'വ്യാപാര കരാറില്‍ ധാരണയായി': ട്രംപും മോഡിയും ഫോണില്‍ സംസാരിച്ചു; ഇന്ത്യയ്ക്കെതിരായ തീരുവ 25 ശതമാനത്തില്‍ നിന്ന് 18ലേക്ക്

'വ്യാപാര കരാറില്‍ ധാരണയായി': ട്രംപും മോഡിയും ഫോണില്‍ സംസാരിച്ചു; ഇന്ത്യയ്ക്കെതിരായ തീരുവ 25 ശതമാനത്തില്‍ നിന്ന് 18ലേക്ക്


വാഷിങ്ടണ്‍/ ന്യൂഡല്‍ഹി: യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ടെലിഫോണില്‍ സംസാരിച്ചതായി യു എസിലെ ഇന്ത്യന്‍ അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. തുടര്‍ന്ന് ട്രംപ് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒരു വ്യാപാര കരാറില്‍ ധാരണയിലെത്തിയതായും ഇന്ത്യയ്ക്കെതിരായ പരസ്പര തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചതായും പ്രഖ്യാപിച്ചു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം തന്റെ ഏറ്റവും നല്ല സുഹൃത്തുകളില്‍ ഒരാളും തന്റെ രാജ്യത്തിന്റെ ശക്തനും ബഹുമാനാര്‍ഹനുമായ നേതാവുമാണെന്നും കുറിച്ച ട്രംപ് വ്യാപാരം ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ തങ്ങള്‍ ചര്‍ച്ച ചെയ്തതായും അറിയിച്ചു. റഷ്യ- യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ചും സംസാരിച്ചതായും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താനും അമേരിക്കയില്‍ നിന്നും സാധ്യതയുണ്ടെങ്കില്‍ വെനിസ്വേലയിലെയും കൂടുതല്‍ എണ്ണ വാങ്ങാനും അദ്ദേഹം സമ്മതിച്ചുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി.

യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ സഹായകരമാകുന്നതാണ് നടപടിയെന്നും പ്രസ്തുത യുദ്ധത്തില്‍ ഇപ്പോഴും ഓരോ ആഴ്ചയും ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയാണെന്നും പ്രധാനമന്ത്രി മോഡിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്തും അദ്ദേഹത്തിന്റെ അഭ്യര്‍ഥന പ്രകാരവും ഉടന്‍ പ്രാബല്യത്തില്‍ വരുന്ന ഇന്ത്യ- അമേരിക്ക വ്യാപാര കരാറില്‍ ധാരണയിലെത്തിയതായും ട്രംപ് അറിയിച്ചു. ഇതിന്റെ ഭാഗമായി അമേരിക്ക ഇന്ത്യയ്ക്കെതിരായ പരസ്പര തീരുവ 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറയ്ക്കും. അതുപോലെ, ഇന്ത്യയും അമേരിക്കയ്ക്കെതിരായ തീരുവകളും തീരുവേതര തടസ്സങ്ങളും കുറയ്ക്കുന്നതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുമെന്നും യു എസ് പ്രസിഡന്റ് വ്യക്തമാക്കി.

മോഡിയും താനും കാര്യങ്ങള്‍ നടപ്പിലാക്കുന്ന ആളുകളാണെന്നും പലര്‍ക്കും അതിനാകാറില്ലെന്നും കുറിക്കാനും ട്രംപ് മറന്നില്ല. 

ഇക്കാര്യം മോഡിയും സ്ഥിരീകരിച്ചു. പ്രധാനമന്ത്രി എക്സില്‍ കുറിച്ചത് തന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി സംസാരിക്കാന്‍ സാധിച്ചത് സന്തോഷകരമാണെന്നും 'മെയ്ഡ് ഇന്‍ ഇന്ത്യ' ഉത്പന്നങ്ങള്‍ക്ക് ഇനി 18 ശതമാനം കുറഞ്ഞ തീരുവ ബാധകമാകുമെന്ന് അറിഞ്ഞത് ഏറെ ആഹ്ലാദകരമാണെന്നും ഈ സുപ്രധാന പ്രഖ്യാപനത്തിന് ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ട്രംപിന് നന്ദിയെന്നുമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യങ്ങളായ രണ്ട് വന്‍ സമ്പദ്വ്യവസ്ഥകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ അത് ജനങ്ങള്‍ക്ക് ഗുണകരമാവുകയും പരസ്പരലാഭകരമായ സഹകരണത്തിനുള്ള വന്‍ അവസരങ്ങള്‍ തുറക്കുകയും ചെയ്യുമെന്നും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിന് നിര്‍ണായക പങ്കുണ്ടെന്നും കൂട്ടിച്ചേര്‍ത്ത മോഡി  സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും പറഞ്ഞു. നമ്മുടെ പങ്കാളിത്തത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ അദ്ദേഹത്തോടൊപ്പം അടുത്ത് പ്രവര്‍ത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രസിഡന്റ് ട്രംപ്, പ്രധാനമന്ത്രി മോഡിയെ തന്റെ അടുത്ത സുഹൃത്തായി കാണുന്നുവെന്ന് താന്‍ പലതവണ പറഞ്ഞിട്ടുണ്ടെന്നും വ്യാപാര കരാര്‍ വാര്‍ത്തയില്‍ അതിയായ സന്തോഷമുണ്ടെന്നും അമേരിക്ക- ഇന്ത്യ ബന്ധത്തിന് അതിരുകളില്ലാത്ത സാധ്യതകളാണുള്ളതെന്നും യു എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.