അടിയന്തര ലാന്‍ഡിംഗിനിടെ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു

അടിയന്തര ലാന്‍ഡിംഗിനിടെ ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തിന് തീപിടിച്ചു


ന്യൂയോര്‍ക്ക്: പറക്കുമ്പോള്‍ പുക കണ്ടെത്തിയതിനെതുടര്‍ന്ന് അടിയന്തരലാന്‍ഡിംഗ് നടത്തുന്നതിനിടയില്‍ വിമാനത്തിന് തീപിടിച്ചു.

സാന്‍ ഡീഗോയില്‍ നിന്ന് ലാസ് വെഗാസിലേക്ക് പോവുകയായിരുന്ന ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് വിമാനത്തിനാണ് ലാസ് വെഗാസ് വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിനിടെ  തീപിടിച്ചത്. യാത്രക്കിടെ പുക കണ്ടെത്തിയതിനെ തുടര്‍ന്ന് അടിയന്തര ലാന്‍ഡിങ് നടത്തുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന 190 യാത്രക്കാരെയും ഏഴ് ജീവനക്കാരെയും എയര്‍സ്റ്റെയര്‍ ഉപയോഗിച്ച് സുരക്ഷിതമായി താഴെയിറക്കിയെന്നും ഇതുവരെ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വിമാനത്തില്‍ നിന്നും ഇറക്കിയ യാത്രക്കാരെ പിന്നീട് ടെര്‍മിനലിലേക്ക് മാറ്റി.

വിമാനം ഇറങ്ങിയ ഉടന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനാംഗങ്ങള്‍ തീയണക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു.
തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്ന് ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് അറിയിച്ചു. അധികൃതര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതിനെത്തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ശനിയാഴ്ച വൈകീട്ട് ഏഴുമണിവരെ ഗ്രൗണ്ട് സ്റ്റോപ്പ് ഏര്‍പ്പെടുത്തി. സംഭവത്തില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്എഎ) അന്വേഷണം തുടരുകയാണ്.