എയര്‍ ഇന്ത്യ ഡ്രീം ലൈനറിന് സാങ്കേതിക തകരാര്‍; ലണ്ടന്‍- ബെംഗളൂരു വിമാനം റദ്ദാക്കി

എയര്‍ ഇന്ത്യ ഡ്രീം ലൈനറിന് സാങ്കേതിക തകരാര്‍; ലണ്ടന്‍- ബെംഗളൂരു വിമാനം റദ്ദാക്കി


ലണ്ടന്‍: ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് ബംഗലുരൂവിലേക്ക് പറക്കാന്‍ തയ്യാറെടുത്ത എയര്‍ ഇന്ത്യയുടെ എ-വണ്‍ 132 ബോയിങ് ഡ്രീംലൈനര്‍ വിമാനത്തില്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് സര്‍വീസ് റദ്ദാക്കി. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചിലാണ് തകരാര്‍ കണ്ടെത്തിയത്. വലിയ ദുരന്തമാണ് ഒഴിവായത്. 

വിമാന എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്തതിന് പിന്നാലെ പൈലറ്റ് ഇന്ധന നിയന്ത്രണ സ്വിച്ചില്‍ തകരാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ഇതോടെയാണ് സുരക്ഷാ നടപടിയുടെ ഭാഗമായി സര്‍വീസ് റദ്ദാക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. 

ഇന്ധന നിയന്ത്രണ സ്വിച്ച് റണ്‍ എന്ന നിലയില്‍ നിന്ന് കട്ട് ഓഫ് എന്ന നിലയിലേക്ക് സ്വയം മാറുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

ബോയിങ് 787-8 വിമാനത്തിന്റെ ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചില്‍ തകരാറുള്ളതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിമാനത്തില്‍ പരിശോധന ആരംഭിച്ചു. അഹമ്മദാബാദില്‍ 271 പേര്‍ക്ക് ജീവന്‍ നഷ്ടമായ ജൂണ്‍ 12ലെ ബോയിങ് ഡ്രീംലൈന്‍ 787 വിമാനാപകടത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ കട്ട് ഓഫ് സ്ഥാനത്ത് കണ്ടെത്തിയിരുന്നു.