അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇറാന്‍ പ്രസിഡന്റിന്റെ ഉത്തരവ്

അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇറാന്‍ പ്രസിഡന്റിന്റെ ഉത്തരവ്


ടെഹ്‌റാന്‍: അമേരിക്കയുമായി ആണവ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഇറാന്‍ സര്‍ക്കാരിലെ വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ച് ഫാര്‍സ് ന്യൂസ് ഏജന്‍സിയാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ഇറാന്റെ സായുധ സേനയുടെ മൂന്ന് ശാഖകളില്‍ ഒന്നായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സുമായി (ഐ ആര്‍ ജി സി) അടുത്ത ബന്ധമുള്ള ഫാര്‍സ് ന്യൂസ് ഏജന്‍സി ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ ആണവ വിഷയത്തിന്റെ ചട്ടക്കൂടിനുള്ളില്‍ മാത്രമായിരിക്കും നടക്കുകയെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വ്യക്തമാക്കി. ഇതുവരെ ഇറാനും അമേരിക്കയും തമ്മില്‍ അഞ്ച് ഘട്ടങ്ങളിലായി പരോക്ഷ ആണവ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.

അമേരിക്കയുമായുള്ള ഏതു ചര്‍ച്ചകളും ആണവ വിഷയത്തിലേക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്നും ഭീഷണിയുടെ അന്തരീക്ഷമില്ലാതെയാണ് അത് നടത്തേണ്ടതെന്നും ഇറാന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

2025 ജൂണില്‍ ടെഹ്‌റാനും വാഷിംഗ്ടണും തമ്മിലുള്ള ആറാംഘട്ട ചര്‍ച്ചകള്‍ക്ക് മുമ്പാണ് ഇസ്രായേലും അമേരിക്കയും ചേര്‍ന്ന് ഇറാനിലെ ഉന്നത സൈനിക നേതൃത്വത്തെയും ആണവ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് സൈനിക ആക്രമണം നടത്തിയത്. ഇതേത്തുടര്‍ന്ന് ആണവ ചര്‍ച്ചകള്‍ താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടിവന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അമേരിക്കയുമായുള്ള ചര്‍ച്ചകളുടെ ഘടനയെക്കുറിച്ച് ടെഹ്‌റാന്‍ സൂക്ഷ്മമായി പഠനം നടത്തുകയാണെന്നും ഉപരോധങ്ങള്‍ നീക്കുക, ദേശീയ താത്പര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക എന്നിവയിലാണ് പ്രധാന ശ്രദ്ധയെന്നും തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയീല്‍ ബാഖാഈ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, ഭീഷണികള്‍ നയതന്ത്രപ്രക്രിയയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് വ്യക്തമാക്കി. അതേസമയം, ദേശീയ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും പ്രദേശത്തെ സമാധാനവും സുരക്ഷയും നിലനിര്‍ത്തുകയും ചെയ്യുന്നതിന്  നയതന്ത്ര മാര്‍ഗങ്ങളോടുള്ള പ്രതിബദ്ധത ഇറാന്‍ സ്ഥിരമായി പ്രകടിപ്പിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര നടപടികളില്‍ സൂക്ഷ്മതയും സമയബോധവും അനിവാര്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

പ്രാദേശിക രാജ്യങ്ങള്‍ ഇടനിലക്കാരെന്ന നിലയില്‍ അവരുടെ ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്നും സമയത്തിന്റെ പ്രാധാന്യം ഉള്‍പ്പെടെ എല്ലാ ഘടകങ്ങളും ഇറാന്‍ ഗൗരവത്തോടെ വിലയിരുത്തുകയാണെന്നും ബാഖാഈ പറഞ്ഞു.

ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്പ്‌സുമായി ബന്ധപ്പെട്ടിരിക്കുന്ന ഇറാനിലെ അര്‍ധ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് തസ്‌നിം ന്യൂസ് ഏജന്‍സി.