ഇന്ത്യയ്ക്കുമേലുള്ള യുഎസ് താരിഫുകള്‍ അമേരിക്കക്കാരുടെ ചികിത്സകളെ ചെലവേറിയതാക്കും

ഇന്ത്യയ്ക്കുമേലുള്ള യുഎസ് താരിഫുകള്‍ അമേരിക്കക്കാരുടെ ചികിത്സകളെ ചെലവേറിയതാക്കും


വാഷിംഗ്ടണ്‍:  ഡോണാള്‍ഡ് ട്രംപ് മരുന്നുകള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ഇറക്കുമതി ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ അധിക താരിഫുകള്‍ അടുത്ത മാസം(ഏപ്രില്‍) പ്രാബല്യത്തില്‍ വരാനിരിക്കുന്നതിനാല്‍, ഉയര്‍ന്ന മെഡിക്കല്‍ ബില്ലുകളുടെ അധികഭാരം വഹിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് ദശലക്ഷക്കണക്കിന് അമേരിക്കക്കാര്‍.

അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്ക് പ്രതികാരമായി ഏപ്രില്‍ 2 ഓടെ വിദേശ ഇറക്കുമതികള്‍ക്കുള്ള സര്‍ക്കാര്‍ നികുതികളായ താരിഫുകള്‍ ഇന്ത്യയില്‍ ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഒരു വ്യാപാര കരാറില്‍ ഏര്‍പ്പെടുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞയാഴ്ച, ഇന്ത്യന്‍ വാണിജ്യ മന്ത്രി പീയൂഷ് ഗോയലും സംഘവും ചര്‍ച്ചകള്‍ക്കായി യുഎസിലേക്ക് പോയിരുന്നു.
ഔഷധങ്ങള്‍ പോലുള്ള ഇന്ത്യയുടെ നിര്‍ണായക കയറ്റുമതി വ്യവസായങ്ങളില്‍ നികുതി വര്‍ദ്ധനവ് തടയണമെന്ന ലക്ഷ്യത്തോടെയായിരുന്നു ഗോയല്‍ യുഎസിലേക്ക് തിരിച്ചത്.

യുഎസില്‍ എടുക്കുന്ന എല്ലാ ജനറിക് മരുന്നുകളുടെയും പകുതിയോളം ഇന്ത്യയില്‍ നിന്നാണ് വരുന്നത്. യുഎസിലെ 10 കുറിപ്പടികളില്‍ ഒമ്പതെണ്ണവും ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബ്രാന്‍ഡ്‌നെയിം മരുന്നുകളുടെ വിലകുറഞ്ഞ പതിപ്പുകളായ ജനറിക് മരുന്നുകളാണ്.
 
ഈ ജനറിക് മരുന്നുകളുടെ ലഭ്യതയും വിലക്കുറവും വാഷിംഗ്ടണിന്റെ ആരോഗ്യ സംരക്ഷണ ചെലവുകളില്‍ കോടിക്കണക്കിന് ഡോളറിന്റെ ലാഭമാണ് ഉണ്ടാക്കിയിരുന്നത്. 2022ല്‍ മാത്രം, ഇന്ത്യന്‍ ജനറിക്‌സുകളില്‍ നിന്നുള്ള ലാഭം 219 ബില്യണ്‍ ഡോളറിന്റെ അമ്പരപ്പിക്കുന്നതായിരുന്നുവെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ IQVIA നടത്തിയ പഠനത്തില്‍ പറയുന്നു.

ഒരു വ്യാപാര കരാറില്ലെങ്കില്‍, ട്രംപിന്റെ താരിഫുകള്‍ ചില ഇന്ത്യന്‍ ജനറിക്‌സുകളെ ലാഭകരമല്ലാതാക്കുകയും കമ്പനികളെ വിപണിയില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതരാക്കുകയും നിലവിലുള്ള മരുന്നുകളുടെ ക്ഷാമം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

താരിഫുകള്‍ മൂലം ഇന്‍ഷുറന്‍സ് ഇല്ലാത്തവരും ദരിദ്രരും ചെലവുകള്‍ കണക്കാക്കേണ്ടിവരുമെന്നും  'ഡിമാന്‍ഡ് സപ്ലൈ അസന്തുലിതാവസ്ഥ കൂടുതല്‍ വഷളാക്കുമെന്നും യേല്‍ യൂണിവേഴ്‌സിറ്റിയിലെ മരുന്ന് വില വിദഗ്ധയായ ഡോ. മെലിസ ബാര്‍ബര്‍ പറയുന്നു.

വിവിധ ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളുകളില്‍ ഇതിന്റെ ഫലങ്ങള്‍ അനുഭവപ്പെടാം.

