ഹൈഡ്രജന്‍ ബസുകള്‍ ഓടിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ സിയാല്‍

ഹൈഡ്രജന്‍ ബസുകള്‍ ഓടിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ സിയാല്‍


കൊച്ചി: യാത്രക്കാര്‍ക്കായി ഹൈഡ്രജന്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കുന്ന രാജ്യത്തെ ആദ്യ വിമാനത്താവളമാകാന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാല്‍). ഇതിനായി കേരള ഹൈഡ്രജന്‍ വാലി ഇന്നൊവേഷന്‍ ക്ലസ്റ്റര്‍ (K-HVIC) ഫൗണ്ടേഷനും സിയാലും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

സിയാലിലെ 0484 എയറോ ലോഞ്ചില്‍ നടന്ന ചടങ്ങില്‍, കേരള ഹൈഡ്രജന്‍ വാലി ഫൗണ്ടേഷനെ പ്രതിനിധീകരിച്ച് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും സിയാല്‍ ഡയറക്ടറും വ്യവസായ-നിയമ മന്ത്രി അഡ്വ. പി. രാജീവുമാണ് ധാരണാപത്രം കൈമാറിയത്.

കേരള ഹൈഡ്രജന്‍ വാലി പദ്ധതിയുടെ ഭാഗമായി, ദേശീയ ഗ്രീന്‍ ഹൈഡ്രജന്‍ മിഷന്റെ പിന്തുണയോടെ, കൊച്ചി വിമാനത്താവളത്തില്‍ മൂന്ന് ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് ബസുകള്‍ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരും. ഓരോ ബസിനും പരമാവധി 2.90 കോടി രൂപ വീതം, ആകെ 8.7 കോടി രൂപയാണ് പദ്ധതിക്കായി കേരള ഹൈഡ്രജന്‍ വാലി ഫൗണ്ടേഷന്‍ ഘട്ടംഘട്ടമായി നല്‍കുന്നത്.

ഒരു വര്‍ഷത്തിനകം ബസുകള്‍ വാങ്ങാനാണ് ലക്ഷ്യം. ബസുകളുടെ ഉടമസ്ഥാവകാശം സിയാലിനായിരിക്കും. പ്രവര്‍ത്തനച്ചെലവും മറ്റ് ചിലവുകളും സിയാല്‍ വഹിക്കും. സര്‍വീസ് റൂട്ടുകളും പ്രവര്‍ത്തന മാതൃകയും സിയാല്‍ തീരുമാനിക്കും.

ചടങ്ങില്‍ സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്. സുഹാസ് ഐഎഎസ്, കേരള ഹൈഡ്രജന്‍ വാലി ഫൗണ്ടേഷന്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഹര്‍ഷില്‍ ആര്‍. മീന ഐഎഎസ്, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിലെ സീനിയര്‍ ഡയറക്ടര്‍ ഡോ. രഞ്ജിത് കൃഷ്ണ പൈ എന്നിവരും പങ്കെടുത്തു.

പദ്ധതി നടപ്പാകുന്നതോടെ വിമാനത്താവളത്തിലെ യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുമെന്നും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം ശക്തിപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. സിയാലും ബി.പി.സി.എല്ലും ചേര്‍ന്ന് നിര്‍മിച്ച ഗ്രീന്‍ ഹൈഡ്രജന്‍ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങുന്നതോടെ ബസുകള്‍ക്ക് ആവശ്യമായ ഇന്ധനവിതരണവും ഉറപ്പാക്കും. ഹൈഡ്രജന്‍ വിതരണവുമായി ബന്ധപ്പെട്ട നിയമാനുമതികള്‍ ഇതിനകം ലഭിച്ചതിനാല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.