ന്യൂഡല്‍ഹി: 2017-ലെ ഡോക്ലാം ഇന്ത്യ- ചൈന ഏറ്റുമുട്ടലിനെക്കുറിച്ചുള്ള മുന്‍ സൈന്യാധിപന്‍ ജനറല്‍ മനോജ് മുകുന്ദ് നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത ഓര്‍മക്കുറിപ്പുകളിലെ ഭാഗങ്ങള്‍ ഉദ്ധരിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചതാണ് പാര്‍ലമെന്റില്‍ വന്‍ ബഹളത്തിന് കാരണമായത്. പ്രസിഡന്റിന്റെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയത്തിന് മറുപടി നല്‍കുന്നതിനിടെയാണ് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും എന്നാല്‍ ഒരു മാസികയില്‍ വന്നതെന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ പറഞ്ഞതുമായ ഓര്‍മക്കുറിപ്പില്‍ നിന്നാണ് നരവാനെയുടെ ആത്മകഥാംശം അവതരിപ്പിച്ചത്.
പ്രസിദ്ധീകരിക്കാത്ത പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ഉദ്ധരിക്കാനാവില്ലെന്നു പറഞ്ഞാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ എതിര്‍ക്കാന്‍ ശ്രമിച്ചത്. രേഖ സഭയില്‍ ആധികാരികമായി സ്ഥിരീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സഭാനിയമങ്ങള്‍ക്കെതിരാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ ഓം ബിര്‍ല രാഹുല്‍ ഗാന്ധിക്ക് പുസ്തക ഭാഗങ്ങള്‍ വായിക്കാനുള്ള അനുമതിയും നിഷേധിച്ചു.
ഇതോടെ ബജറ്റ് സമ്മേളനത്തിനിടെ ലോക്സഭയില്‍ ഉയര്‍ന്ന വിവാദങ്ങളുടെ കേന്ദ്രബിന്ദുവായി ജനറല്‍ എം എം നരവാനെയും ഇതുവരെ പ്രസിദ്ധീകരിക്കാത്ത അദ്ദേഹത്തിന്റെ ഓര്‍മക്കുറിപ്പുകളും കേന്ദ്രബിന്ദുവായി മാറി.
1960 ഏപ്രില്‍ 22-ന് പൂനെയിലാണ് മുന്‍ ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്റെ മകനായി എം എം നരവാനെ എന്ന മനോജ് മുകുന്ദ് നരവാനെ ജനിച്ചത്.
65 വയസുകാരനായ ജനറല്‍ നരവാനെ (റിട്ട.) 2019 ഡിസംബര്‍ മുതല്‍ 2022 ഏപ്രില്‍ വരെ ഇന്ത്യയുടെ സൈന്യാധിപനായി സേവനമനുഷ്ഠിച്ചു. 2020-ലെ ഇന്ത്യ- ചൈന അതിര്‍ത്തി സംഘര്‍ഷം അദ്ദേഹത്തിന്റെ കാലഘട്ടത്തിലായിരുന്നു. 2019 ഡിസംബര്‍ 31-ന് ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് അദ്ദേഹം ചുമതലയേറ്റെടുത്തത്.
നാല് ദശകങ്ങളോളം നീണ്ട ഉജ്ജ്വലവും പ്രശംസനീയവുമായ സൈനിക സേവനത്തിനു ശേഷം വിരമിച്ച ജനറല്‍ നരവാനെ കോവിഡ് മഹാമാരിക്കാലത്ത് സൈനികരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കിയതും കിഴക്കന്‍ ലഡാക്കില്‍ എതിരാളിക്കെതിരെ കടുത്ത പ്രതികരണം നടത്തിയതും ആത്മനിര്‍ഭര്‍ പദ്ധതിക്ക് ശക്തമായ പിന്തുണ നല്‍കിയതും പ്രധാന സംഭാവനകളായി കേന്ദ്ര സര്‍ക്കാര്‍ 2022 ഏപ്രിലില്‍ അദ്ദേഹത്തിന്റെ വിരമിക്കല്‍ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
സൈനികരുടെ ക്ഷേമത്തില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയ 'പട്ടാളക്കാരുടെ പട്ടാളക്കാരന്‍' ആയിരുന്നു ജനറല്‍ നരവാനെ. ജമ്മു-കശ്മീര്‍, കിഴക്കന്‍ ലഡാക്ക്, വടക്കുകിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലെ മുന്‍നിര പ്രദേശങ്ങള്‍ അദ്ദേഹം പലതവണ സന്ദര്‍ശിക്കുകയും 2020 ഏപ്രിലിന് ശേഷം കിഴക്കന്‍ ലഡാക്കില്‍ വിന്യസിച്ച സൈനികര്‍ക്കായി താമസ സൗകര്യങ്ങള്‍ വേഗത്തില്‍ നിര്‍മിക്കാന്‍ സജീവമായി ഇടപെടുകയും ചെയ്തുവെന്ന് സര്‍ക്കാര്‍ കുറിപ്പില്‍ പറയുന്നു.