യുഎസില്‍ രക്താതിമര്‍ദ്ദത്തിനും മാനസിക രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന 60%ത്തിലധികം മരുന്നുകളും ഇന്ത്യന്‍ നിര്‍മ്മിതമാണെന്ന് ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അലയന്‍സ് (IPA) ധനസഹായം നല്‍കിയ IQVIA പഠനത്തില്‍ പറയുന്നു.

യുഎസില്‍ ഏറ്റവും കൂടുതല്‍ നിര്‍ദ്ദേശിക്കപ്പെടുന്ന ആന്റീഡിപ്രസന്റായ സെര്‍ട്രലൈന്‍, അവശ്യ മരുന്നുകള്‍ക്കായുള്ള ഇന്ത്യന്‍ വിതരണങ്ങളെ അമേരിക്കക്കാര്‍ എത്രമാത്രം ആശ്രയിക്കുന്നു എന്നതിന്റെ ഒരു പ്രധാന ഉദാഹരണമാണ്. അവയില്‍ പലതിനും ഇന്ത്യന്‍ ഇതര കമ്പനികളുടേതിന്റെ പകുതി വിലയേ വരൂ.

'വരാനിരിക്കുന്ന സാഹചര്യത്തില്‍ കടുത്ത ആശങ്കയുണ്ടെന്ന് മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി പോരാടുന്ന ഉപഭോക്തൃ അഭിഭാഷക ഗ്രൂപ്പായ പബ്ലിക് സിറ്റിസണ്‍സിലെ അഭിഭാഷകനായ പീറ്റര്‍ മെയ്ബാര്‍ഡുക് പറയുന്നു. നാല് അമേരിക്കന്‍ രോഗികളില്‍ ഒരാള്‍ക്ക് വീതം അമിത ചെലവ് കാരണം മരുന്നുകള്‍ കഴിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ചൈനീസ് ഇറക്കുമതികള്‍ക്കുള്ള താരിഫ് കാരണം ട്രംപ് ഇതിനകം തന്നെ യുഎസ് ആശുപത്രികളില്‍ നിന്നും ജനറിക് മരുന്ന് നിര്‍മ്മാതാക്കളില്‍ നിന്നും സമ്മര്‍ദ്ദം നേരിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

യുഎസില്‍ വില്‍ക്കുന്ന മരുന്നുകളുടെ 87% അസംസ്‌കൃത വസ്തുക്കളും രാജ്യത്തിന് പുറത്താണ് സ്ഥിതി ചെയ്യുന്നത്, പ്രധാനമായും ആഗോള വിതരണത്തിന്റെ 40% ചൈനയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

ട്രംപ് അധികാരമേറ്റതിനുശേഷം ചൈനീസ് ഇറക്കുമതികള്‍ക്കുള്ള തീരുവ 20% വര്‍ദ്ധിച്ചതിനാല്‍, മരുന്നുകള്‍ക്കുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഇതിനകം വര്‍ദ്ധിച്ചു.

തന്റെ താരിഫുകള്‍ ഒഴിവാക്കാന്‍ കമ്പനികള്‍ ഉല്‍പ്പാദനം യുഎസിലേക്ക് മാറ്റണമെന്നാണ് ട്രംപ് ആഗ്രഹിക്കുന്നത്.

ബ്രാന്‍ഡ് നാമവും പേറ്റന്റ് നേടിയ മരുന്നുകളും വില്‍ക്കുന്ന ഫൈസര്‍, എലി ലില്ലി തുടങ്ങിയ വന്‍കിട ഫാര്‍മ ഭീമന്മാര്‍, ചില ഉല്‍പ്പാദനം അവിടേക്ക് മാറ്റാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കുറഞ്ഞ മൂല്യമുള്ള ജനറിക് മരുന്നുകളുടെ നിര്‍മ്മാതാക്കള്‍ക്ക് ഈ സാമ്പത്തികശാസ്ത്രം ലാഭകരമാകില്ല.

ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കളായ സണ്‍ ഫാര്‍മയുടെ ചെയര്‍മാന്‍ ദിലീപ് ഷാങ്‌വി കഴിഞ്ഞ ആഴ്ച ഒരു വ്യവസായ സമ്മേളനത്തില്‍ പറഞ്ഞത്, തന്റെ കമ്പനി യുഎസില്‍ 1 ഡോളര്‍ മുതല്‍ 5 ഡോളര്‍ വരെ വിലയ്ക്കാണ് ഒരുകുപ്പി ഗുളികകള്‍ വില്‍ക്കുന്നുതെന്നും താരിഫുകള്‍ 'ഉല്‍പ്പാദനം യുഎസിലേക്ക് മാറ്റുന്നതിന് ന്യായീകരണമല്ല' എന്നാണ്.

