പശ്ചിമേഷ്യന്‍ പ്രതിസന്ധിഃ വെടിനിര്‍ത്തലിന് ഇറാനുമായി രഹസ്യ ചര്‍ച്ച നടത്തി അമേരിക്കയും അറബ് സഖ്യകക്ഷികളും

പശ്ചിമേഷ്യന്‍ പ്രതിസന്ധിഃ വെടിനിര്‍ത്തലിന് ഇറാനുമായി രഹസ്യ ചര്‍ച്ച നടത്തി അമേരിക്കയും അറബ് സഖ്യകക്ഷികളും


യുഎഇ: പടിഞ്ഞാറന്‍ ഏഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായി യുഎസും ഗള്‍ഫിലെ സഖ്യകക്ഷികളും ഇറാനുമായി രഹസ്യ ചര്‍ച്ചകള്‍ ആരംഭിച്ചു. ഷിയാ രാഷ്ട്രത്തിന് നേരെ ഇസ്രായേല്‍ പ്രത്യാക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സമാധാന ചര്‍ച്ചകള്‍.

 ഗാസ, ലെബനന്‍ എന്നിവയുള്‍പ്പെടെ എല്ലാ മേഖലകളിലും സമഗ്രമായ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്തുന്നതിനായി യുഎസും അറബ് രാജ്യങ്ങളും ടെഹ്‌റാനുമായി ചര്‍ച്ച നടത്തുന്നതായി ഇസ്രായേലിന്റെ ചാനല്‍ 12 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ ഇസ്രായേല്‍ പങ്കെടുത്തിട്ടില്ലെന്നും എന്നാല്‍ മുതിര്‍ന്ന ഇസ്രായേല്‍ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ചാനല്‍ പറയുന്നു. വെടിനിര്‍ത്തല്‍ സംബന്ധിച്ച ചോദ്യത്തില്‍, പ്രത്യേകിച്ച് ഗാസയില്‍, തങ്ങളുടെ നിലപാട് വ്യക്തമാക്കാതെ ഇസ്രായേല്‍ ഇതുവരെ ഈ സംരംഭത്തോട് പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഞങ്ങള്‍ നിലവില്‍ അധികാരസ്ഥാനത്താണ്, അതിര്‍ത്തിക്കടുത്തുള്ള പ്രദേശങ്ങളിലെ എല്ലാ സൈനിക ഹിസ്ബുല്ല സൈറ്റുകളും തകര്‍ക്കുന്നതും ഉള്‍പ്പെടെ, ഞങ്ങളുടെ നിബന്ധനകള്‍ക്കനുസൃതമായി മാത്രമേ വെടിനിര്‍ത്തല്‍ ഉണ്ടാകൂ എന്ന് ഒരു മുതിര്‍ന്ന ഇസ്രായേലി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

വെടിനിര്‍ത്തലിന് പ്രധാന വ്യവസ്ഥകള്‍ പിന്‍വലിച്ച് ഹിസ്ബുല്ല

അതേസമയം, ലെബനനില്‍ വെടിനിര്‍ത്തലിനുള്ള പ്രധാന ആവശ്യം തീവ്രവാദ സംഘം ഉപേക്ഷിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഗാസ മുനമ്പില്‍ സമാധാനം കൈവരിക്കുന്നതുവരെ വെടിനിര്‍ത്തലിന് സമ്മതിക്കില്ലെന്നാണ് ഹിസ്ബുല്ല ഇതുവരെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ചൊവ്വാഴ്ച (ഒക്ടോബര്‍ 8) ഹിസ്ബുല്ലയുടെ ഉപനേതാവ് നയിം ഖാസിം ഒരു പടി പിന്നോട്ട് പോയി. ലെബനന്‍ പാര്‍ലമെന്റ് സ്പീക്കര്‍ നബി ബെറിയുടെ സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നാണ് അദ്ദേഹം ഒടുവില്‍ പറഞ്ഞത്.

'വെടിനിര്‍ത്തല്‍ എന്ന പേരില്‍ ബെറി നയിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു', ഖാസിം പറഞ്ഞു. 'ശത്രു (ഇസ്രായേല്‍) യുദ്ധം തുടരുകയാണെങ്കില്‍, ഫലം യുദ്ധഭൂമി തീരുമാനിക്കും'. ഗാസയെക്കുറിച്ച് ഒരിടത്തും പരാമര്‍ശിക്കാതെയാണ് പ്രസ്താവന.
ഹിസ്ബുല്ലയ്ക്ക് അതിന്റെ വിധി ഗാസയുമായി ബന്ധിപ്പിക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.