യുഎസ് അധിക തീരുവയുടെ കരട് പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരികള്‍ ഇടിഞ്ഞു

യുഎസ് അധിക തീരുവയുടെ കരട് പുറത്തുവന്നതോടെ ഇന്ത്യന്‍ ഓഹരികള്‍ ഇടിഞ്ഞു


മുംബൈ: ഇന്ത്യയ്‌ക്കെതിരെ അധിക തീരുവ ചുമത്താനുള്ള കരട് ഉത്തരവ് യുഎസ് പുറത്തുവിട്ടതോടെ നിഫ്റ്റിയും സെന്‍സെക്‌സും ഇടിഞ്ഞു. സെന്‍സെക്‌സ് 849.37 പോയിന്റ് അഥവാ 1.04 ശതമാനം ഇടിഞ്ഞ് 80784.54 ലെവലിലും നിഫ്റ്റി 255.70 പോയിന്റ് അഥവാ 1.02 ശതമാനം ഇടിഞ്ഞ് 24712.05 ലെവലിലുമാണ് ക്ലോസ് ചെയ്തത്.

1167 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2751 ഓഹരികളാണ് ഇടിവ് നേരിട്ടത്. 152 എണ്ണത്തിന്റെ വിലയില്‍ മാറ്റമില്ല. ശ്രീരാം ഫിനാന്‍സ്, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ബജാജ് ഫിനാന്‍സ്, ട്രെന്റ് എന്നീ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടപ്പോള്‍ ഐഷര്‍ മോട്ടോഴ്‌സ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, മാരുതി സുസുക്കി, നെസ്ലെ ഇന്ത്യ, ഐടിസി എന്നിവയാണ് അല്‍പമെങ്കിലും നേട്ടം കുറിച്ചത്.

എഫ്എംസിജി ഒഴികെയുള്ള മേഖല സൂചികകള്‍ പ്രത്യേകിച്ചും പൊതുമേഖല ബാങ്ക്, ലോഹം, ഫാര്‍മ, ഓയില്‍ ആന്റ് ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, റിയാലിറ്റി, ടെലികോം എന്നിവ 12 ശതമാനം ഇടിഞ്ഞു.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.3 ശതമാനവും 1.7 ശതമാനവുമാണ് പൊഴിച്ചത്. യുഎസ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ 25 ശതമാനം അധിക തീരുവ ഓഗസ്റ്റ് 27 നാണ് പ്രാബല്യത്തില്‍ വരുന്നത്.

നേരത്തെ ചുമത്തിയ 25 ശതമാനം ഇതിനകം നടപ്പിലായി.