ഇന്ത്യയിലെ ഉല്‍പ്പാദനം യുഎസിലേതിനേക്കാള്‍ കുറഞ്ഞത് മൂന്നോ നാലോ മടങ്ങ് വിലകുറഞ്ഞതാണെന്ന് ഐപിഎയിലെ സുദര്‍ശന്‍ ജെയിന്‍ പറയുന്നു.

പെട്ടെന്നുള്ള ഏതൊരു സ്ഥലംമാറ്റവും അസാധ്യമായിരിക്കും. ഒരു പുതിയ ഉല്‍പ്പാദന കേന്ദ്രം നിര്‍മ്മിക്കുന്നതിന് 2 ബില്യണ്‍ ഡോളര്‍ വരെ ചിലവാകുമെന്നും അത് പ്രവര്‍ത്തനക്ഷമമാകാന്‍ അഞ്ച് മുതല്‍ 10 വര്‍ഷം വരെ സമയം എടുക്കുമെന്നും ലോബി ഗ്രൂപ്പ് പിഎച്ച്ആര്‍എംഎ പറയുന്നു.

ഇന്ത്യയിലെ പ്രാദേശിക ഫാര്‍മ കമ്പനികള്‍ക്ക്, ട്രംപിന്റെ താരിഫ് തിരിച്ചടി ക്രൂരമായേക്കാം.

ഇന്ത്യയിലെ ഏറ്റവും വലിയ വ്യാവസായിക കയറ്റുമതി ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ നിന്നാണെന്നാണ് വ്യാപാര ഗവേഷണ ഏജന്‍സിയായ ജിടിആര്‍ഐ പറയുന്നത്.

ഇന്ത്യ പ്രതിവര്‍ഷം ഏകദേശം 12.7 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള മരുന്നുകള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നു, ഫലത്തില്‍ നികുതിയൊന്നും നല്‍കുന്നില്ല. എന്നിരുന്നാലും, ഇന്ത്യയിലേക്ക് വരുന്ന യുഎസ് മരുന്നുകള്‍ക്ക് 10.91% തീരുവ അടയ്ക്കുന്നുണ്ട്.

ഇത് 10.9% 'വ്യാപാര വ്യത്യാസം' നല്‍കുന്നു. യുഎസ് പരസ്പര താരിഫുകള്‍ ജനറിക് മരുന്നുകളുടെയും സ്‌പെഷ്യാലിറ്റി മരുന്നുകളുടെയും ചെലവ് വര്‍ദ്ധിപ്പിക്കുമെന്നാണ് ജിടിആര്‍ഐ വ്യക്തമാക്കുന്നത്.

യുഎസ് വിപണിയില്‍ വില വര്‍ദ്ധനവിന് ഏറ്റവും സാധ്യതയുള്ള മേഖലകളില്‍ ഒന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് തന്നെയാണെന്ന് ജിടിആര്‍ഐ പറയുന്നു.

ജനറിക് മരുന്നുകള്‍ കൂടുതലായി വില്‍ക്കുന്ന ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ വളരെ ചെറിയ ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവയ്ക്ക് ഉയര്‍ന്ന നികുതി താങ്ങാന്‍ കഴിയില്ല.

മത്സരിക്കുന്ന സമാന കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ കുറഞ്ഞ വിലയ്ക്കാണ് അവരുടെ  വില്‍പ്പന. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ ഫാര്‍മ വിപണിയായ യുഎസില്‍ ഹൃദയ, മാനസികാരോഗ്യം, ഡെര്‍മറ്റോളജി, വനിതാ ആരോഗ്യ മരുന്നുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്കാണ് സ്ഥിരമായ ആധിപത്യം.

'ചെലവ് കുറയ്ക്കുന്നതിലൂടെ ഞങ്ങള്‍ക്ക് ഒറ്റ അക്ക താരിഫ് വര്‍ദ്ധനവ് നികത്താന്‍ കഴിയും, എന്നാല്‍ വിലയിലെ വര്‍ധനവ് ഉപഭോക്താക്കള്‍ക്ക് കൈമാറേണ്ടിവരും,'- ഒരു പ്രമുഖ ഇന്ത്യന്‍ മരുന്ന് നിര്‍മ്മാതാവിന്റെ ധനകാര്യ മേധാവി ബിബിസിയോട് പറഞ്ഞു.

