നൂറ്റാണ്ടിനിടയിലെ ശക്തമായ കൊടുങ്കാറ്റായി മില്‍ട്ടണ്‍

നൂറ്റാണ്ടിനിടയിലെ ശക്തമായ കൊടുങ്കാറ്റായി മില്‍ട്ടണ്‍


ഫ്‌ളോറിഡ: ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ കൊടുങ്കാറ്റായി മില്‍ട്ടന്‍ ടാംപാ ബേയില്‍ വീശിയടിക്കും. ഫ്‌ളോറിഡയില്‍ വന്‍ ആശങ്കകള്‍ സൃഷ്ടിക്കുന്ന മില്‍ട്ടന്‍ 1921 മുതല്‍ വലിയ ചുഴലിക്കാറ്റ് നേരിട്ട് ബാധിച്ചിട്ടില്ലെന്ന ടാംപാ ബേയുടെ റെക്കോര്‍ഡ് തകര്‍ക്കും. 

3.3 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള ടാംപാ ബേയില്‍ രണ്ടാഴ്ച മുമ്പ് ഹെലന്‍ ആഞ്ഞുവീശിയതിന്റെ ദുരിതങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. അതിനിടയിലാണ് മില്‍ട്ടന്റെ വരവ്. 

ഫ്‌ളോറിഡയുടെ മുഴുവന്‍ പടിഞ്ഞാറന്‍ തീരവും മില്‍ട്ടണ്‍ കൊടുങ്കാറ്റ് മുന്നറിയിപ്പിന് കീഴിലാണ്. മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

മില്‍ട്ടണ്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് ഉള്‍ക്കടല്‍ തീരത്തുള്ള എല്ലാ ബീച്ച് കമ്മ്യൂണിറ്റികള്‍ക്കും പലായന ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മില്‍ട്ടണ്‍ കരയിലേക്ക് കടക്കുന്നതിലൂടെ അത്യന്തം അപകടകരമായ ചുഴലിക്കാറ്റായി തുടരുമെന്ന് പ്രവചിക്കപ്പെടുന്നു. അതോടൊപ്പം മധ്യ ഫ്‌ളോറിഡയിലൂടെ അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് നീങ്ങുമ്പോള്‍ 20 സെന്റീമീറ്റര്‍ വരെ മഴ പെയ്യാനും കാരണമാകും. വൈദ്യുതി മുടക്കം ഉള്‍പ്പെടെയുള്ള വിനാശകരമായ നാശനഷ്ടങ്ങളായിരിക്കും സംഭവിക്കുക.