ്റ് പാരീസിലെ ആര്‍ക്ക് ഡി ട്രയോംഫിനോട് പലപ്പോഴും ഉപമിക്കപ്പെടുന്ന സ്മാരകമാണ്. ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോഅഫ്ഗാന്‍ യുദ്ധത്തിലും ബ്രിട്ടീഷ് സൈന്യത്തിന്റെ ഭാഗമായി സേവനമനുഷ്ഠിക്കവെ ജീവന്‍ നഷ്ടമായ 70,000 ഇന്ത്യന്‍ സൈനികര്‍ക്കാണ് ഇന്ത്യാ ഗേറ്റ് സമര്‍പ്പിച്ചിരിക്കുന്നത്. ഈ സ്മാരകത്തിന്റെ ചിത്രം ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച്, ഇന്ത്യയുടെ സ്മാരകം ശ്രദ്ധേയമാണെങ്കിലും അമേരിക്കയുടെ പതിപ്പ് 'എല്ലാറ്റിലും മഹത്തായത്' ആയിരിക്കുമെന്ന് കുറിച്ചു.

കഴിഞ്ഞ വാരാന്ത്യത്തില്‍ എയര്‍ ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേ പാരീസിലെ ആര്‍ക്ക് ഡി ട്രയോംഫില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വാഷിങ്ടണ്‍ ഡി സിയില്‍ ഒരു വന്‍ ആര്‍ച്ച് നിര്‍മിക്കാനുള്ള പദ്ധതികള്‍ തന്റെ ഭരണകൂടം പരിശോധിച്ചുവരികയാണെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ലോകമെമ്പാടുമുള്ള 57 നഗരങ്ങളില്‍ ഇത്തരം സ്മാരകങ്ങളുണ്ടെങ്കിലും വാഷിങ്ടണില്‍ ഇതുവരെ ഒന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ആര്‍ച്ച് 'ലോകത്തിലെ ഏറ്റവും മനോഹരമായതും നിലവിലുള്ള ഏതു ആര്‍ച്ചിനേക്കാളും വലുതുമായിരിക്കും' എന്നും ട്രംപ് പറഞ്ഞു.

ഈ പദ്ധതിക്ക് മേല്‍നോട്ടം വഹിക്കാന്‍ ഒരു സമിതി രൂപീകരിക്കുകയാണെന്നും ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയുടെ മഹത്വം പ്രതിഫലിപ്പിക്കുന്നതാകണം ഈ സ്മാരകമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ദി വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ആദ്യം ട്രംപ് ചെറിയ നിരവധി രൂപകല്‍പ്പനകള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഏറ്റവും ഉയരമുള്ള മാതൃകയാണ് അവസാനം തെരഞ്ഞെടുത്തത്. മുന്‍ ആശയങ്ങളില്‍ 165 അടി, 123 അടി ഉയരമുള്ള ആര്‍ച്ചുകള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍മാണം വേഗത്തില്‍ ആരംഭിക്കാമെന്ന ട്രംപിന്റെ മുന്‍ പ്രസ്താവനകളുണ്ടായിരുന്നെങ്കിലും പദ്ധതിയുടെ പുരോഗതി മന്ദഗതിയിലാണ്. ഫെഡറല്‍ തലത്തിലുള്ള ഡിസൈന്‍ അനുമതികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. കൂടാതെ, നിര്‍മാണത്തിനായി നിര്‍ദേശിച്ചിരിക്കുന്ന മെമ്മോറിയല്‍ സര്‍ക്കിള്‍ പ്രദേശം നാഷണല്‍ പാര്‍ക്ക് സര്‍വീസിന്റെ നിയന്ത്രണത്തിലുള്ളതിനാല്‍ നിരവധി നിയമാനുസൃത അനുമതികള്‍ ആവശ്യമാണ്.

പദ്ധതി അംഗീകരിക്കപ്പെടുന്ന പക്ഷം നിര്‍ദേശിച്ച ആര്‍ച്ച് വൈറ്റ് ഹൗസും ലിങ്കണ്‍ മെമ്മോറിയലും ഉള്‍പ്പെടെയുള്ള സമീപ സ്മാരകങ്ങളെക്കാള്‍ ഉയര്‍ന്ന് കാഴ്ചാ പ്രാധാന്യം നേടുമെന്നാണ് വിലയിരുത്തല്‍. ഈ പദ്ധതിയെ ട്രംപ് പലപ്പോഴും '250 ഫോര്‍ 250' എന്ന് വിശേഷിപ്പിക്കുന്നതായും രാജ്യത്തിന്റെ 250-ാം സ്വാതന്ത്ര്യ വാര്‍ഷികത്തെ പ്രതീകാത്മകമായി ആ ആര്‍ച്ചിന്റെ ഉയരവുമായി ബന്ധിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.