മുന്‍ സൈന്യാധിപന്റെ ആത്മകഥാ ഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി; എതിര്‍ത്ത് പ്രതിരോധ മന്ത്രിയും ഭരണപക്ഷവും

മുന്‍ സൈന്യാധിപന്റെ ആത്മകഥാ ഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി; എതിര്‍ത്ത് പ്രതിരോധ മന്ത്രിയും ഭരണപക്ഷവും


ന്യൂഡല്‍ഹി: മുന്‍ സൈന്യാധിപന്‍ ജനറല്‍ എം എം നരവാനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഓര്‍മക്കുറിപ്പുകള്‍ ഉദ്ധരിക്കാന്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ശ്രമിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച ലോക്സഭയില്‍ ബഹളം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും മറ്റ് ബി ജെ പി അംഗങ്ങളും ഇതിനെ ശക്തമായി എതിര്‍ക്കുകയും സഭയെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് രാഹുല്‍ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തു.

പ്രസിഡന്റിന്റെ അഭിസംബോധനയ്ക്കുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കാനായി എഴുന്നേറ്റ രാഹുല്‍ ഗാന്ധി ബി ജെ പി എം പി തേജസ്വി സൂര്യ കോണ്‍ഗ്രസിന്റെ ദേശീയതയെ ചോദ്യം ചെയ്തതിനു മറുപടി നല്‍കുമെന്നും തുടര്‍ന്ന് 2020-ലെ ഇന്ത്യ- ചൈന സംഘര്‍ഷത്തെക്കുറിച്ച് ജനറല്‍ നരവാനെ പറഞ്ഞതായി അവകാശപ്പെട്ട ആത്മകഥാ ഭാഗങ്ങള്‍ ഉദ്ധരിക്കുകയുമായിരുന്നു.

എന്നാല്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തി.

ഏകദേശം 50 മിനിറ്റോളം നീണ്ട ബഹളത്തിനിടെ സഭാ നടപടികളുമായി ബന്ധമില്ലാത്ത വിഷയങ്ങളില്‍ പുസ്തകങ്ങളോ പത്രക്കുറിപ്പുകളോ ഉദ്ധരിക്കാന്‍ പാടില്ലെന്ന് സ്പീക്കര്‍ ഓം ബിര്‍ല ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍, രേഖ ആധികാരികമാണെന്നും അത് ഉദ്ധരിക്കാന്‍ തനിക്കവകാശമുണ്ടെന്നും രാഹുല്‍ ഗാന്ധി നിലപാട് സ്വീകരിച്ചു.

ചൈനയെക്കുറിച്ച് രാഹുല്‍ ഗാന്ധി കെട്ടിച്ചമച്ച കാര്യങ്ങള്‍ വായിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ ആരോപിച്ചു. ചൈനയുമായി ബന്ധപ്പെട്ട ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു എടുത്ത തീരുമാനങ്ങളെക്കുറിച്ച് പൊതുഭാഗത്ത് പര്യാപ്തമായ വിവരങ്ങളുണ്ടെന്നും സ്വന്തം രാഷ്ട്രതന്ത്ര പ്രതിഛായ ഉയര്‍ത്തുന്നതിനായി ആയിരക്കണക്കിന് ഏക്കര്‍ ഭൂമി അദ്ദേഹം വിട്ടുനല്‍കിയെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങളുടെ ആരോപണം.

ബി ജെ പി എം പി തേജസ്വി സൂര്യ കോണ്‍ഗ്രസിന്റെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ഈ വിഷയത്തില്‍ സംസാരിക്കാന്‍ താന്‍ നിര്‍ബന്ധിതനായതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

പുസ്തകം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന നിലപാട് രാജ്നാഥ് സിംഗ് ആവര്‍ത്തിച്ചു. തുടര്‍ന്ന്, തന്റെ അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നത് ഒരു മാസികയിലെ ലേഖനം ഉദ്ധരിച്ചാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നാല്‍, സ്പീക്കര്‍ വീണ്ടും ഇതിന് അനുമതി നിഷേധിച്ചു. സ്പീക്കറുടെ വിധി പാലിക്കണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് നിരന്തരം സ്പീക്കറുടെ നിര്‍ദേശങ്ങള്‍ അവഗണിക്കുകയും സഭാനിയമങ്ങള്‍ ലംഘിക്കുകയും ചെയ്താല്‍ അത്തരമൊരു അംഗത്തിനെതിരെ സ്വീകരിക്കേണ്ട നടപടികള്‍ സഭ ചര്‍ച്ച ചെയ്യേണ്ടിവരുമെന്ന് റിജിജു മുന്നറിയിപ്പ് നല്‍കി. സഭാ നിയമങ്ങള്‍ പാലിക്കാതിരിക്കുക വഴി യുവ എം പിമാര്‍ക്ക് തെറ്റായ മാതൃകയാണ് രാഹുല്‍ ഗാന്ധി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി നിലപാട് മാറ്റാതെ വന്നതോടെ പുസ്തക ഉദ്ധരണി ഒഴിവാക്കണമെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.

പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചില്ലെന്ന ആരോപണം ശരിയെങ്കില്‍ ജനറല്‍ നരവാനെ എന്തുകൊണ്ട് കോടതിയെ സമീപിച്ചില്ലെന്ന് രാജ്നാഥ് സിംഗ് ചോദിച്ചു. രാഹുല്‍ ഗാന്ധി സഭയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിക്കുകയും സംസാരിക്കാന്‍ അനുമതി നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

ഭരണപക്ഷവും പ്രതിപക്ഷവും നിലപാടുകളില്‍ ഉറച്ചുനിന്നതോടെ സ്പീക്കര്‍ സഭ ഉച്ചയ്ക്ക് മൂന്നു മണിവരെ പിരിച്ചുവിട്ടു.

മൂന്നു മണിക്ക് സഭ പുന:രാരംഭിച്ചപ്പോള്‍, ഇന്ത്യ- ചൈന അതിര്‍ത്തി വിഷയം വീണ്ടും ഉന്നയിക്കാന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചെങ്കിലും ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുണ്ടായി.

സൈന്യത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ രാഹുല്‍ ഗാന്ധി ഒഴിവാക്കണമെന്ന് കിരണ്‍ റിജിജു ആവശ്യപ്പെട്ടു.

നിലവിലെ പ്രതിസന്ധി തുടരുന്നതിനാല്‍, സ്പീക്കര്‍ സഭ നാലു മണിവരെ വീണ്ടും പിരിച്ചുവിട്ടു.

ടി എം സി നേതാക്കളായ മഹുവ മോയ്ത്ര, കല്യാണ്‍ ബാനര്‍ജി, ആര്‍ ജെ ഡി നേതാവ് മനോജ് ഝാ, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ ഈ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചു.