ആനിരാജയെ നിയന്ത്രിക്കണമെന്ന് സി പി ഐ സംസ്ഥാന നേതൃത്വം

ആനിരാജയെ നിയന്ത്രിക്കണമെന്ന് സി പി ഐ സംസ്ഥാന നേതൃത്വം


തിരുവനന്തപുരം: കേരളത്തിലെ കാര്യങ്ങളില്‍ ആനി രാജ അഭിപ്രായം പറയേണ്ടതില്ലെന്ന് സി പി ഐ. ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചു. ആനി രാജയെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടാണ് ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് കത്തയച്ചിരിക്കുന്നത്.

കാനം രാജേന്ദ്രന്റെ കാലത്തു തന്നെ സി പി ഐ സംസ്ഥാന നേതൃത്വത്തിന് ആനി രാജയോട് അകലമുണ്ടായിരുന്നു. ദേശീയ സെക്രട്ടേറിയറ്റ് അംഗമായ ആനി രാജ നടത്തുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ പലപ്പോഴും സംസ്ഥാന നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരത്തിനെത്തി മടങ്ങിയതിന് പിന്നാലെ ആനി രാജയുടേതായി തുടര്‍ച്ചയായി വന്ന പ്രതികരണങ്ങള്‍ അതിരു കടന്നെന്ന വിലയിരുത്തല്‍ സംസ്ഥാന നേതൃയോഗങ്ങളില്‍ ഉയര്‍ന്നിരുന്നു.

രഞ്ജിത്തിന്റേയും മുകേഷിന്റേയും രാജി വിഷയത്തിലും എ ഡി ജി പിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിലും ആനി രാജയുടെ പ്രതികരണങ്ങള്‍ ബിനോയ് വിശ്വത്തിന് എതിരായിരുന്നു. പിന്നാലെ ആനി രാജയെ തള്ളിപ്പറഞ്ഞ് ബിനോയ് വിശ്വവും രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന നേതൃത്വം കത്തയച്ചത്.