വിവാദത്തിലായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി'
ജനറല്‍ നരവാനെയുടെ ഓര്‍മക്കുറിപ്പ് 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകമാണ് നിലവിലെ വിവാദങ്ങളുടെ കേന്ദ്രം. സൈനിക പ്രവര്‍ത്തനങ്ങളെയും സര്‍ക്കാര്‍ നയങ്ങളെയും കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ അടങ്ങിയതിനാല്‍ സര്‍ക്കാറിന്റെ പരിശോധനയ്ക്ക് കാരണമാവുകയും പുസ്തകത്തിന്റെ പ്രസിദ്ധീകരണം വൈകിപ്പിക്കുകയുമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഓര്‍മക്കുറിപ്പില്‍ ഉന്നത തലത്തിലുള്ള തീരുമാനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗങ്ങള്‍ വിരമിച്ച ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട വെളിപ്പെടുത്തല്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നുവെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.
പ്രധാന വെളിപ്പെടുത്തലുകളിലൊന്നായി, 2020 ഓഗസ്റ്റ് 31-ന് അര്‍ധരാത്രിയില്‍ കിഴക്കന്‍ ലഡാക്കിലെ റെചിന്‍ ലാ പാസില്‍ ചൈനീസ് സൈനിക നീക്കങ്ങള്‍ നടക്കുന്നതിനിടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായി നടത്തിയ സംഭാഷണവും പുസ്തകത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതി
2022 ജൂണില്‍ ആരംഭിച്ച അഗ്നിപഥ് റിക്രൂട്ട്‌മെന്റ് പദ്ധതിയെക്കുറിച്ചും ഓര്‍മക്കുറിപ്പില്‍ പരാമര്‍ശമുണ്ട്. ഹ്രസ്വകാല റിക്രൂട്ട്‌മെന്റിന് ശേഷം 75 ശതമാനം സൈനികരെ ദീര്‍ഘകാല സേവനത്തിലേക്ക് നിലനിര്‍ത്തണമെന്നായിരുന്നു സൈന്യത്തിന്റെ നിര്‍ദേശമെന്ന് നരവാനെ വെളിപ്പെടുത്തുന്നു. എന്നാല്‍, അന്തിമ മാതൃകയില്‍ നാല് വര്‍ഷത്തിന് ശേഷം 25 ശതമാനം പേരെ മാത്രമാണ് നിലനിര്‍ത്തിയതെന്നും തുടക്ക ശമ്പളമായി നിര്‍ദേശിച്ച 20,000 രൂപ ജീവന്‍ പണയം വെക്കുന്ന സൈനികര്‍ക്കു അംഗീകരിക്കാനാകാത്തതായിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നു. സൈന്യത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് പിന്നീട് ഇത് 3?30,000 ആയി ഉയര്‍ത്തിയതായും അദ്ദേഹം രേഖപ്പെടുത്തുന്നു.
സൈനിക ഉപദേശങ്ങളെ മറികടന്ന് രാഷ്ട്രീയ പ്രേരിതമായ തീരുമാനമായാണ് അഗ്നിപഥ് പദ്ധതി അവതരിപ്പിക്കപ്പെട്ടതെന്ന് ഓര്‍മക്കുറിപ്പില്‍ സൂചിപ്പിക്കുന്നതായും സൈന്യത്തിന്റെ പ്രായഘടന കുറയ്ക്കാന്‍ സായുധസേനകളില്‍ നിന്നുതന്നെ പദ്ധതി രൂപപ്പെട്ടതെന്ന സര്‍ക്കാരിന്റെ വിശദീകരണത്തെ ഇത് ചോദ്യം ചെയ്യുന്നതായും വിലയിരുത്തപ്പെടുന്നു.