മിക്ക കമ്പനികളുടെയും വരുമാനത്തിന്റെയും ലാഭത്തിന്റെയും മൂന്നിലൊന്ന് സംഭാവന ചെയ്യുന്ന വടക്കേ അമേരിക്കയാണ് അവരുടെയും ഏറ്റവും വലിയ വരുമാന സ്രോതസ്സ്.
 
'ഇത് ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയാണ്, ഏറ്റവും നിര്‍ണായകവുമാണ്. മറ്റ് വിപണികളിലേക്കുള്ള എക്‌സ്‌പോഷര്‍ വര്‍ദ്ധിപ്പിച്ചാലും, യുഎസ് വിപണിയിലെ ഒരു നഷ്ടവും നികത്താനാകില്ലെന്നും ധനകാര്യ മേധാവി പറഞ്ഞു.
നാല് വര്‍ഷത്തിന് ശേഷം ഇല്ലാതാകാനുള്ള സാധ്യതയുള്ളതിനാല്‍ താരിഫുകള്‍ ആത്യന്തികമായി ബിസിനസുകള്‍ എന്തുചെയ്യണമെന്ന് നിര്‍ണ്ണയിക്കരുതെന്ന് ഇന്ത്യയിലെ മൂന്നാമത്തെ വലിയ മരുന്ന് കമ്പനിയായ സിപ്ലയുടെ സിഇഒ ഉമാങ് വോറ അടുത്തിടെ ഒരു പൊതുസമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ നാല് വര്‍ഷം എന്നത് വളരെ നീണ്ട സമയമാണ്, അത് നിരവധി കമ്പനികളുടെ വളര്‍ച്ചയ്‌ക്കോ തകര്‍ച്ചയ്‌ക്കോ കാരണമായേക്കാം.

ഇതെല്ലാം  ഒഴിവാക്കാന്‍, 'ഇന്ത്യ ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ താരിഫ് കുറയ്ക്കണമെന്നാണ് പരിചയസമ്പന്നനായ മാര്‍ക്കറ്റ് വിദഗ്ദ്ധനായ അജയ് ബഗ്ഗ ബിബിസിയോട് പറഞ്ഞത്. 'ഇന്ത്യയിലേക്കുള്ള യുഎസ് മരുന്ന് കയറ്റുമതി കഷ്ടിച്ച് അര ബില്യണ്‍ ഡോളറാണ്, അതിനാല്‍ ആഘാതം നിസ്സാരമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടുന്ന ഐപിഎ, പരസ്പര ലെവികള്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ യുഎസ് മരുന്ന് കയറ്റുമതിയില്‍ പൂജ്യം തീരുവ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സര്‍ക്കാര്‍ അടുത്തിടെ ബജറ്റില്‍ അടിസ്ഥാന കസ്റ്റംസ് തീരുവയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയ മരുന്നുകളുടെ പട്ടികയില്‍ 36 ജീവന്‍ രക്ഷാ മരുന്നുകള്‍ ചേര്‍ത്തിരുന്നു. തന്റെ സമ്മര്‍ദ്ദത്തിന് ഇന്ത്യവഴങ്ങുന്നു എന്നതിന്റെ സൂചനയായി പ്രസിഡന്റ് ട്രംപ് ഈ നടപടിയെ വിശേഷിപ്പിച്ചിരുന്നു.
താരിഫ് കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചു, അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി ഇതുവരെ പ്രതികരിച്ചിട്ടില്ല, എന്നാല്‍ ജീവിതത്തെയും ഉപജീവനമാര്‍ഗ്ഗത്തെയും ബാധിച്ചേക്കാവുന്ന ഒരു വ്യാപാര കരാറിന്റെ പ്രത്യേകതകള്‍ കാണാന്‍ ഇരു രാജ്യങ്ങളിലെയും ഫാര്‍മ കമ്പനികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

'ഹ്രസ്വകാലത്തേക്ക്, പുതിയ താരിഫുകള്‍ വഴി ചില വേദനകള്‍ ഉണ്ടായേക്കാം, പക്ഷേ ഈ വര്‍ഷം ശരത്കാലത്തോടെ ആദ്യ ഘട്ട (വ്യാപാര) കരാറില്‍ അവര്‍ കാര്യമായ പുരോഗതി കൈവരിക്കുമെന്ന് താന്‍ കരുതുന്നതായി  യുഎസ്ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിലെ മുതിര്‍ന്ന ഉപദേഷ്ടാവ് മാര്‍ക്ക് ലിന്‍സ്‌കോട്ട് ബിബിസിയോട് പറഞ്ഞു, ഫാര്‍മ വിതരണ ശൃംഖലകളിലെ തകര്‍ച്ച ഇരു രാജ്യങ്ങള്‍ക്കും താങ്ങാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.