ടോക്യോ: ആഗോള മത്സരക്ഷമത വീണ്ടെടുക്കുന്നതിനായി ഇരു ബ്രാന്‍ഡുകളും സംയോജിപ്പിച്ച് മുന്നേറുന്നതിനായി ഹോണ്ട മോട്ടോര്‍ കമ്പനിയുമായി ചേര്‍ന്ന് ഒപ്പുവെച്ച കരാറില്‍ നിന്ന് നിസ്സാന്‍ മോട്ടോര്‍ കമ്പനി പിന്മാറിയതായി ബുധനാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ടൈ-അപ്പിന്റെ നിബന്ധനകള്‍ ഇരുകമ്പനികളും ചര്‍ച്ച ചെയ്തുവരികയായിരുന്നു. പരസ്പരം മത്സരിച്ചിരുന്ന ഹോണ്ടയും നിസ്സാനും കരാര്‍ പ്രകാരം ഒന്നായി ചേര്‍ന്നുകൊണ്ട് വിപണിയെ നേരിടാനും 2026 ല്‍ രണ്ട് ബ്രാന്‍ഡുകളെയും ഒരൊറ്റ ഹോള്‍ഡിംഗ് കമ്പനിയുടെ കീഴില്‍ കൊണ്ടുവരുകയും ചെയ്യും.
എന്നാല്‍ ഏഴ് ആഴ്ചയോളം ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രധാനപ്പെട്ട പലകാര്യങ്ങളിലും യോജിപ്പിലോ സമവായത്തിലോ എത്താല്‍ രണ്ടുകമ്പനികള്‍ക്കും കഴിഞ്ഞില്ല. അതോടെ ജപ്പാനിലെ വാഹന വ്യവസായത്തില്‍ പുതുചരിത്രമാകുമായിരുന്ന പങ്കാളിത്ത ശ്രമങ്ങള്‍ക്ക് അവസാനമായി.
കരാര്‍ പരാജയപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ടോക്കിയോ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് നിസാന്റെ ഓഹരികളുടെ വ്യാപാരം നിര്‍ത്തിവച്ചു. ഹോണ്ടയുടെ ഓഹരികള്‍ 12% വരെ ഉയര്‍ന്നപ്പോള്‍ നിസ്സാന്‍ 6.4% വരെ ഇടിഞ്ഞു.
ചര്‍ച്ചകളില്‍ സമവായമില്ല: ഹോണ്ടയുമായി ലയിക്കാനുള്ള കരാറില്‍ നിന്ന് നിസാന്‍ പിന്മാറി