2024 ഏപ്രിലില്‍ പ്രസിദ്ധീകരിക്കാന്‍ നിശ്ചയിച്ചിരുന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ 2023 ഡിസംബറില്‍ പി ടി ഐ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന്, പുസ്തകത്തിന്റെ മുഴുവന്‍ പ്രസിദ്ധീകരണ നടപടികളും നിര്‍ത്തിവയ്ക്കുകയായിരുന്നു.
ഉജ്ജ്വലമായ സൈനിക ജീവിതം
നാഷണല്‍ ഡിഫന്‍സ് അക്കാദമി (എന്‍ ഡിഎ), ഇന്ത്യന്‍ മിലിട്ടറി അക്കാദമി എന്നിവിടങ്ങളിലെ പൂര്‍വവിദ്യാര്‍ഥിയായ നരവാനെ, 1980 ജൂണില്‍ സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി റെജിമെന്റില്‍ കമ്മീഷന്‍ നേടി. വെല്ലിംഗ്ടണിലെ ഡിഫന്‍സ് സര്‍വീസസ് സ്റ്റാഫ് കോളജിലും മൗവിലെ ഹയര്‍ കമാന്‍ഡ് കോഴ്സിലും അദ്ദേഹം പഠനം നടത്തി.
പ്രതിരോധ പഠനത്തില്‍ മാസ്റ്റര്‍ ബിരുദവും ഡിഫന്‍സ് ആന്‍ഡ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ എം ഫില്‍ ബിരുദവും നേടിയ അദ്ദേഹം നിലവില്‍ ഡോക്ടറേറ്റ് പഠനത്തിലാണ്.
2017-ലെ റിപ്പബ്ലിക് ഡേ പരേഡില്‍ ഡല്‍ഹി ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ്ങായി അദ്ദേഹം നേതൃത്വം നല്‍കി. ഷിംലയിലെ ആര്‍മി ട്രെയിനിംഗ് കമാന്‍ഡും കൊല്‍ക്കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡും വിജയകരമായി നയിച്ച ശേഷം വൈസ് ചീഫ് ഓഫ് ആര്‍മി സ്റ്റാഫായും സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് 2019 ഡിസംബര്‍ 31-ന് സൈന്യാധിപനായി ചുമതലയേറ്റെടുത്തു.
നാല്‍പത് വര്‍ഷത്തിലധികം നീണ്ട സേവനത്തിനിടെ, വടക്കുകിഴക്കന്‍ മേഖലകളിലും ജമ്മു-കശ്മീരിലും സമാധാനകാലത്തും യുദ്ധമേഖലകളിലും പ്രധാന കമാന്‍ഡ്, സ്റ്റാഫ് ചുമതലകള്‍ അദ്ദേഹം വഹിച്ചു.
ശ്രീലങ്കയിലെ ഇന്ത്യന്‍ പീസ്‌കീപ്പിംഗ് ഫോഴ്സിന്റെ ഭാഗമായിരുന്ന നരവാനെ, രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയന്‍ കമാന്‍ഡ് ചെയ്തതോടൊപ്പം ഒരു ഇന്‍ഫന്‍ട്രി ബ്രിഗേഡ് ഉയര്‍ത്തുകയും അസം റൈഫിള്‍സ് (നോര്‍ത്ത്) ഇന്‍സ്‌പെക്ടര്‍ ജനറലായും വെസ്റ്റേണ്‍ തിയേറ്ററില്‍ ഒരു സ്ട്രൈക്ക് കോര്‍പ്പ്‌സിന് നേതൃത്വം നല്‍കുകയും ചെയ്തു. മ്യാന്‍മാറിലെ യാംഗോണില്‍ ഡിഫന്‍സ് അറ്റാഷെയായി സേവനമനുഷ്ഠിച്ചതും ആര്‍മി വാര്‍ കോളജില്‍ ഇന്‍സ്ട്രക്ടറായിരുന്നതും പ്രതിരോധ മന്ത്രാലയത്തിന്റെ സംയുക്ത ആസ്ഥാനത്ത് രണ്ട് കാലയളവുകളിലായി പ്രവര്‍ത്തിച്ചതും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സ്റ്റാഫ് ചുമതലകളിലുണ്ട്.
