മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; പണവായ്പ നയം പ്രഖ്യാപിച്ചു.

മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്; പണവായ്പ നയം പ്രഖ്യാപിച്ചു.


ന്യൂഡല്‍ഹി: തുടര്‍ച്ചയായ പത്താം തവണയും മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്. പണവായ്പ നയം പ്രഖ്യാപിച്ചു. ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ?ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.

ചില്ലറ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് തല്‍ക്കാലം പലിശ കുറയ്‌ക്കേണ്ടെന്ന നിലപാടിലേക്ക് ആര്‍ബിഐ എത്തിയത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ അനുമാനം 7.2 % ആയി തുടരും. ഭക്ഷ്യ വിലക്കയറ്റത്തെ തുടര്‍ന്ന് സെപ്റ്റംബറിലെ വിലക്കയറ്റതോത് കൂടാന്‍ സാധ്യതയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25%, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി (എംഎസ്എഫ്), ബാങ്ക് നിരക്ക് എന്നിവ 6.75% ആയി തുടരാനും തീരുമാനിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കാന്‍ കൂടി ന്യൂട്രല്‍ നിലപാട് സ്വീകരിക്കാന്‍ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായും ശക്തികാന്ത ദാസ് അറിയിച്ചു.

നാണയപ്പെരുപ്പം രണ്ടക്കത്തിന് അടുത്തേക്ക് ഉയര്‍ന്നതോടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് കോവിഡ് കാലത്തിന് ശേഷം ആറ് തവണയായി റിപ്പോ നിരക്കില്‍ 2.5 ശതമാനം വര്‍ദ്ധനയാണ് വരുത്തിയത്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ കഴിഞ്ഞ 10 മോണിറ്ററി പോളിസി കമ്മിറ്റി യോഗങ്ങളിലും റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാനാണ് തീരുമാനിച്ചത്. 2023 ഫെബ്രുവരി മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിറുത്തുകയായിരുന്നു.